ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു പോരാട്ടം നാളെ; കര്‍ശന നിയന്ത്രണവുമായി പൊലിസ്
കൊച്ചി: നാളെ കൊച്ചിയില്‍ അരങ്ങേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ്.സി ഐ.എസ്.എല്‍ പോരാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. പുതുവത്സരത്തലേന്ന് നടക്കുന്ന മത്സരമായതിനാലാണ് പൊലിസ് ജാഗ്രത പുലര്‍ത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5.30നാണ് മത്സരം ആരംഭിക്കുന്നത്. ആറ് മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ അടക്കും. ആറ് മണിക്ക് ശേഷം ആര്‍ക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കില്ല. ഉച്ചയ്ക്ക് രണ്ട് മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. കാണികള്‍ ബാഗുകള്‍ കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. മത്സരം ദിവസം സ്റ്റേഡിയം ബോക്‌സ് ഓഫിസ് തുറക്കില്ല. ടിക്കറ്റുകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കത്രിക്കടവ് ബ്രാഞ്ച് വഴി മാത്രമേ ലഭിക്കു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എം.ജി റോഡിലുള്ള ഫിന്‍കോര്‍പ്പ് ബ്രാഞ്ചില്‍ നിന്ന് ടിക്കറ്റാക്കി മാറിയെടുക്കാം.
ഐ.എസ്.എല്ലും പുതുവത്സരവും പ്രമാണിച്ച് പൊലിസും മോട്ടോര്‍ വാഹന വകുപ്പും ശക്തമായ സുരക്ഷാ സംവിധാനമാണ് കൊച്ചി നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. നാളെ രാവിലെ മുതല്‍ കൊച്ചി നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തും. ഇതിനായി പൊലിസും-മോട്ടോര്‍ വാഹന വകുപ്പും സംയുക്ത സ്‌ക്വാഡുകളും മൊബൈല്‍ യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും പ്രധാന, അപ്രധാന സ്ഥലങ്ങളിലുമെല്ലാം മിന്നല്‍ പരിശോധനകള്‍ നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും അമിത വേഗക്കാരെയും അനുവദിച്ചതില്‍ കൂടുതല്‍ ആളുകളെ കുത്തിനിറച്ചെത്തുന്ന വാഹനങ്ങളും പിടികൂടുകയാണ് ലക്ഷ്യം. നിയമ ലംഘകരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും ഉടന്‍ തന്നെ റദ്ദാക്കും. പുതുവത്സരാഘോഷവും ഐ.എസ്.എല്‍ മത്സരവും ഒരു ദിവസം എത്തിയതോടെ സുരക്ഷയ്ക്കായി പൊലിസിന് വിയര്‍ക്കേണ്ടി വരും. ഐ.എസ്.എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന പൊലിസിന്റെ അഭ്യര്‍ഥന ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ തള്ളിയിരുന്നു. ഇതിന് പുറമേ സ്റ്റേഡിയത്തിലെ സുരക്ഷയുടെ പേരില്‍ പൊലിസും സംഘാടകരും തമ്മില്‍ നീരസം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതുവത്സര തലേന്ന് കൊച്ചി നഗരത്തിലേക്ക് പുറത്തു നിന്ന് കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. ഐ.എസ്.എല്ലിനായി ജില്ലയ്ക്ക് പുറത്തു നിന്ന് വരുന്ന വാഹനങ്ങളില്‍ നിയമം ലംഘിച്ച് ആളുകളെ കുത്തി നിറച്ച് എത്തുന്നുണ്ടോഎന്നത് നഗരത്തിന് പുറത്ത് വച്ചുതന്നെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. നിയമ ലംഘനം പിടികൂടിയില്‍ ഉടന്‍ തന്നെ കര്‍ശന നടപടി ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."