ചരിത്രം മായ്ക്കുന്ന ഹിന്ദുത്വം
ചരിത്രമെന്നത്കേവലം രേഖകളുടെയും തെളിവുകളുടെയും ആകരം മാത്രമല്ല, അത് ജീവിക്കുന്ന വർത്തമാനം കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ സംബന്ധിച്ച് വിശേഷിച്ചും ചരിത്രമെന്നത് ഭൂതകാലത്താൽ നിയന്ത്രിക്കപ്പെടുന്ന സമകാലീനതകൂടിയാണ്. ചരിത്രത്തെ തിരുത്തുന്നതിലൂടെയും ദുർവ്യാഖ്യാനിക്കുന്നതിലൂടെയും ചരിത്രവസ്തുതകളിൽനിന്ന് അതിവിദൂരതയിൽ നിലനിൽക്കുന്ന അസത്യവാദങ്ങളിലൂടെയും വ്യാജ ആഖ്യാനങ്ങളിലൂടെയും ചരിത്രത്തെ നിയന്ത്രിച്ച് നിലയ്ക്കുനിർത്താനാണ് ഇന്ത്യൻ ബ്രാഹ്മണ്യശക്തികൾ നിരന്തരം യത്നിച്ചുപോരുന്നത്. ചരിത്രഭൂതകാലത്തെ ഉന്മൂലനം ചെയ്യുന്നതിലൂടെ ഒരു ജനതതിയുടെ സാംസ്കാരിക സ്മരണകളെയാണ് നിർമൂലനം ചെയ്യുന്നതെന്ന് ചരിത്രപണ്ഡിത റൊമില ഥാപ്പർ The Past as Present എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഇങ്ങനെ നോക്കിയാൽ വർത്തമാന ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെല്ലാം കൃത്യമായ ലക്ഷ്യത്തോടെയുള്ള സാംസ്കാരിക ഉന്മൂലനങ്ങളാണെന്ന് കാണാം.
ബഹുസ്വരതയും
ഏകാത്മക ഹിന്ദുത്വവും
ബാബരി മസ്ജിദ് ഉന്മൂലനം ചെയ്തതിലൂടെ മുസ്‌ലിം അപരവൽക്കരണം മാത്രമല്ല ഹിന്ദുത്വഹിംസകർ ലക്ഷ്യമിട്ടത്. ഈ അപരവൽക്കരണത്തോടൊപ്പം ഇന്ത്യയുടെ ബഹുസ്വര ജീവിതപാരമ്പര്യത്തെ തന്നെ ശിഥിലമാക്കി, അതിന്മേൽ ബ്രാഹ്മണ്യാശയ ലോകത്തിനും അതിന്റെ സാമൂഹികക്രമങ്ങൾക്കും സമ്പൂർണാധിപത്യമുള്ള രാഷ്ട്രരൂപം സൃഷ്ടിക്കാനാണ് ഹിന്ദുത്വർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. അതിലേക്കുള്ള ഒരു വാതായനമായിരുന്നു രാഷ്ട്രീയ ബ്രാഹ്മണ്യത്തിന് രാമക്ഷേത്ര സ്ഥാപനം. ഇന്ത്യയുടെ പാരമ്പര്യത്തെ സംബന്ധിച്ച് അത് സഹിഷ്ണുതയാർന്ന ഒന്നാണെന്നു പ്രസ്താവിച്ചുകൊണ്ട് അതിന്റെ പ്രധാന തെളിവു രൂപമായി സംസ്കൃത ഗ്രന്ഥപാരമ്പര്യങ്ങളെ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ജാതി അസമത്വത്തെ ന്യായീകരിക്കാൻ ശ്രമിക്കാത്ത എത്ര ഗ്രന്ഥങ്ങൾ സംസ്കൃതത്തിലുണ്ടെന്ന് ചോദിച്ചാൽ ഉത്തരം ശൂന്യമായിരിക്കും.
