നിറമുള്ള ജാലകങ്ങള്‍ക്കപ്പുറം സന സ്‌ളോനിയോവ്‌സ്‌ക
കുഞ്ഞുണ്ടായശേഷം ആദ്യമായി നാട്ടില്‍പോയത് പലപ്പോഴും ഓര്‍ക്കാറുണ്ട്. മകന് രണ്ടരമാസം പ്രായമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്റെ അമ്മാമ്മ, നാലാംതലമുറയിലെ കൊച്ചുമകനെ കണ്ട സന്തോഷത്തിലായിരുന്നു. അത്രയും നീണ്ട ഒരവധി അടുത്തകാലത്തെങ്ങും കിട്ടിയിട്ടില്ല എന്നതിനാലും വിശ്രമിക്കുകയെന്നത് പ്രധാന വിഷയമായിരുന്നതുകൊണ്ടും വര്‍ഷങ്ങളായി പറയാന്‍പറ്റാതിരുന്ന വിശേഷങ്ങള്‍ കേള്‍ക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു. അമ്മാമ്മയുടെയും അമ്മയുടെയും കുട്ടിക്കാലത്തെ കഥകളെല്ലാം കേട്ടിരിക്കുക എന്നതു മാത്രമാണ് എനിക്കു ചെയ്യാനുണ്ടായിരുന്നത്. ഞാന്‍ ഇതുവരെ കാണാത്ത സ്ഥലങ്ങള്‍, നാലു തലമുറ മുമ്പ് ജീവിച്ചിരുന്ന ആളുകള്‍, മലയിലും കാട്ടിലും വിയര്‍പ്പൊഴുക്കി വെട്ടിപ്പിടിച്ച ജീവിതങ്ങള്‍, പേരറിയാത്ത അസുഖങ്ങള്‍ വന്ന് തട്ടിപ്പറിച്ചുകൊണ്ടുപോയ ബാല്യങ്ങള്‍, പാടത്തും പറമ്പിലും മുണ്ടുമുറുക്കി പണിയെടുത്തവര്‍, കാളപൂട്ട്, കച്ചവടങ്ങള്‍, പലതരം കൃഷികള്‍ ഇവയെപ്പറ്റിയൊക്കെ സംസാരിച്ചുകൊണ്ടേയിരുന്നു. അതിനിടയ്ക്ക് എന്റേതായ വിദേശവാര്‍ത്തകളും തിരുകിക്കയറ്റി ഞാന്‍ വിശ്രമവേളകളെ ആനന്ദകരമാക്കി.
ഭര്‍ത്താവിനെ ഒരുദിവസം പൊടുന്നനെ പിടിച്ചുകൊണ്ടുപോവുക. ഏതു സമയത്തുമുണ്ടായേക്കാവുന്ന പട്ടാളക്കാരുടെ പ്രത്യക്ഷപ്പെടലും കാരണമെന്തെന്നറിയാതെയുള്ള ഭീഷണിപ്പെടുത്തലുകളും. രായ്ക്കുരാമാനം മറ്റൊരു രാജ്യത്തേക്കു പലായനംചെയ്തതിന്റെയും അവിടെയും ഭീതിയുടെയും ഭീഷണികളുടെയും നടുവില്‍ ജീവിക്കേണ്ടിവരുന്നതിന്റെയുമൊക്കെ കഥകള്‍. കൊച്ചുമകളോട് പറയാന്‍ ഇവ മാത്രം കൈവശമുണ്ടായിരുന്ന ഒരു മുതുമുത്തശ്ശിയെക്കുറിച്ച് വായിച്ചപ്പോഴാണ് യുദ്ധവും കുടിയിറക്കലുകളും ഓര്‍മകളില്‍പോലും നിറയ്ക്കുന്ന ദുഃഖവും ഭീതിയും എത്ര ദാരുണമാണെന്ന ചിന്ത മനസ്സു കനപ്പിച്ചത്. നാടോടിക്കഥകളും കെട്ടുകഥകളുമില്ല അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍; ഉള്ളത് യുദ്ധ കഥകള്‍ മാത്രം.
