ബഹ്‌റൈനില്‍ കേരളീയ സമാജം ഒരുക്കിയ രാഷ്ട്രനേതാക്കളുടെ കൂറ്റന്‍ കൊളാഷ് ശ്രദ്ധേയമായി
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം മനാമയിലെ സംഘടനാ ആസ്ഥാനത്ത് ഒരുക്കിയ ബഹ്‌റൈന്‍ രാഷ്ട്രനേതാക്കളുടെ കൂറ്റന്‍ കൊളാഷ് ഛായാചിത്രം ശ്രദ്ധേയമായി. ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 40 അടി നീളവും 24 അടി വീതിയുമുള്ള ചിത്രങ്ങളാണ് നാല്‍പതിലേറെ കലാകാരന്‍മാര്‍ ചേര്‍ന്ന് സമാജത്തിന്റെ പ്രധാന കവാടത്തില്‍ തയ്യാറാക്കിയത്.
ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ രാജകുമാരന്‍ എന്നിവരുടെ ഭീമന്‍ കൊളാഷ് ചിത്രം തയാറാക്കാന്‍ 57 കിലോ പത്രക്കടലാസാണ് കലാകാരന്മാര്‍ ഉപയോഗിച്ചതെന്ന് സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഹീര ജോസഫ്, ഹരീഷ് മേനോന്‍, ആല്‍ബര്‍ട് ആന്റണി, സുരേഷ് അയ്യമ്പിള്ളി, രാജി, ലത മണികണ്ഠന്‍, ഫാത്തിമ ഖമീസ്, അച്ചു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാലു ദിവസം നീണ്ട ഒരുക്കങ്ങളാണ് നടന്നത്.
ബഹ്‌റൈനില്‍ ദേശീയ ദിനാഘോഷം അവസാനിച്ചുവെങ്കിലും ചിത്രം ഇപ്പോഴും കവാടത്തില്‍ നിന്നും മാറ്റിയിട്ടില്ല. ഇനി ഈ ഭീമന്‍ ചിത്രം ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
തലസ്ഥാന ഗവര്‍ണര്‍ ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമാജത്തിലെ ആഘോഷ പരിപാടികള്‍ നടന്നത്. പ്രോട്ടോകോള്‍ ഡയറക്ടര്‍ സലാഹ് ബുസൈദ് ദോസ്സരി, സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എന്‍.കെ.വീരമണി, മുന്‍ പ്രസിഡന്റ് വര്‍ഗീസ് കാരക്കല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സമാജം ഫൊട്ടോഗ്രഫി ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന 'സുന്ദര ബഹ്‌റൈന്‍' എന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ എണ്‍പതോളം ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. മത്സരത്തില്‍ കെ.വി.ആസിമിന്റെ ചിത്രത്തിന് ഒന്നാം സമ്മാനമായി ഫ്യൂജി ക്യാമറ സമ്മാനിച്ചു. കണ്‍വീനര്‍ ഷിബു കൃഷ്ണ, ജന.സെക്രട്ടറി എന്‍.കെ.വീരമണി, പ്രേംജിത്ത് നാരായണ്‍, സജി ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."