മോദിയുടെ കീഴില്‍ 'രണ്ട് ഇന്ത്യകള്‍' നിലനില്‍ക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി
പാനിപ്പത്ത് (ഹരിയാന): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രണ്ട് ഇന്ത്യകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരും തൊഴിലാളികളും തൊഴിലില്ലായ്മയുമാണ് ഒരു ഭാഗത്തെങ്കില്‍ രാജ്യസമ്പത്തിന്റെ പകുതി കൈവശം വച്ചിരിക്കുന്ന 100 ആളുകളുടെ ഇന്ത്യയാണ് മറുവശത്തുള്ളതെന്ന്
അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് ഇന്ത്യ ഉണ്ടാക്കുന്ന ലാഭത്തിന്റെ 90 ശതമാനവും വെറും 20 കമ്പനികളുടേതാണ്. ഇതാണ് നരേന്ദ്ര മോദിയുടെ ഹിന്ദുസ്ഥാന്റെ യഥാര്‍ത്ഥ ചിത്രമെന്ന് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഹരിയാനയെ തൊഴിലില്ലായ്മയിലെ 'ചാമ്പ്യന്‍' എന്ന് രാഹുല്‍ വിശേഷിപ്പിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 38 ശതമാനമാണെന്ന് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, 'നിങ്ങള്‍ എല്ലാവരെയും പിന്നിലാക്കി' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ മോശം സമ്പദ്‌വ്യവസ്ഥ, തൊഴിലില്ലായ്മ, ചരക്ക്-സേവന നികുതി (ജി.എസ്.ടി), ആറ് വര്‍ഷം മുമ്പുള്ള നോട്ട് നിരോധനം, അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരേ അദ്ദേഹം രൂക്ഷവിമര്‍ശനം നടത്തി.
ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ പാനിപ്പത്ത് പ്രശസ്തമായിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ചെറുകിട വ്യവസായങ്ങളിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. ഇതിനിടെ നോട്ട് നിരോധനവും തെറ്റായ ജി.എസ്.ടിയുമായി കേന്ദ്രം രംഗത്തെത്തി. നോട്ട് നിരോധനവും ജി.എസ്.ടിയും നയങ്ങളല്ല, ചെറുകിട-ഇടത്തരം വ്യവസായങ്ങളെ തകര്‍ക്കാനുള്ള ആയുധങ്ങളാണ്. രണ്ടു നീക്കങ്ങളും രാജ്യത്തുടനീളം സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അഗ്‌നിപഥ് സ്‌കീമിലൂടെ 25% പേര്‍ മാത്രമേ സൈന്യത്തില്‍ ലയിക്കുകയുള്ളൂ, ബാക്കിയുള്ളവര്‍ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കേണ്ടിവരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സായുധ സേനയില്‍ ചേരുന്നവര്‍ക്ക് സേവന കാലാവധിയെ കുറിച്ചും പെന്‍ഷനെ കുറിച്ചും ആശങ്കയുണ്ടായിരുന്നില്ല. യുവാക്കളുടെ സ്വപ്‌നമാണ് ഈ പദ്ധതി തകര്‍ത്തതെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഭൂപീന്ദര്‍ സിംഗ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."