കുറ്റിച്ചിറയിലെ നോമ്പുകാലം
ഒാരോ നോമ്പുകാലം വന്നെത്തുമ്പോഴും കുട്ടിക്കാലം ഓര്‍മയിലെത്തും. നിഷ്‌കളങ്കമായ ആ കാലത്തിന്റെ ഇതളുകളറുത്ത് കുട്ടികള്‍ക്ക് നല്‍കും. പുറപ്പെട്ടുപോന്നിടത്ത് നിന്ന് വന്നെത്തിയ ദൂരക്കാഴ്ചയുടെ അനുഭവങ്ങള്‍ അവരുമായി പങ്കുവയ്ക്കും. കുട്ടികള്‍ക്കായി നമുക്ക് നല്‍കാവുന്ന ഈട് തീരാത്ത സമ്മാനം ജീവനോടൊട്ടിനില്‍ക്കുന്ന നമ്മുടെ ഓര്‍മകള്‍ പറഞ്ഞുകൊടുക്കലാണല്ലോ.
ബാപ്പയുടെ ചിത്രങ്ങളില്ലാത്ത കഥകളാണ് എന്റെ കുട്ടിക്കാല നോമ്പുകള്‍. ബാല്യത്തിന്റെ അനുഭവച്ചൂരുള്ള നോമ്പോര്‍മകളെ തേടുമ്പോള്‍ അവിടെ ബാപ്പ ഇല്ലാതായ ഒരു കുട്ടിയെ കാണാം. ഉപ്പ മരിക്കുന്ന സമയത്ത് നോമ്പ് പരിശീലിക്കേണ്ട പ്രായത്തിലേക്ക് ഞാന്‍ വളര്‍ന്നിട്ടില്ല.
കോഴിക്കോട്ടെ ഉമ്മവീട്ടിലെ തൊടികളിലും പറമ്പുകളിലുമൊക്കെ ചുറ്റിനടന്ന പകലുകളാണ് അന്നത്തെ ഓര്‍മകളിലേറെയും. നോമ്പുകാലത്ത് സ്‌കൂള്‍ അവധിയാവുന്നതിനാല്‍ ഏറെനാളും ഉമ്മവീട്ടില്‍ വിരുന്നിന് പോവുമായിരുന്നു. അവിടുത്തെ പാതവക്കും വയലില്‍ പൂക്കുന്ന മൂക്കുറ്റിയുമൊക്കെ എന്റെ ഓര്‍മയുടെ ഭാഗമാണ്. മറവിക്ക് വിട്ടുകൊടുക്കാത്ത ആ ഓര്‍മകളില്‍ വലിയൊരു ഭാഗം കുറ്റിച്ചിറയിലെ വയല്‍ വരമ്പിലും കുളത്തിനു ചുറ്റുമൊക്കെയായി കഴിച്ചുകൂട്ടിയ പകലുകളാണ്.
മഴനാരുകള്‍ മണ്ണില്‍ പടരുന്ന വര്‍ഷക്കാലത്തെ റമദാനുകളോടായിരുന്നു അന്ന് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. മഴ പിടിവിട്ട് പെയ്യുമ്പോള്‍ പ്രകൃതിയുടെ അവസ്ഥാന്തരങ്ങള്‍ക്കൊപ്പം ഇഴകിച്ചേരാന്‍ വെമ്പുന്ന ഞങ്ങളുടെ മനസ്സ് സന്തോഷത്താല്‍ കുതിരും. തുടര്‍ച്ചയായ ഇടവപ്പെയ്ത്തില്‍ വയലുകളെല്ലാം നിറഞ്ഞ് കവിയും. കാറ്റിലും മഴയിലും പെട്ട് ചാഞ്ഞ മരങ്ങള്‍ ഞങ്ങള്‍ക്കതിന്റെ വേരുകളെ കാട്ടിത്തരും.
ആകാശം നോക്കി നീന്തുന്ന മീനുകള്‍ ഞങ്ങളുടെ പാദചലനങ്ങള്‍ കേട്ട് ഒളിഞ്ഞുനില്‍ക്കുമോയെന്നു പേടിച്ച് കാലൊച്ച കേള്‍പ്പിക്കാതെ ഞങ്ങള്‍ തോട്ടുവരമ്പിലൂടെ നടക്കും. മഴ വെളുപ്പിച്ച വെള്ളാരംകല്ലുകള്‍ പൊറുക്കിക്കൂട്ടി വെക്കും. മനോഹരമായത് ഏറ്റവും കൂടുതല്‍ ആര്‍ക്ക് കിട്ടുമെന്ന് മത്സരിച്ച് ഉച്ചയാവോളം വയലോരങ്ങളിലൂടെ ചുറ്റിനടക്കും. കുളത്തിലേക്ക് കുഞ്ഞു കല്ലുകളെറിഞ്ഞ് കളിപറഞ്ഞിരിക്കും. കണക്കുപുസ്തകം കീറിയുണ്ടാക്കിയ കടലാസ് തോണി വെള്ളിത്തിലേക്കിറക്കി ആരുടേത് ആരെ തോല്‍പ്പിക്കുമെന്ന് മത്സരിച്ച് കാത്തിരിക്കും. ളുഹ്‌റിന്റെ നേരമാകുമ്പോള്‍ പള്ളിയിലേക്ക് പോകും. വൈകുന്നേരം വരെ പള്ളിയില്‍ കഴിച്ചുകൂട്ടും.
