അസംബന്ധം വിളിച്ചു പറയരുത്, എന്തിനും അതിര് വേണം; മാത്യു കുഴല്‍നാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയല്ല നിയമസഭയെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മില്‍ ഒരുവിഭാഗം നേതാക്കന്‍മാര്‍ ചവിട്ടുപടി കയറുന്നത് മയക്കുമരുന്ന് മാഫിയ ഉണ്ടാക്കുന്ന പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ആലപ്പുഴയിലെ മയക്കുമരുന്ന് ഇടപാട് പുറത്തുവന്നത് പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്നാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കുഴല്‍നാടന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ മന്ത്രിയെ സ്പീക്കര്‍ വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.
എന്താണ് അദ്ദേഹം ഇവിടെ അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍. എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എന്തുവിളിച്ചുപറയാന്‍ പറ്റുന്ന ഒരാളായതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ?. ഇങ്ങനെയാണോ സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ രീതിയിലാണോ അടിയന്തരപ്രമേയം അവതരിപ്പിക്കേണ്ടത്. സാര്‍ എന്തിനും ഒരു അതിര് വേണം. ആ അതിര് ലംഘിച്ച് പോകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ തന്നെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗമായ ഡോ. മാത്യ കുഴല്‍നാടനെ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടുകൂടിയും കൃത്യമായ തെളിവകളോട് കൂടിയുമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു
അതിനിടെ മന്ത്രി എം.ബി രാജേഷ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. കരുനാഗപ്പള്ളി കേസില്‍ സിപിഎം കൌണ്‍സിലര്‍ ഷാനവാസിനെ പ്രതിയാക്കാന്‍ തെളിവ് കിട്ടിയില്ലെന്നായിരുന്നു മന്ത്രി രാജേഷിന്റെ മറുപടി.
ലഹരിമരുന്ന് കേസില്‍ പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നാവര്‍ത്തിച്ച മന്ത്രി എംബി രാജേഷ്, ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ രീതിയെന്നും രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഇടത് നയമല്ലെന്നും മറുപടി നല്‍കി. 'ലഹരി കേസുകളില്‍ കര്‍ശന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. കേരളത്തില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നത് നേരിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ജനകീയ പങ്കാളിത്തം സര്‍ക്കാര്‍ ഉറപ്പാക്കി. മയക്കു മരുന്ന് കേസില്‍ 228 സ്ഥിരം പ്രതികള്‍ക്കെതിരെ നിയമനടപടിയുണ്ടായെന്നും മന്ത്രി വിശദീകരിച്ചു. കരുനാഗപ്പള്ളി ലഹരി കേസില്‍ അന്വേഷണം നടക്കുകയാണ്. ഇത് വരെ ലോറി ഉടമയെ ( സിപിഎം കൌണ്‍സിലര്‍) പ്രതിയാക്കാന്‍ തെളിവ് കിട്ടിയില്ല. തെളിവ് ലഭിച്ചാല്‍ ലോറി ഉടമയെയും പ്രതി ആക്കും. ലോറി ഉടമ ആയ നഗര സഭ അംഗത്തെ സിപിഎം സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷവും പ്രതിപക്ഷത്തിന് വേണ്ടി ആര്‍ത്ത് വിളിക്കുന്ന മാധ്യമങ്ങളും ചേര്‍ന്നാല്‍ ഒരാളെ പ്രതിയാക്കാനാകില്ല. തെളിവ് ഉണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് പ്രതി ആക്കാന്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."