''ഈ നോവലിലെ പ്രധാന കഥാപാത്രം ഒരു പട്ടണമാണ്. ലവീവ് എന്ന് ഇന്നു നാം വിളിക്കുന്ന ആ പട്ടണം.'' ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പരിഭാഷകയായ അന്റോണിയ ലോയ്ഡ് ജോന്‍സ് സന സ്‌ളോനിയോവ്‌സ്‌കയുടെ ദ ഹൗസ് വിത്ത് ദ സ്റ്റെയിന്‍ഡ് ഗ്ലാസ് വിന്‍ഡോ എന്ന നോവലിന്റെ ആമുഖം തുടങ്ങുന്നത്.
ഈ നോവല്‍ മനസ്സിലാകണമെങ്കില്‍ കുറച്ചധികം ചരിത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഒന്നും രണ്ടും ലോകയുദ്ധകാലത്ത് ഈ പട്ടണം നിരവധി അധിനിവേശങ്ങള്‍ക്കും കൈയടക്കലുകള്‍ക്കും വിധേയമായി. 'ലെംബര്‍ഗ്' എന്നാണ് ഒന്നാം ലോകയുദ്ധത്തിനുമുമ്പ് ആസ്‌ട്രോ-ഹംഗറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗലീഷ്യയിലെ ഈ പട്ടണം വിളിക്കപ്പെട്ടിരുന്നത്. (1772ലെ വിഭജനത്തില്‍ പോളണ്ടിന് ഈ നഗരം നഷ്ടപ്പെടുകയായിരുന്നു). യുദ്ധാനന്തരം ഗലീഷ്യ പോളണ്ടിനോട് ചേര്‍ക്കപ്പെടുകയും നഗരത്തിന്റെ പേര് 'Lwow' എന്നു മാറുകയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ആദ്യം സോവിയറ്റ് യൂനിയനും പിന്നീട് ജര്‍മനിയും ഈ പട്ടണത്തിന്റെ അധികാരികളായി. അവസാനം 1945ല്‍ യുദ്ധമവസാനിക്കുമ്പോള്‍ പോളണ്ടിന്റെ ചില പ്രദേശങ്ങള്‍ സോവിയറ്റ് റിപ്പബ്ലിക് ഓഫ് ഉക്രൈനോടു ചേര്‍ക്കുകയും ഈ നഗരം റഷ്യന്‍ ചായ്‌വുള്ള ലവോവ് എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. പിന്നീട് സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ ഉക്രൈന്‍ സ്വതന്ത്രരാജ്യമായിത്തീര്‍ന്നപ്പോള്‍ ഈ നഗരം ലവീവ് (Lviv) എന്ന ഉക്രൈന്‍ നാമധാരിയായി.
ലവോവ് എന്ന പേരാണ് സന നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലിഷ് പരിഭാഷയില്‍ ചരിത്രത്തിന്റെ ഇടപെടലുകള്‍ കണക്കിലെടുത്ത് നഗരത്തിന്റെ പേര് ലവീവ് എന്നും ലവോവ് എന്നും മാറിമാറി ഉപയോഗിച്ചിട്ടുണ്ടെന്ന് അന്റോണിയ വിശദീകരിക്കുന്നുണ്ട്. അതിനുള്ള വിശദീകരണമായിട്ടാണ് ഈ ചരിത്രസംഭവങ്ങളെ ആമുഖക്കുറിപ്പില്‍ ചേര്‍ത്തിട്ടുള്ളത്. അന്റോണിയ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പോളിഷ് ഭാഷയിലെഴുതിയ നിരവധി കൃതികള്‍ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ വോള്‍ഗയുടെ ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദ ബോണ്‍സ് ഓഫ് ദ ഡെഡും ഉള്‍പ്പെടുന്നു.