മനുഷ്യരെ മ്ലേച്ഛരായും പാഷണ്ഡരായും ശ്മശാനംതന്നെയായും അവതരിപ്പിക്കുന്ന ഇതിഹാസ പുരാണ സ്മൃതിപാരമ്പര്യങ്ങളിൽ സഹിഷ്ണുതയല്ല തെളിയുന്നത്, ജാതിഹിംസയുടെ ക്രൂര രൂപങ്ങളാണ്. ഈ ക്രൂരഹിംസയാണ് ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ തകർന്നുകിടക്കുന്ന ഏതു ക്ഷേത്രവും ചൂണ്ടിക്കാട്ടി അതിന്റെ കാരണക്കാരനായി ടിപ്പു സുൽത്താനെ കുറ്റവാളിയാക്കുമ്പോൾ ക്ഷേത്രം തകർത്തോ കൊള്ളയടിച്ചോ ധനം പിടിച്ചെടുക്കണമെന്ന് നിർദേശിക്കുന്ന അർഥശാസ്ത്രക്കാരന്റെ വാക്കുകൾ പൊതുവെ ആരും ശ്രദ്ധിക്കാറില്ല. ഹർഷവർധനൻ എന്ന ഭരണാധികാരി ക്ഷേത്രങ്ങൾക്കുമേൽ അഴിച്ചുവിട്ട ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കാനാണ് ഹിന്ദുത്വരുടെ ആഗ്രഹം. കൽഹണന്റെ രാജതരംഗിണിയിൽ ക്ഷേത്രത്തിൽനിന്ന് ധനം കവർച്ച ചെയ്യാൻ രാജാവിനാൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥനെപ്പറ്റി വിവരിക്കുന്നുണ്ട്. പട കയറിയ സമയത്ത് ബ്രാഹ്മണർക്കും ക്ഷേത്രോപജീവികൾക്കും ക്ഷേത്രത്തിനുതന്നെയും ബാധിച്ച ക്ഷതങ്ങൾ പരിഹരിക്കാൻ മാർത്താണ്ഡവർമ ചെയ്ത പ്രായശ്ചിത്തത്തെക്കുറിച്ച് ഏറ്റുമാനൂർ ഗ്രന്ഥവരിയിൽ പ്രസ്താവനയുണ്ട്. ക്ഷേത്രസ്വത്തുമായി ബന്ധപ്പെട്ട കലഹത്തിൽ സവർണ ക്ഷേത്രനാടുവാഴി സോപാനത്തെത്തി എതിരാളിയുടെ തല വെട്ടിവീഴ്ത്തി സോപാനത്ത് ചോര ഇറ്റിച്ചതിനെക്കുറിച്ച് തിരുപ്പുലിയൂർ ഗ്രന്ഥവരിയിൽ പരാമർശമുണ്ട്. കാര്യമിങ്ങനെയിരിക്കെ ടിപ്പുവിനെ ചരിത്രവിരുദ്ധമായി കുറ്റവാളിയാക്കുന്ന ആഖ്യാനത്തെ നയിക്കുന്നത് മുസ്‌ലിംവിരുദ്ധത മാത്രമല്ല, ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഹിന്ദുരാഷ്ട്രമായി പരിവർത്തിപ്പിക്കാനുള്ള ലക്ഷ്യതന്ത്രങ്ങളാണ്. അതിന്റെ ഏറ്റവും പ്രകടമായ ഹിംസാ "ആവിഷ്കാരമാണ്' ക്ഷേത്രസ്ഥാപനം.
ബാബരി മസ്ജിദ് തകർത്തതിലൂടെ ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തിന്റെ സാംസ്കാരിക സ്മരണകളെയാണ് ഹിന്ദുത്വം ഉന്മൂലനം ചെയ്യാൻ യത്നിച്ചത്. ക്ഷേത്ര നിർമാണത്തിലൂടെ അതിന് പരിസ്ഫൂർത്തിയായിയെന്നും ഹിന്ദുത്വം കരുതുന്നു. ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിന് മുകളിലും അവകാശ വാദം ഉന്നയിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വർ ചാതുർവർണ്യനിഷ്ഠമായ രാമരാജ്യംതന്നെയാണ് ലക്ഷ്യമിടുന്നത്. ഡൽഹിയിലെ സുൻഹേരി മസ്ജിദ് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതും ഇതേ ലക്ഷ്യം മുൻനിർത്തിയാണ്. ഈ ഹിംസാ പുറന്തള്ളലിന്റെ ആശയം ഉരുവംകൊള്ളുന്നത് ഇതിഹാസ പുരാണങ്ങളിൽ നിന്നാണ്.
വാൽമീകി രാമായണത്തിൽ വിവരിക്കുന്ന രാമരാജ്യ സങ്കൽപ്പത്തിൽ ത്രൈവർണികർക്ക് മാത്രമേ സ്ഥാനമുള്ളൂ. അവിടെ മ്ലേച്ഛരും പാഷണ്ഡരുമായി കരുതപ്പെടുന്ന മുഴുവൻ മനുഷ്യരും അന്തസോടെ ജീവിക്കാൻ അനുവദിക്കപ്പെടാതെ പുറന്തള്ളപ്പെടുന്നു. ബഹുസ്വര ഇന്ത്യ എന്ന ആശയത്തിനേറ്റ കഴുകിക്കളയാനാവാത്ത കളങ്കമാണ് ബാബരി മസ്ജിദ് ധ്വംസനം. യഥാർഥത്തിൽ സംഭവിക്കുന്നത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്റെ അടിസ്ഥാനശില പാകലാണ് ക്ഷേത്ര സ്ഥാപനത്തിലൂടെ ഹിന്ദുത്വർ ലക്ഷ്യമിടുന്നത്.
