2019 വിഷുദിനത്തില്‍ ജലമെട്രോ നീറ്റിലിറങ്ങും
കൊച്ചി: കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ ജലമെട്രോ 2019 ഏപ്രില്‍ 14 വിഷുദിനത്തില്‍ സര്‍വിസ് ആരംഭിക്കുമെന്ന് കെ.എം.ആര്.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ്.
മട്ടാഞ്ചേരി-ഫോര്‍ട്ടു കൊച്ചി- എറണാകുളം റൂട്ടിലായിരിക്കും ആദ്യ സര്‍വിസ്. സ്മാര്‍ട്ട്സിറ്റിയുമായി ബന്ധപ്പെടുത്തിയായിരിക്കും ആദ്യ റൂട്ട്.
30 ജെട്ടികളും 76 ബോട്ടുകളുമായിരിക്കും ജലമെട്രോയുടെ ഭാഗമാകുക.78 കിലോമീറ്റര്‍ ദൂരത്തില്‍ 15 റൂട്ടുകളിലായിരിക്കും ബോട്ടുകള്‍ സര്‍വിസ് നടത്തുക.
ബോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 31നകം ആഗോള ടെന്‍ഡര്‍ വിളിക്കും. ഫോര്‍ട്ടുകൊച്ചി, വൈറ്റില ജെട്ടികളുടെ രൂപരേഖ ആര്കിടെക്ടുമാരുടെ മത്സരത്തിലൂടെ തീരുമാനിച്ചുകഴിഞ്ഞു. ഭൂമി കിട്ടുന്ന മുറക്ക് ബോട്ടുജെട്ടികളുടെ നിര്‍മാണം തുടങ്ങും. ജര്‍മന്‍ ഏജന്‍സിയായ കെ.എഫ്.ഡബ്ല്യു പദ്ധതിക്കാവശ്യമായ 585 കോടി രൂപ ധനസഹായം നല്‍കും. ജര്‍മന്‍ ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയ്ക്ക്ശേഷമാണ് കെ.എം.ആര്.എല്‍ എം.ഡി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. കൊച്ചി മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലും ട്രെയിനിലും പരസ്യങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായും എം.ഡി പറഞ്ഞു.
ട്രെയിനുകള്‍ക്കുള്ളിലും ടിക്കറ്റിന് പിറകിലും പരസ്യം നല്‍കാനുള്ള സാഹചര്യം ഒരുക്കും. കൊച്ചി മെട്രോയുടെ മറ്റ് അനുബന്ധ പദ്ധതികളായ മെട്രോ സിറ്റി, മെട്രോ വില്ലേജ് എന്നിവ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ടാണ് നീണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."