സ്ത്രീയുടെ വീട്ടുജോലിക്ക് പുരുഷന്റെ ഓഫിസ് ജോലിയുടെ മൂല്യം: സുപ്രിംകോടതി
ന്യൂഡല്‍ഹി: പുരുഷന്റെ ഓഫിസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറഞ്ഞതല്ല സ്ത്രീയുടെ വീട്ടുജോലിയെന്ന് സുപ്രിംകോടതി. വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് മക്കള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം.
വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ലെന്നും അല്ലെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയര്‍ത്തുന്നില്ലെന്നുമുള്ള ധാരണ കുഴപ്പംപിടിച്ചതാണെന്നും അതു തിരുത്തേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ എന്‍.വി രമണ, അബ്ദുല്‍ നസീര്‍, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ പൂനം എന്ന വീട്ടമ്മ ഏപ്രിലില്‍ വാഹനാപകടത്തില്‍ മരിച്ചതിന് 47 ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ പൂനം വീട്ടമ്മയായതിനാല്‍ ഇവരുടെ വരുമാനം ഡല്‍ഹി ഹൈക്കോടതി കുറച്ചു വിലയിരുത്തുകയും നഷ്ടപരിഹാരം 22 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തു. ഈ തുക 33.2 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് സുപ്രിംകോടതി ഈ നിരീക്ഷണം നടത്തിയത്.
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്പത്തികമൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും എന്നാല്‍ അതുകൊണ്ട് ആ ജോലിയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
രാജ്യത്ത് 159.85 ദശലക്ഷത്തിനടുത്ത് സ്ത്രീകളാണ് വീട്ടുജോലികളില്‍ വ്യാപൃതരായിക്കുന്നത്. വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികള്‍ അവരുടെ സാങ്കല്‍പിക വരുമാനം നിശ്ചയിക്കേണ്ടതെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."