ആരുടെ രാമൻ?
അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഹിന്ദുത്വവാദങ്ങളെ ഗാന്ധിയുടെ രാമസങ്കൽപങ്ങൾകൊണ്ട് എതിരിടാമെന്നാണ് പൊതുവെ പുരോഗമന പക്ഷത്തുള്ളവർപോലും കരുതുന്നത്. "എന്റെ രാമൻ എന്റെ സത്യബോധത്തിന്റെ പേരാണ്' എന്ന ഗാന്ധിയുടെ രാമവ്യാഖ്യാനമാണ് അവർ ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ ഇത്തരമൊരു രാമൻ ചരിത്രത്തിൽ പ്രവർത്തിച്ചിട്ടില്ല. ശൂദ്രനായ ശംബൂകന്റെ തലയറുത്ത രാമൻ എങ്ങനെ സത്യബോധത്തിന്റെ പര്യായമാകും? നിഷാദനായതിനാലാണ് രാമൻ ഗുഹനിൽ നിന്ന് അന്നപാനാദികൾ സ്വീകരിക്കാതിരുന്നതെന്ന് വാൽമീകി രാമായണം വ്യക്തമാക്കുന്നു. പശുവിന്റെയും ബ്രാഹ്മണരുടെയും ഹിതത്തിനായാണ് താൻ താടകയെ വധിക്കുന്നതെന്ന് വാൽമീകിയുടെ രാമൻ പറയുന്നു. പൂണൂലിട്ട രാമൻ എങ്ങനെ എല്ലാവരുടെയും രാമനാകും? കാരണം ഒരു ത്രൈവർണികന്റെ ഏഴയലത്ത് പ്രവേശിക്കാൻപോലും അവർണർക്ക് അവകാശമില്ലതന്നെ. ഇന്ത്യാ ചരിത്രത്തിലെമ്പാടും രാമബിംബത്തെ മുസ്‌ലിം_- ദലിത്_- പിന്നോക്ക സമുദായങ്ങളുടെ വിനാശകനായാണ് ചിത്രീകരിച്ചിട്ടുള്ളത്.
ടിപ്പുവിനെ നശിപ്പിക്കാൻ വന്ന ബ്രിട്ടീഷുകാരെ രാമനായാണ് എ.ആർ രാജ രാജ വർമ ആംഗലസാമ്രാജ്യം എന്ന സംസ്കൃത കാവ്യത്തിൽ അവതരിപ്പിക്കുന്നത്. ടിപ്പുവിനെ ഇതിൽ രാവണനായും ചിത്രീകരിച്ചിരിക്കുന്നു. പൃത്ഥ്വിരാജവിജയം, മധുരാ വിജയം തുടങ്ങിയ സംസ്കൃത കാവ്യങ്ങളിൽ രാമനെ മുസ്‌ലിം രാജാക്കന്മാരുടെ അന്തകനായാണ് ചിത്രീകരിച്ചിട്ടുള്ളത്. രാമനവമികളിലും ഹനുമദ് ജയന്തികളിലും മുസ്‌ലിം ജനാധിവാസപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഘോഷയാത്രകൾ ഹിംസാത്മകമാവുന്നതിന്റെ കാരണം മധുരാവിജയത്തിലും പൃത്ഥ്വിരാജവിജയത്തിലും കൃത്യമായി തെളിയുന്നുണ്ട്. സന്ധ്യക്ക് സാമാന്യജനങ്ങൾ ഉച്ചരിക്കുന്ന രാമസങ്കീർത്തനങ്ങളിൽപോലും ബ്രാഹ്മണ പക്ഷപാതിത്വം നിറഞ്ഞിരിക്കുന്നു. "ഭംഗിയോടു ഭൂമിതന്നെ ബ്രാഹ്മണർക്ക് നൽകുവാൻ / ഭാർഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം' എന്ന കീർത്തനത്തിൽ രാമനെ ബ്രാഹ്മണർക്കുമാത്രം ഭൂമി നൽകാൻ വന്നുദിച്ച അവതാര മൂർത്തിയായി കൽപിച്ചിരിക്കുന്നു. ചരിത്രത്തിലും വർത്തമാനത്തിലും പ്രവർത്തനക്ഷമമായിരിക്കുന്നത് ബ്രാഹ്മണ്യത്തിന്റെ രാമനാണെന്ന് ഇതിലൂടെയെല്ലാം വ്യക്തമാവുന്നുണ്ട്.
