കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് പി.ബി
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടുമായി സി.പി.എം പൊളിറ്റ് ബ്യൂറോ. കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടിലായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ മുന്‍ ജന.സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള ചിലര്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനം അപൂര്‍വമായാണ് പി.ബിയില്‍ തള്ളുന്നത്.
മുഖ്യശത്രു ബി.ജെ.പിയോ കോണ്‍ഗ്രസോ ആണെന്നായിരുന്നു സി.പി.എമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം. കഴിഞ്ഞമാസം ചേര്‍ന്ന പി.ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നെങ്കിലും മുഖ്യശത്രുവാരെന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തീരുമാനാമാവാതെ പിരിയുകയായിരുന്നു. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ തുടങ്ങിയ ചര്‍ച്ചയും തര്‍ക്കവും തന്നെയാണ് ഇക്കാര്യത്തില്‍ സി.പി.എമ്മിനകത്ത് ഇപ്പോഴുമുള്ളത്.
കോണ്‍ഗ്രസുമായി ധാരണയും സഹകരണവും വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങിയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന നിലപാട് കൈകൊണ്ടത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അടവു നയത്തില്‍ മാറ്റം വരുത്തണമെന്നും കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലെത്തണമെന്നുമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. യെച്ചൂരി പക്ഷത്തെ ബംഗാള്‍ ഘടകം പിന്തുണയ്ക്കുമ്പോള്‍, കോണ്‍ഗ്രസ് മുഖ്യശത്രുവായ കേരളത്തില്‍ സംസ്ഥാന ഘടകം കാരാട്ടിനൊപ്പമാണ്.
പി.ബിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റിയില്‍ വയ്ക്കും. സീതാറാം യെച്ചൂരിയുടെ നിലപാടും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. ഈ മാസം 14നാണ് കേന്ദ്രകമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."