ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം: ഏകദിന പരമ്പരയും ഇന്ത്യക്ക്
കാന്‍ഡി: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം പിടിച്ച് ഇന്ത്യ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് വിജയിച്ചാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-0ത്തിന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ പോരാട്ടം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ 29 പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
ഓപണര്‍ രോഹിത് ശര്‍മ നേടിയ സെഞ്ച്വറിയുടേയും (പുറത്താകാതെ 124), മുന്‍ നായകന് ധോണിയുടെ അര്‍ധ സെഞ്ച്വറിയുടേയും (പുറത്താകാതെ 67) മികവിലാണ് ഇന്ത്യ വിജയ തീരമണഞ്ഞത്. രണ്ട് സിക്സും 16 ഫോറും പറത്തി 145 പന്തില്‍ നിന്നാണ് രോഹിത് 124 റണ്‍സെടുത്തത്. താരത്തിന്റെ 12ാം ഏകദിന ശതകമാണിത്. ധോണി നാല് ഫോറും ഒരു സിക്സും പറത്തി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 157 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന് (അഞ്ച്), കോഹ്ലി (മൂന്ന്), രാഹുല്‍ (17), ജാദവ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ധനഞ്ജയ തിളങ്ങി.
ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായി ജസ്പ്രീത് ബുമ്റ തിളങ്ങിയപ്പോള്‍ ലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നു. ബുമ്റയുടെ മാരക സ്പെല്ലിന് മുന്നില്‍ അവര്‍ക്ക് മറുപടിയില്ലാതെ പോയി. 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 27 റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്റ അഞ്ച് വിക്കറ്റുകള്‍ പിഴുതത്. 80 റണ്‍സെടുത്ത തിരിമന്നെയുടെ ബാറ്റിങാണ് പൊരുതാവുന്ന സ്കോറിലേക്ക് ലങ്കയെ നയിച്ചത്. ചാന്‍ഡിമല്‍ (36), സിരിവര്‍ദന (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."