തുടരുന്ന ചാതുർവർണ്യം
ചാതുർവർണ്യം ചരിത്രഭൂതകാലമാണെന്നും അത് വർത്തമാന യാഥാർഥ്യമല്ലെന്നും പൊതുവെ വാദിക്കാറുണ്ട്. എന്നാൽ ഗീതയിലെ വചനമനുസരിച്ചാണ് വൈശ്യരും ശൂദ്രരും പ്രവർത്തിക്കേണ്ടതെന്ന അസം മുഖ്യമന്ത്രിയുടെ പ്രസ്താവന ചാതുർവർണ്യം കേവലം ഭൂതകാലമല്ലെന്ന് സ്പഷ്ടമാക്കുന്നു. മാധ്യമമേഖലകളും സർക്കാർ ഉദ്യോഗങ്ങളും മറ്റ് അധികാരങ്ങളും ഭൂമിയും കൈയടക്കിവച്ചിരിക്കുന്നത് ഇന്ത്യയിലെ ന്യൂനാൽ ന്യൂനതരായ ത്രൈവർണികരായ സവർണരാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യൻ ഐ.ഐ.ടികളിലെ ആറായിരത്തിലധികം അധ്യാപക തസ്തികളിൽ ഭൂരിഭാഗവും കൈവശംവച്ചിരിക്കുന്നത് സവർണരാണ്. ഇന്ത്യൻ സർവകലാശാലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭൂരിഭാഗം വരുന്ന പിന്നോക്ക- _ദലിത്-_ മുസ്‌ലിം സമുദായങ്ങളെ ഹിംസാത്മകമായി പുറന്തള്ളിയാണ് സവർണ കുത്തകാധികാര വർഗം ഇന്ത്യയുടെ സിംഹഭാഗ അധികാരവും സ്വത്തും കൈവശംവച്ചിരിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ചാതുർവർണ്യത്തിന്റെ ആധുനിക യുക്തികൾ ഇന്ത്യയിൽ തുടരുന്നു എന്നുതന്നെയാണ്.
രാമനാമം ജപിച്ചതുകൊണ്ടോ തുളസിമാല കഴുത്തിലിട്ടതുകൊണ്ടോ നിങ്ങളെ ബാധിച്ച ദാരിദ്ര്യം നീങ്ങുമോ എന്ന ചോദ്യം ഡോ. ബി.ആർ അംബേദ്‌കർ ഇന്ത്യയിലെ ബഹുജനങ്ങളോട് ഉന്നയിക്കുന്നുണ്ട്. അധികാരത്തിലും സ്വത്തിലും ഭരണത്തിലും പ്രാതിനിധ്യമുള്ള ഒരു ജനായത്തവ്യവസ്ഥയുടെ സൃഷ്ടിയാണ് ഡോ. ബി.ആർ അംബേദ്കർ ആഗ്രഹിച്ചത്. സമുദായ സെൻസസ് അതിനുള്ള ചവിട്ടുപടിയാണ്. ഡോ. ബി.ആർ അംബേദ്കർ മുന്നോട്ടുവച്ച പ്രാതിനിധ്യ ജനായത്തമെന്ന ആശയമാണ് ഇന്ത്യയുടെ ബഹുസ്വരതയെ നിലനിർത്തുക. എന്നാൽ സവർണശക്തികൾ സമുദായ സെൻസസിനെ എതിർക്കുന്നതിലൂടെ സത്യം മറച്ചുവക്കാനും ചാതുർവർണ്യ ബദ്ധമായ രാമരാജ്യം തുടരാനുമാണ് ലക്ഷ്യംവെക്കുന്നത്. പ്രാതിനിധ്യ ജനായത്തമെന്ന ആശയത്തെ ക്ഷേത്ര പ്രതിഷ്ഠകൊണ്ട് മറികടക്കാൻ ഹിന്ദുത്വം യത്നിക്കുമ്പോൾ ബഹുസ്വര ഇന്ത്യയുടെ നിലനിൽപ്പിന് സാമുദായിക പ്രാതിനിധ്യ ജനാധിപത്യത്തിന്റെയും അപരത്വത്തിനെതിരായി ആത്മസാഹോദര്യത്തിന്റെയും രാഷ്ട്രീയം ബഹുജനങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."