ഒരു കുടുംബത്തിലെ കഥയാണ് പറഞ്ഞിരിക്കുന്നതെങ്കിലും ഒരു രാജ്യത്തിന്റെ, യുദ്ധങ്ങളുടെ, സ്വാതന്ത്ര്യത്തിന്റെ കഥയായി വായിച്ചെടുക്കേണ്ട നോവലാണിത്. മുതുമുത്തശ്ശിയുടെ കാലം മുതല്‍ ഇപ്പോള്‍ കഥപറയുന്ന നാലാംതലമുറക്കാരി വരെയുള്ളവരിലൂടെ പോളണ്ടിന്റെ, ഉക്രൈനിന്റെ ചരിത്രമാണ് ഇതില്‍ വായിക്കാനാവുക.
മരിയാനയുടെ മരണദിവസത്തെ രേഖപ്പെടുത്തിയാണ് നോവല്‍ ആരംഭിക്കുന്നത്. കേന്ദ്ര കഥാപാത്രമായ പെണ്‍കുട്ടിയുടെ അമ്മയാണത്. ഈ പെണ്‍കുട്ടിയുടെ വിവരണത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. ഉക്രൈനിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ ഒരു ഓപ്പറ ഗായിക കൂടിയായ മരിയാന വെടിയേറ്റു മരിക്കുകയായിരുന്നു. സ്റ്റാലിന്‍ ഒരു ക്രിമിനലാണെന്ന് ധ്വനിപ്പിക്കുന്ന എഴുത്തുകള്‍ മരിയാന വീടുവീടാന്തരം കയറിയിറങ്ങി നല്‍കിയിരുന്നു. 'ഉക്രൈനിന്റെ മഹത്വവും സ്വാതന്ത്ര്യവും മരിച്ചിട്ടില്ല' എന്ന മുദ്രാവാക്യങ്ങള്‍ ഉയരുകയും മുദ്രാവാക്യം വിളിച്ച ജനക്കൂട്ടത്തെ അടിച്ചമര്‍ത്താന്‍ പട്ടാളം ശ്രമിക്കുകയും ചെയ്യുന്ന കോലാഹലങ്ങള്‍ക്കിടയില്‍ സെമിത്തേരിയില്‍ അമ്മയെ അടക്കുന്നു. പിന്നീട് 'ആബ' എന്ന മുത്തശ്ശിയുടെ സംരക്ഷണച്ചുമതലയിലാകുന്നു പെണ്‍കുട്ടി.
സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന ഉക്രൈനിലാണ് കഥ പറയുന്ന പെണ്‍കുട്ടിയുടെ ബാല്യം. അവള്‍ക്ക് 11 വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ആ സമയത്തുണ്ടായ ചില സംഭവങ്ങളും മറ്റും പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍ത്തെടുക്കുന്നതായാണ് നോവലില്‍ കാണുന്നത്. അവളുള്‍പ്പെടെയുള്ള നാലു തലമുറയുടെ കഥയുമായി വരുമ്പോള്‍ ഇപ്പോള്‍ ലവീവ് എന്നു വിളിക്കപ്പെടുന്ന പട്ടണവും വലിയ കഥാപാത്രമായി വരുന്നു. ഒന്നാം ലോകയുദ്ധത്തിനുമുമ്പേ തുടങ്ങിയ ആ പട്ടണത്തിന്റെ രൂപാന്തരീകരണം ഈ കഥയെ മനസ്സിലാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതുകൊണ്ടാണ് വിവര്‍ത്തകയായ അന്റോണിയ ആദ്യത്തെ കുറച്ചു പേജുകളില്‍ ചരിത്രം വിവരിച്ചിരിക്കുന്നത്.
