ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലം
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിലെ പദ്ധതികളുടെ ഗുണഭോക്തൃത അനുപാതം 80:20 റദ്ദ് ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്ന് വകുപ്പിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ന്യൂനപക്ഷ വകുപ്പിലെ പദ്ധതിനിര്‍വഹണവുമായി ബന്ധപ്പെട്ട് മെയ് 28നു ഹൈക്കോടതി നിശ്ചയിച്ച ഗുണഭോക്തൃത വിഹിതം ജനസംഖ്യാനുപാതികമായി പുനര്‍നിശ്ചയിച്ചതാണ് വകുപ്പിനു കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായത്. ഇതുമായി ബന്ധപ്പെട്ട ശക്തമായ എതിര്‍പ്പ് ഉയരുമ്പോഴും വകുപ്പിനു കീഴിലെ മുഴുവന്‍ പ്രവര്‍ത്തനവും നിശ്ചലമായ വിവരം അധികൃതര്‍ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. വിധിയിലൂടെ പ്രധാനമായും മൂന്ന് ഉത്തരവുകളാണ് കോടതി റദ്ദ് ചെയ്തിരിക്കുന്നത്. 2008ലെ ഉത്തരവാണ് ഇതില്‍ പ്രധാനം. ഇതോടെ സംസ്ഥാനത്തെ 16 മത്സരപരീക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം വകുപ്പിനു കീഴില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും റദ്ദ് ചെയ്യപ്പെട്ടു. കോടതി വിധിയിലൂടെ വകുപ്പിനു കീഴിലെ സ്‌കോളര്‍ഷിപ്പുകള്‍ മാത്രമേ റദ്ദ് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നാണ് പൊതുധാരണ. എന്നാല്‍ വിധിയിലൂടെ വകുപ്പിന്റെ മുഴുവന്‍ പ്രവര്‍ത്തനവും നിശ്ചമായിരിക്കുകയാണ്.
1,50,000 കോടി രൂപയോളം വരുന്ന സംസ്ഥാന വാര്‍ഷിക ബജറ്റില്‍ 2016ല്‍ വെറും 107 കോടിയാണ് ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയതെങ്കില്‍ 2021 ആയപ്പോഴേക്കും അതു കേവലം 42 കോടി രൂപയിലെത്തി. കൂടാതെ കൊവിഡ് പശ്ചാത്തലത്തിലുള്ള ബജറ്റ് വിഹിതംതന്നെ വെട്ടിക്കുറക്കുകയും ചെയ്തു.
തുച്ഛമായതും സ്‌കോളര്‍ഷിപ്പിനായി മാറ്റിവച്ച രണ്ടുകോടി രൂപയില്‍ താഴെ മാത്രമുള്ള സംഖ്യയില്‍ അതിന്റെ അനുപാതവുമായി ബന്ധപ്പെട്ട് ഇത്രയേറെ വാദകോലാഹലങ്ങള്‍ നടക്കുന്നത് ഏറെ സംശയാസ്പദമാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയരക്ടര്‍ ഡോ. പി. നസീര്‍ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളായി സംസ്ഥാനത്ത് സൗഹൃദപൂര്‍വം ജീവിച്ചുപോരുന്ന ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തിന്റെ പേരില്‍ ശത്രുത ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിക്കാന്‍ പൊതുസമൂഹത്തിനും സര്‍ക്കാരിനും ബാധ്യതയുണ്ട്. നിസാരമായ വിഷയം ഇത്രയും ആപത്കരമായ വിധത്തില്‍ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ചര്‍ച്ചയാക്കുന്നതിനു പിന്നില്‍ ചില കുത്സിത ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."