ബി.ജെ.പി മന്ത്രിമാരുടെ അഴിമതി വെളിപ്പെടുത്തി ശിവസേന
മുംബൈ: ഭിന്നത രൂക്ഷമാക്കി ബി.ജെ.പി-ശിവസേന നേതാക്കള്‍ തമ്മിലുള്ള പോര് ശക്തമായി. രണ്ടുതോണിയില്‍ കാല് വച്ചുള്ള ഡബിള്‍റോള്‍ കളി ശിവസേന നടത്തരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചതിന് മറുപടിയുമായി ഇന്നലെ അഴിമതി നടത്തിയ മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പട്ടിക പുറത്തിറക്കിയാണ് ശിവസേന തിരിച്ചടിച്ചത്.
ഇന്നലെ ശിവസേന ആസ്ഥാനമായ മാതോശ്രീയിലാണ് അഴിമതിക്കാരായ ബി.ജെ.പി മന്ത്രിമാരുടെ പട്ടിക ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പുറത്തുവിട്ടത്. മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ ഏക്നാഥ് ഖഡ്സെ, ഭക്ഷ്യമന്ത്രി ഗിരീഷ് മഹാജന്, മറ്റ് മന്ത്രിമാരായ വിഷ്ണു സാവര, പ്രവീണ്‍ ദരേക്കര്, ജയകുമാര്‍ റാവല്‍, ചന്ദ്ര ശേഖര്‍ ഭാവന്‍കുലെ, രജിത് പാട്ടീല്‍, സാംബാജി പാട്ടില്‍ നിലാങ്കര്,വിനോദ് താവഡെ എന്നിവരുടെയും പേരുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ പട്ടികയാണ് പുറത്തുവിട്ടത്.
ഭൂമി കൈയേറ്റത്തിന് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഏക്നാഥ് ഖഡ്സെയും അനധികൃതമായി സ്കൂളുകള്‍ അനുവദിച്ചതിന് വിദ്യാഭ്യാസ മന്ത്രി വിനോദ് താവഡെയും പരിപ്പ് വാങ്ങിയതില്‍ അഴിമതി നടത്തിയ ഭക്ഷ്യമന്ത്രി ഗിരീഷ് മഹാജനും പ്രതികളാണെന്ന് ലഘുലേഖയില്‍ പറയുന്നു. മൊത്തം ഏഴ് മന്ത്രിമാരാണ് അഴിമതി നടത്തിയവരെന്നാണ് ശിവസേന പറയുന്നത്.
ശിവസേന ഭരിക്കുന്ന മുനിസിപ്പല്‍ കോര്പറേഷന് കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന കമ്പനികള്‍ക്ക് ബി.ജെ.പി കരാര്‍ നല്കിയതും അഴിമതിയായി കണക്കാക്കാമെന്നും പട്ടികയില്‍ പറയുന്നുണ്ട്.
വാജ്പെയ് സര്‍ക്കാരിന്റെ കാലത്തെ ശവപ്പെട്ടി തട്ടിപ്പ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ എന്നിവരുടെ പേരിലെ അഴിമതിയും ചൂണ്ടിക്കാട്ടുന്നുണ്ട്. അഴിമതി പട്ടിക പുറത്തുവിട്ടതോടെ മഹാരാഷ്ട്രയിലും കേന്ദ്രത്തിലും സഖ്യത്തിലുള്ള ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. അതേസമയം അഴിമതി സംബന്ധിച്ച കാര്യങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തി അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി മുന്നണി വിടാനുള്ള നീക്കത്തിലാണ് ശിവസേനയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."