നോവലിലെ കുടുംബചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1944ലാണ് ഈ കുടുംബം ലവീവ് പട്ടണത്തിലേക്ക് ലെനിന്‍ഗ്രാഡില്‍നിന്നും ട്രെയിനില്‍ വന്നിറങ്ങുന്നതും താമസമാക്കുന്നതും. രണ്ടാം ലോകയുദ്ധകാലത്ത്, ജര്‍മന്‍ അധിനിവേശത്തിന്റെ (1941-1944) തുടക്കത്തില്‍ പട്ടണത്തിലെ ജൂതന്മാരെ തിരഞ്ഞുപിടിച്ച് കൊലചെയ്യുന്നുണ്ട്. അതുവരെ, Lwow എന്നറിയപ്പെട്ടിരുന്ന പട്ടണം പോളണ്ടിന്റെ ഭാഗമായാണ് നിലനിന്നിരുന്നത്. ഉക്രൈന്‍ വംശജരോടുള്ള പോളിഷ് ജനതയുടെ വിവേചനം അക്കാലത്ത് ശക്തവുമായിരുന്നു.
ഭയപ്പാടോടെ തള്ളിനീക്കിയ ദിവസങ്ങള്‍; താഴിട്ടുപൂട്ടിയ രണ്ടു വാതിലുകള്‍കൊണ്ട് വീടിനെ സുരക്ഷിതമാക്കി നിര്‍ത്താന്‍ ശ്രമിച്ചിരുന്ന മുതുമുത്തശ്ശി. കുട്ടിക്കാലത്ത് അവര്‍ പറഞ്ഞുതന്നിരുന്ന കഥകള്‍ അവരുടെ പലായനത്തിന്റെയും അതിജീവനത്തിന്റെയും പേടിപ്പെടുത്തുന്ന കഥകളായിരുന്നുവെന്ന് നാലാംതലമുറക്കാരി ഓര്‍ക്കുന്നു. കുട്ടിക്കഥകളും അദ്ഭുതപ്പെടുത്തുന്ന നാടോടിക്കഥകളുമൊക്കെ അന്യമായ ഒരു തലമുറയുടെ പ്രതീകമായ ആ കുട്ടിയുടെ ചിത്രം കണ്‍മുമ്പില്‍ തെളിയുന്നു. യുദ്ധം മനുഷ്യരോടു ചെയ്യുന്ന ക്രൂരതകളിലൊന്ന്! അമ്മയുടെ പ്രിയപ്പെട്ട വസ്തുക്കള്‍ ഒരുക്കിവച്ച് ആ മുറി ഒരു മ്യൂസിയംപോലെ അവള്‍ ഓര്‍മകള്‍കൊണ്ടു സൂക്ഷിച്ചു.
ഈ നോവലിലെ മറ്റു പ്രധാന വിഷയങ്ങള്‍ യുദ്ധവും കൈയടക്കലുകളും മാറ്റിമറിക്കുന്ന ദേശീയത, ഭാഷ, സംസ്‌കാരങ്ങള്‍, രാഷ്ട്രീയം ഒക്കെയാണ്. മുതുമുത്തശ്ശി പോളിഷ് ഭാഷയിലായിരുന്നു ദൈവത്തോടു സംസാരിച്ചിരുന്നതെന്ന് ഓര്‍മിക്കുന്ന അവള്‍, അവര്‍ സാധാരണ സംസാരിച്ചിരുന്നത് റഷ്യനായിരുന്നെന്നും അവസരം കിട്ടുമ്പോഴെല്ലാം 'എന്റെ അസ്ഥികളുടെ മജ്ജയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്ര ഞാന്‍ പോളിഷുകാരിയാണെന്നു' പറയുന്നുണ്ടെന്നും ഓര്‍മിക്കുന്നു.
