കാലിക്കറ്റില്‍ പ്രബന്ധം കോപ്പിയടിച്ചയാള്‍ക്ക് അധ്യാപക നിയമനം: സ്വരാജ് എം.എല്‍.എയുടെ സമ്മര്‍ദംമൂലമെന്ന് ആരോപണം
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് ബിരുദത്തിന് പ്രബന്ധം കോപ്പിയടിച്ചയാള്‍ക്ക് അധ്യാപക നിയമനം നല്‍കിയത് എം. സ്വരാജ് എം.എല്‍.എയുടെ സമ്മര്‍ദം കാരണമാണെന്ന് ആരോപണം. സര്‍വകലാശാലയിലെ താരതമ്യ സാഹിത്യപഠന വകുപ്പിലാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രബന്ധം കോപ്പിയടിച്ചതാണെന്ന സിന്‍ഡിക്കേറ്റ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് നിയമനം നല്‍കിയത്.
താരതമ്യ സാഹിത്യപഠന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നേടിയ ശ്രീകല മുല്ലശേരിയുടെ ഡോക്ടറല്‍ പ്രബന്ധം കോപ്പിയടിച്ചതായുള്ള പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് മലയാളവിഭാഗം ഡീന്‍ പ്രൊഫ. എം.എം ബഷീര്‍ ചെയര്‍മാനും, ഇംഗ്ലീഷ്, റഷ്യന്‍ വകുപ്പു മേധാവികള്‍ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയെയാണ് സിന്‍ഡിക്കേറ്റ് നിയോഗിച്ചിരുന്നത്.
പ്രബന്ധം കോപ്പിയടിച്ചതാണെന്ന് സമിതി കണ്ടെത്തുകയും റിപ്പോര്‍ട്ട് വൈസ് ചാന്‍സിലര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് എം. സ്വരാജ് എം.എല്‍.എയുടെ സമ്മര്‍ദത്തില്‍ അധ്യാപികയെ നിയമിച്ചിരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
കൂടാതെ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതിനുമുമ്പ് ഈ അധ്യാപികയ്ക്ക് ഇതേ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമനവും നല്‍കിയിരുന്നു. ഈ അധ്യാപന പരിചയം കൂടി കണിലെടുത്താണ് ഇപ്പോള്‍ സ്ഥിരനിയമനം നല്‍കിയിരിക്കുന്നതെന്നാണ് സിന്‍ഡിക്കേറ്റിന്റെ വാദം.
പ്രബന്ധം കോപ്പിയടിച്ചതായുള്ള അന്വേഷണ സമിതി റിപ്പോര്‍ട്ട് തടയണമെന്നാവശ്യപ്പെട്ട് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സര്‍വകലാശാലയും അധ്യാപികയും ധാരണയിലെത്തി. വിഷയത്തില്‍ സര്‍വകലാശാല യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം എഴുതി നല്‍കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു അധ്യാപികയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കിയത്.
പ്രബന്ധങ്ങളിലെ പകര്‍ത്തി എഴുത്ത് പരിശോധിക്കുന്നതു സംബന്ധിച്ച ഉത്തരവ് സര്‍വകലാശാല നടപ്പാക്കുന്നതിനു മുന്‍പാണ് താന്‍ പ്രബന്ധം സമര്‍പ്പിച്ചതെന്നും അതുകൊണ്ട് ഇതു കോപ്പിയടി ആവില്ലെന്നുമാണ് അധ്യാപിക നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."