നിസ്‌കാരം കഴിഞ്ഞാല്‍ ഉസ്താദിന്റെ വക ഉറുദിയുണ്ടാകും. ആരമ്പ നബിയുടെ പേരില്‍ സ്വലാത്തും സ്വലാമും ചൊല്ലി തുടങ്ങുന്ന പ്രഭാഷണം അറിവിന്റെ ആഴവും പരപ്പും നിറഞ്ഞതായിരിക്കും. ഉസ്താദിനെക്കാളേറെ പള്ളികളില്‍ നിന്ന് പള്ളികളിലേക്ക് സഞ്ചരിച്ച് ഉപദേശം പറയുന്ന മുത്തഅല്ലിം കുട്ടികളായിരിക്കും ഉറുദി പറയാനുണ്ടാവുക. പ്രവാചകന്മാരുടെ, ഔലിയാക്കളുടെ ചരിത്ര കഥകള്‍ അവര്‍ മനോഹരമായി പറഞ്ഞു കൊണ്ടിരിക്കും. ദൂരദേശങ്ങളില്‍ നിന്ന് വരുന്ന മതപഠിതാക്കള്‍ അവരുടെ പഠന ചെലവിനുള്ള വക കണ്ടെത്തുന്നത് പീഠങ്ങളില്ലാത്ത ഇത്തരം പ്രഭാഷണങ്ങളിലൂടെയാണ്.
നോമ്പ് തുറന്നു കഴിഞ്ഞാല്‍ നേരെ കുറ്റിച്ചിറ കുളത്തിന്റെ വക്കിലേക്ക് പോകും. വഴികാണിക്കാന്‍ ടോര്‍ച്ചും കൈയില്‍ കരുതും. ഞെക്കിപ്പിടിക്കുമ്പോള്‍ കണ്ണ് തുറക്കുന്ന ബാറ്ററി ടോര്‍ച്ചിന്റെ വെളിച്ചം കുളത്തിന്റെ ചുറ്റിടത്തിലേക്ക് ഞങ്ങളെ തെളിച്ച് കൊണ്ടുപോകും. ജീവിതത്തിലേക്ക് വഴിവെട്ടിവന്ന വെളിച്ചത്തിന്റെ അനേകം പതിപ്പുകളില്‍ ആദ്യത്തേത് അതായിരുന്നു. ആള്‍ക്കൂട്ട ബഹളവും നിറയെ തോരണങ്ങളുമുള്ള കുളക്കരയിലെത്താന്‍ ഞങ്ങള്‍ കാലുകളെ നീട്ടിനീട്ടി വെക്കും.
നോമ്പുതുറയോടുകൂടി സമ്മേളന പറമ്പിന്റ പ്രതീതിയായിരിക്കും അവിടെ. കോഴിക്കോടിന്റെ ചന്തവും ചമയവും ആ കുളത്തിന് ചുറ്റും ചുറ്റിത്തിരിയുകയാണെന്ന് തോന്നും. നിറഞ്ഞ കുളത്തിന്റെ ആത്മാവറിയണമെങ്കില്‍ കരയ്ക്കു ചുറ്റും കവിഞ്ഞൊഴുകുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ അലസമായി അലഞ്ഞു തിരിയണം. ഒന്നും നല്‍കാനോ നേടാനോ ഇല്ലാത്തവനെപ്പോലെ വെറുതെ ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ കാഴ്ചയുടെ കണ്ണിടത്തില്‍ ഉഷസ്സിന്റെ കണ്മഷി എഴുതിത്തരുന്ന ഒട്ടേറെ മനുഷ്യരെ കാണാം.
മുതിര്‍ന്നവരും കുട്ടികളും അങ്ങനെ എല്ലാവരുമുണ്ടാവും. പ്രായമായവരൊക്കെ സിമന്റ് തറയിലിരുന്ന് സൊറ പറയുന്നുണ്ടാവും; കൈയില്‍ ചൂടുള്ള ഓരോ ഗ്ലാസ് കാവയുമുണ്ടാവും. അലക്ഷ്യമായി നടക്കുന്ന കുട്ടികളുടെ കൈയില്‍ ഉപ്പിലിട്ടതോ അച്ചാറോ അങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടാവും. ഐസച്ചാറായിരുന്നു ഞങ്ങളുടെ ഇഷ്ട രുചി.
പെരുന്നാള്‍ അടുക്കുമ്പോള്‍ എല്ലാവരും കോഴിക്കോട്ട് പോയി കോടിയെടുക്കും. ഇക്കാക്ക ഹൈദരലി തങ്ങള്‍ക്കായിരുന്നു അതിന്റെ ചുമതല. അത്തരം കാര്യങ്ങളൊക്കെ ഇക്കാക്കയായിരുന്നു നിര്‍വഹിക്കാറുള്ളത്. ആറ്റാക്ക ഇല്ലാത്ത ആദ്യ നോമ്പാണിത്. ഇനി വരുന്ന പെരുന്നാളും അങ്ങനെയൊരു നൊമ്പരത്തെ ഉള്ളില്‍ പേറുന്നുണ്ട്. ആറ്റാക്കയ്ക്ക് അല്ലാഹു പാപമോചനം നല്‍കട്ടെ. സ്വര്‍ഗത്തില്‍ വെച്ച് കാണാന്‍ വിധിയുണ്ടാവട്ടെ. ആമീന്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."