എം.ജി വൈസ് ചാന്‍സലറെ ഹൈക്കോടതി ശാസിച്ചു
കൊച്ചി: ഉത്തരവ് പാലിക്കാത്ത എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണി, ഫിനാന്‍സ് ഓഫിസര്‍ എബ്രഹാം പുതുമന എന്നിവര്‍ ഇന്നലെ 1.45 മുതല്‍ വൈകിട്ട് 4.30 ന് കോടതി പിരിയും വരെ കോടതി മുറിക്കുള്ളില്‍ നില്‍ക്കാനും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വി.സി നിരുപാധികം മാപ്പു പറഞ്ഞ അവസരത്തിലാണ് ഇവര്‍ക്കെതിരായ നടപടികള്‍ കോടതി അവസാനിപ്പിച്ചത്.
കരാര്‍ അധ്യാപകര്‍ക്ക് വേതനം നല്‍കുന്നത് സംബന്ധിച്ച ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ സര്‍വകലാശാല വി.സി, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫിസര്‍ എന്നിവര്‍ ഓഗസ്റ്റ് 29 ന് രാവിലെ 10.15 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് 21 ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ കോടതിയില്‍ ഹാജരായില്ല. ഉച്ചക്ക് ശേഷം 1.45 ന് ഇവര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നു ഇന്നലെ ഉച്ചക്ക് 1.45 ന് മൂവരും ഹാജരായി. ഹൈക്കോടതിയുടെ ഉത്തരവു പാലിക്കാനുള്ള നിര്‍ദേശം ലംഘിച്ചതും രാവിലെ ഹാജരാകാനുള്ള നിര്‍ദേശം അവഗണിച്ചതും കടുത്ത ധിക്കാരമാണെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
രാവിലെ ഹാജരാകണമെന്ന നിര്‍ദേശം പാലിക്കാതെ ഹൈക്കോടതിയെ അപമാനിക്കുകയല്ലേ ചെയ്തതെന്നും കോടതി ചോദിച്ചു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് രാവിലെ ഹാജരാകാതിരുന്നതെന്ന് രജിസ്ട്രാര്‍ വിശദീകരിച്ചെങ്കിലും അക്കാര്യം ചൂണ്ടിക്കാട്ടി ഹരജി മാറ്റാന്‍ അപേക്ഷ നല്‍കിയോ എന്നായി കോടതി. തുടര്‍ന്ന് മൂവരും കോടിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. എം.ജി സര്‍വകലാശാല നടത്തുന്ന സ്വാശ്രയ കേന്ദ്രങ്ങളിലെ കരാര്‍ അധ്യാപകര്‍ക്ക് സ്ഥിര നിയമനം ലഭിച്ചവര്‍ക്കു തുല്യമായ വേതനവും ആനുകൂല്യവും നല്‍കാനുള്ള ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."