സ്വാശ്രയം: മുഖ്യമന്ത്രിക്ക് മുന്നില്‍ പരാതിയുമായി മന്ത്രി കെ.കെ ശൈലജ: സര്‍ക്കാരിനെ കുരുക്കിയ ആരോഗ്യവകുപ്പ് സെക്രട്ടറിയെ മാറ്റും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുരുക്കില്‍പ്പെടുത്തി പ്രതിരോധത്തിലാക്കിയ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ സ്ഥാനത്തുനിന്നു മാറ്റിയേക്കും.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി കെ.കെ ശൈലജ രാജീവ് സദാനന്ദനെ മാറ്റണമെന്ന് ആവശ്യപ്പെടും. പല കാര്യങ്ങളിലും മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി സ്വീകരിക്കുന്നതെന്നു മന്ത്രി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിരുന്നു.
സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടിയിട്ടും അതു സംബന്ധിച്ച് തെറ്റായ കണക്കുകളാണ് തനിയ്ക്ക് തന്നതെന്നും മന്ത്രി പരാതിപ്പെട്ടിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജ് ലോബികള്‍ക്ക് ഒത്താശ ചെയ്യാന്‍ രാജീവ് സദാനന്ദന്‍ നിരവധി ഉത്തരവുകളിറക്കിയെന്നും മന്ത്രിക്ക് പരാതിയുണ്ട്. തെറ്റായ ഓര്‍ഡിനന്‍സ് തന്നെ ഇറക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു വകുപ്പ് സെക്രട്ടറിയുടെ ലക്ഷ്യമെന്നും ശൈലജ കുറ്റപ്പെടുത്തുന്നു.
ന്യൂനപക്ഷ ക്വോട്ടയില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനായി ശുപാര്‍ശ ചെയ്യാന്‍ സമുദായ സംഘടനകള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിച്ചിട്ടും കൊല്ലം അസീസിയ മെഡിക്കല്‍ കോളജിനു വേണ്ടി വീണ്ടും ഉത്തരവിറക്കിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോടതിയിലെത്താന്‍ അവസരമൊരുക്കിയത് ആരോഗ്യ സെക്രട്ടറിയുടെ ധാര്‍ഷ്ട്യമാണെന്നും മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. സ്വാശ്രയ കോളജ് മാനേജ്‌മെന്റുമായി നടന്ന ആദ്യ രണ്ടു ചര്‍ച്ചകളില്‍ സമവായ സാധ്യത കൈവിട്ടു. 100 ശതമാനം സീറ്റും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനാല്‍ ഏകീകൃത ഫീസാവുമെന്ന് ഉറപ്പായിരുന്നിട്ടും നാല് തരം ഫീസിനായിരുന്നു ആരോഗ്യ സെക്രട്ടറി തിടുക്കം കാട്ടിയത്.
8.50 മുതല്‍ ഒന്‍പത് ലക്ഷം വരെയായിരുന്നു മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ട ഫീസ്. ഇതനുവദിച്ചാല്‍ 10 ശതമാനം ബി.പി.എല്ലുകാരെ സൗജന്യമായി പഠിപ്പിക്കാമെന്ന കോളജുകളുടെ വാഗ്ദാനം സെക്രട്ടറി തള്ളിക്കളഞ്ഞു. ആറ് ലക്ഷം ഫീസ് വേണമെങ്കില്‍ സ്വീകരിക്കൂ, അല്ലെങ്കില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തില്ല എന്ന പുച്ഛഭാവമായിരുന്നു സെക്രട്ടറിക്കെന്നും ഇതാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കാന്‍ ഇടയാക്കിയതെന്നും മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ തെറ്റായ വിവരമാണ് നല്‍കിയത്. തന്റെ ഓഫിസില്‍ ഈ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറിയും വ്യക്തമായ വിവരം നല്‍കിയിരുന്നില്ലെന്നും മന്ത്രി പരാതിപ്പെട്ടിട്ടുണ്ട്.
സ്വാശ്രയ വിഷയത്തില്‍ ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് എതിരായാണ് ആരോഗ്യ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പാര്‍ട്ടിയെയും ധരിപ്പിച്ചിട്ടുണ്ട്. അധികാരത്തിലേറി ആറു മാസത്തിനുള്ളില്‍ ജനകീയ ആരോഗ്യ നയം പ്രഖ്യാപിക്കാന്‍ കഴിയാത്തതിലും ആരോഗ്യ സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 2019 വരെ സര്‍വിസുള്ള രാജീവ് സദാന്ദനെ കുറിച്ച് നേരത്തെത്തന്നെ പരാതികളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ആരോഗ്യ സര്‍വേകളില്‍ സെക്രട്ടറിക്ക് സ്വാര്‍ഥ താല്‍പര്യമുണ്ടെന്ന പരാതിയും ഉയര്‍ന്നിരുന്നു.
രാജീവ് സദാനന്ദനൊപ്പം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ സുധീര്‍ ബാബുവിനെയും മാറ്റിയേക്കും. വകുപ്പിലെ പ്രധാന ഫയലുകള്‍ വിശദമായി പരിശോധിച്ച് സര്‍ക്കാര്‍ താല്‍പര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും വീഴ്ച വരുത്തിയതിനാണ് സുധീര്‍ ബാബുവിനെതിരായ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."