സാംസ്‌കാരിക വൈവിധ്യമെന്ന പദം എന്റെ ജീവിതത്തിലേക്കു കൂടുതലായും കടന്നുവരുന്നത് പ്രവാസിയായശേഷമാണ്. ജനിച്ചുവളര്‍ന്ന അന്തരീക്ഷത്തില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരുരാജ്യത്ത്, സംസ്‌കാരത്തില്‍, ഭാഷയില്‍ യൗവനം ആരംഭിച്ചയാളാണ് ഞാന്‍. യുദ്ധക്കെടുതികളല്ല പ്രേരകമെങ്കിലും ഒരു സംസ്‌കാരത്തില്‍നിന്നു മറ്റൊന്നിനെ സ്വാംശീകരിക്കുന്ന പ്രക്രിയയില്‍ കുറച്ചെങ്കിലും സന്ദേഹത്തോടെ തുടക്കകാലങ്ങളില്‍ ആശ്ചര്യപ്പെട്ടുനിന്നിട്ടുണ്ട്. എന്റെ മകന്റെ തലമുറയുടെ ഐക്യപ്പെടല്‍ എന്റേതില്‍നിന്നു വ്യത്യസ്തമാകുന്ന കാഴ്ചയും കാണുന്നുണ്ട്. ബാഹ്യസമ്മര്‍ദങ്ങളാല്‍ ജീവിക്കുന്ന നാടിന്റെ പേരും ഉപയോഗിക്കുന്ന ഭാഷപോലും മാറിമറയുന്ന, യുദ്ധത്തിന്റെ അനന്തരഫലങ്ങളില്‍ ജീവിച്ചിരുന്ന, നാലു തലമുറകളുടെ കഥ പരോക്ഷമായെങ്കിലും ഉള്‍ക്കൊള്ളാന്‍ ഇതുകൊണ്ടെല്ലാം കഴിഞ്ഞിട്ടുണ്ടെന്നാണ് വായന തീരുമ്പോള്‍ തോന്നുന്നത്.
നേരത്തേ പറഞ്ഞതുപോലെ, ചരിത്രത്തെ മനസ്സിലാക്കിയിട്ടല്ലാതെ ഈ നോവലിന്റെ വായന പൂര്‍ണമാകില്ല. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പെണ്‍കുട്ടി പറയുന്ന, കാണുന്ന, അനുഭവിക്കുന്ന കാഴ്ചകള്‍ തുടങ്ങി ചായംപിടിപ്പിച്ച വലിയ ജനാലകളുള്ള ആ വീടുപോലും വലിയ പ്രതീകമാകുന്ന അനുഭവം വായനക്കാരനു ലഭിക്കുന്നു.
എഴുത്തുകാരി സന പോളിഷ് വംശജയാണ്. ഇപ്പോള്‍ നടക്കുന്ന ഉൈക്രന്‍-റഷ്യ സംഘര്‍ഷങ്ങളോടനുബന്ധിച്ച് വീണ്ടും മുഖ്യധാരയിലേക്കു വരുന്ന എഴുത്തുകളിലൊന്നാണ് സനയുടെ 'ദ ഹൗസ് വിത്ത് ദ സ്റ്റെയിന്‍ഡ് ഗ്ലാസ് വിന്‍ഡോസ്' എന്ന നോവല്‍. പോളണ്ടിന്റെ യുദ്ധങ്ങളുമായും ചരിത്രവുമായും അഭേദ്യ ബന്ധം പുലര്‍ന്നുന്ന ഈ കൃതി ഒരു പൊളിറ്റിക്കല്‍ ഫിക്ഷനെന്ന രീതിയില്‍ വളരെ ഗൗരവമായ വായന ആവശ്യപ്പെടുന്ന ഒന്നാണ്. ഇപ്പോള്‍ നടക്കുന്ന അധിനിവേശവാര്‍ത്തകള്‍ ഈ നോവലിലെ സ്ഥലങ്ങളെയും മനുഷ്യരെയും യുദ്ധക്കെടുതികളെയും വീണ്ടും ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."