പൊലിസ് സ്റ്റേഷന്റെ ചുമതല ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 196 പൊലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 8 പൊലിസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ എസ്.എച്ച്.ഒ.മാരായുണ്ട്.
സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഒന്നിച്ച് 196 സ്റ്റേഷനുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കുന്നത്.
ഇപ്പോള്‍ സബ് ഇന്‍സ്‌പെക്റ്റര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുളള സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും.
ആകെയുളള 471 സ്റ്റേഷനുകളില്‍ 357 എണ്ണത്തില്‍ സബ് ഇന്‍സ്‌പെക്റ്റര്‍ തസ്തികയിലുളള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരില്‍തന്നെ 302 സബ് ഇന്‍സ്‌പെക്റ്റര്‍മാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുളളവരാണ്. അതിനാല്‍ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അവര്‍ക്ക് ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കാന്‍ കഴിയും.
ഒരു എസ്.ഐ. മാത്രമുളള 13 പൊലിസ് സ്റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്.ഐമാരുളള സ്റ്റേഷനുകളില്‍നിന്നും 13 പേരെ പുനര്‍വിന്യസിച്ച് നിയമിക്കാന്‍ തീരുമാനിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
- സോളാര്‍ പാര്‍ക് നിര്‍മിക്കുന്നതിന് കാസര്‍കോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ 250 ഏക്കര്‍ ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപപാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭാനുമതി നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയില്‍ സോളാര്‍ പാര്‍ക്! മാത്രമേ നിര്‍മിക്കാവു എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നത്.
- കെ.എസ്.ഇ.ബിയുടെ പ്രസരണ സംവിധാനത്തിന്റെ വോള്‍ട്ടേജ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈന്‍സ് പാക്കേജ്, ഉത്തരമേഖല എച്ച്.റ്റി.എല്‍.എസ് പാക്കേജ് എന്നീ പ്രവൃത്തികള്‍ കരാറുകാരെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഏറനാട് ലൈന്‍സ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്. ട്രാന്‍സ്ഗ്രിഡ് പദ്ധതി 2021 മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
- ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്ത് നാല്പത് വര്‍ഷത്തിലേറെയായി താമസിച്ച് കൃഷി ചെയ്തുവരുന്ന കുടുംബങ്ങള്‍ക്ക് ജലവൈദ്യുതപദ്ധതി പ്രദേശത്തുനിന്ന് മൂന്നു ചെയിന്‍ വിട്ടുളള സ്ഥലത്ത് പട്ടയം നല്‍കാന്‍ തീരുമാനിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുളള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉപകേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. - കേരള സ്റ്റേറ്റ് ഐറ്റി ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററായി എം.ജി. രാജമാണിക്യത്തെ നിയമിക്കാന്‍ തീരുമാനിച്ചു. നേരത്തെ കെ.എസ്.ആര്‍.റ്റി.സിയുടെ എം.ഡിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."