സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിച്ചു; ചെട്ട്യാലത്തൂര്‍ ഗ്രാമം കാടിന് പുറത്തേക്ക്
കല്‍പ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചിലുള്ള ചെട്ട്യാലത്തൂര്‍ ഗ്രാമത്തിലും സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി എട്ട് കോടി രൂപ അനുവദിച്ചതാണ് പദ്ധതി നടത്തിപ്പിനു വഴിയൊരുക്കിയത്. കേന്ദ്ര വിഹിതമായി 11 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു.
സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പദ്ധതിയനുസരിച്ചാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടത്തിപ്പിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഫണ്ട് അനുവദിക്കുന്നത്. ചെട്ട്യാലത്തൂരിലുള്ളതില്‍ 68 യോഗ്യതാ കുടുംബങ്ങളെയാണ് തുടക്കത്തില്‍ വനത്തിന് പുറത്തേക്ക് മാറ്റുക. ഈ കുടുംബങ്ങള്‍ക്ക് ആദ്യ ഗഡുവായി ആറ് ലക്ഷം രൂപ വീതം നല്‍കാന്‍ കഴിഞ്ഞദിവസം ബത്തേരിയില്‍ ചേര്‍ന്ന ജില്ലാതല ഇംപ്ലിമെന്റിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
ജില്ലാ കലക്ടറാണ് ഇംപ്ലിമെന്റിങ് കമ്മിറ്റി ചെയര്‍മാന്‍. സെക്രട്ടറി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനും. കുറിച്യാട് ഗ്രാമത്തിലെ 38 കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡുവായി നാല് ലക്ഷം രൂപ വീതം നല്‍കാനും യോഗം തീരുമാനിച്ചു.
വന്യജീവി സങ്കേതത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 14 വനഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളതാണ് ചെട്ട്യാലത്തൂര്‍. വന്യജീവി-മനുഷ്യ സംഘര്‍ഷത്തിന് കുപ്രസിദ്ധവുമാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍പ്പെട്ട ഈ ഗ്രാമം. വനം-വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് ചെട്ടി, ആദിവാസി വിഭാഗങ്ങിലായി 265 യോഗ്യതാകുടുംബങ്ങളാണ് ഗ്രാമത്തില്‍. കൂടുതല്‍ ഭൂമി കൈവശമുള്ള ആറ് കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ പദ്ധതി ഗുണഭോക്താക്കളായി വനത്തിനു പുറത്തേക്ക് മാറുന്നതിനുള്ള സന്നദ്ധത അധികാരികളെ അറിയിച്ചിരുന്നു.
ഒരു യോഗ്യതാ കുടുംബത്തിന് കൈവശഭൂമിയുടെ വിസ്തീര്‍ണം കണക്കിലെടുക്കാതെ 10 ലക്ഷം രൂപയാണ് പദ്ധതിയില്‍ അനുവദിക്കുന്നത്.വയനാട് വന്യജീവി സങ്കേതത്തില്‍ 2011ലാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് തുടക്കമായത്. വന്യജീവിശല്യം മൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങളും സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെയും പരിസ്ഥിതി സംഘടനകളുടെയും നിരന്തര പരിശ്രമവുമാണ് ഇത് സാധ്യമാക്കിയത്.
കുറിച്യാട് റെയ്ഞ്ചിലെ ഗോളൂര്‍, കുറിച്യാട്, അമ്മവയല്‍, ബത്തേരി റെയ്ഞ്ചിലെ അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, മുത്തങ്ങ റെയ്ഞ്ചിലെ പങ്കളം, കോളോട്, ചെട്ട്യാലത്തൂര്‍, തോല്‍പ്പെട്ടി റെയ്ഞ്ചിലെ നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളെയാണ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയത്. ഈ ഗ്രാമങ്ങളിലായി 360 വീട്ടുകാരും 123 കൈവശക്കാരുമാണ് ഉള്ളത്. 880 ആണ് യോഗ്യതാ കുടുംബങ്ങളുടെ എണ്ണം. പദ്ധതിയില്‍ ഗോളൂര്‍, അമ്മവയല്‍, കുറിച്യാട്, കൊട്ടങ്കര, അരകുഞ്ചി ഗ്രാമങ്ങളിലെ കുടുംബങ്ങളെയാണ് ഇതിനകം വനത്തിനു പുറത്തേക്ക് മാറ്റിയത്. നരിമാന്തികൊല്ലി,വെള്ളക്കോട്, ഈശ്വരന്‍കൊല്ലി എന്നിവിടങ്ങളില്‍ പദ്ധതി നടത്തിപ്പ് പുരോഗതിയിലാണ്.
ചെട്ട്യാലത്തൂരില്‍ പട്ടയം ഉള്ളതടക്കം ഏകദേശം 300 ഏക്കര്‍ ഭൂമിയാണ് ചെട്ടി, ആദിവാസി കുടുംബങ്ങളുടെ കൈവശം. പണിയര്‍, കാട്ടുനായ്ക്കര്‍, മുള്ളുവക്കുറുമ്മര്‍ എന്നീ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 77 കുടുംബങ്ങളാണ് ഗ്രാമത്തില്‍. മുഴുവന്‍ കുടുംബങ്ങളും ചെട്യാലത്തൂര്‍ വിടുന്നതോടെ ഈ ഭൂമിയത്രയും വനമായി മാറും. ഇത് സമീപപ്രദേശങ്ങളില്‍ വന്യജീവിശല്യം കുറയുന്നതിനു സഹായകമാകും.ചെട്ട്യാലത്തൂരിലെ കുടുംബങ്ങളെ വനത്തില്‍നിന്നു മാറ്റുന്ന പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. പരിസ്ഥിതി പ്രവര്‍ത്തകരുടെയും വന്യജീവികേന്ദ്രം കര്‍ഷകക്ഷേമസമിതിയുടെയും ഇടപെടലുകളാണ് അട്ടിമറി നീക്കം തകര്‍ത്തത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സംസ്ഥാന വനം-വന്യജീവി വകുപ്പ് തയാറാക്കിയതാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി. വന്യജീവി സങ്കേതത്തിലെ നാല് റെയ്ഞ്ചുകളിലായി 110 ജനവാസകേന്ദ്രങ്ങളാണ് ഉള്ളത്. 3000നടുത്താണ് കുടുംബങ്ങളുടെ എണ്ണം. പതിറ്റാണ്ടുകള്‍ മുന്‍പ് ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഭൂമി പാട്ടത്തിനു നല്‍കി വനത്തില്‍ കുടിയിരുത്തിയ കുടുംബങ്ങളുടെ പിന്‍മുറക്കാരാണ് ഇതില്‍ അധികവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."