HOME
DETAILS
MAL
ഉമ്മു മഅ്ബദിന്റെ കണ്ണും കരളും
backup
April 14 2023 | 18:04 PM
മുസ്‌ലിംകളുടെ വിശ്വാസത്തിന്റെയും തദനുസൃത ജീവിതത്തിന്റെയും നിദാനമായ പ്രവാചകന്‍(സ) മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണിത്. നബി(സ)യെ കുറിച്ചുള്ള ഓരോ ഓര്‍മകള്‍ക്കും അറിവുകള്‍ക്കും വൈകാരികമായ ഭാവമുണ്ട്. കാരണം ആ ജീവിതവും ജീവിതം വേദിയായ സകല വ്യവഹാരങ്ങളും അതീവ കൗതുകതരങ്ങളാണ്. കാലമിതുവരേക്കും ആ വിഷയകമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്ത എല്ലാവരെയും അത് ആകര്‍ഷിച്ചതും ന്യൂനതകള്‍ക്കുവേണ്ടി ഉറക്കമിളച്ചു കാത്തിരുന്ന നിരൂപകര്‍ക്കു പോലും നിരാശ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും നബിയുടെ കാര്യത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം വെറും ബാലിശങ്ങളായി അവശേഷിക്കുന്നു എന്നതുമെല്ലാം അതിന്റെ തെളിവുകളാണ്. ഇത്രക്കുമേല്‍ വൈകാരിക തീവ്രതയുണ്ടാക്കുന്ന ആ മദ്ഹുകളും മഹത്വങ്ങളും അടുത്തുനിന്നു കേട്ടും കണ്ടും കടന്നുപോകുമ്പോള്‍ നിര്‍മലമായ മനസുകളില്‍ ആ തിരുമുഖവും ആകാരസൗഷ്ഠവവും ഒന്നു കാണുവാനുള്ള മോഹം അങ്കുരിക്കാതിരിക്കുകയില്ല. ഏതൊരു കാര്യത്തെ കുറിച്ചും വികാരവായ്‌പോടെ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു കാര്യമാണത്. കാണുക എന്നതിന്റെ നേരര്‍ഥം നേരിട്ടു നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണുക എന്നതാണ്. എന്നാല്‍, നബി(സ)യെ അങ്ങനെ കാണാന്‍ പക്ഷേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വഴിയില്ല. എന്നാല്‍ പിന്നെയുമുണ്ട് കാഴ്ചകള്‍. അവയിലൊന്ന് സ്വപ്നത്തില്‍ കാണുകയാണ്. അതു സാധ്യമാണ് എന്ന് അനുഭവിച്ച പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. അതിന് അവര്‍ പല മാര്‍ഗങ്ങളും പറയുന്നുണ്ട്. അതിനെല്ലാം പശ്ചാത്തലം ആദ്യം ഒരുങ്ങേണ്ടതുണ്ട്. അഥവാ സ്വപ്നത്തിന്റെ അടിസ്ഥാനമാണ് പശ്ചാത്തലം. അത് ഉപബോധ മനസില്‍ തീവ്രമായി സ്ഥാപിക്കപ്പെടുകയാണെന്ന് മനശ്ശാസ്ത്ര പഠനങ്ങള്‍ പറയുന്നുണ്ട്. മനുഷ്യന്റെ മനസില്‍ രൂഢമൂലമായ വികാരങ്ങളുടെ ചിത്രങ്ങള്‍ ഉറക്കത്തിനും ഉണര്‍വിനും മധ്യേയുള്ള അവസ്ഥയില്‍ തെളിഞ്ഞുവരുന്നതാണല്ലോ സ്വപ്നം എന്നത്.
സ്വപ്നം കാണണമെങ്കില്‍ നബി(സ)യുടെ രൂപവും ഭാവവും എല്ലാം മനസില്‍ ആദ്യം നിറക്കണം എന്നര്‍ഥം. പിന്നെയുമുണ്ട് ഒരു കാഴ്ച. അതും മനസുകൊണ്ടുള്ള കാഴ്ചയാണ്. ഉണര്‍ന്നിരിക്കുന്ന മനസിന്റെ സങ്കല്‍പ്പക്കാഴ്ചയാണത്. ഓര്‍ത്തോര്‍ത്തിരുന്ന് മനസുകൊണ്ട് ഇങ്ങനെ കാണാനും വേണം സ്വപ്നത്തില്‍ കാണാന്‍ വേണ്ടി പറഞ്ഞതെല്ലാം. അഥവാ നബി(സ)യുടെ രൂപവും ഭാവവും പ്രകൃതവുമെല്ലാം മനസില്‍ ആദ്യം കൃത്യമായി വരച്ചെടുക്കണം. ഈ മൂന്നു തരം കാഴ്ചകളില്‍ വിശാലമായി എല്ലാ വിശ്വാസികള്‍ക്കും പ്രാപ്യവും സാധ്യവുമാകുന്നത് നാം മൂന്നാമതായി പറഞ്ഞ ഈ സങ്കല്‍പ്പക്കാഴ്ചയാണ്. അതിന് വേണ്ടത് നബി(സ)യുടെ പ്രകൃതത്തിന്റെ ചിത്രം മനസില്‍ വരക്കുകയാണ് ആദ്യം. അതിന് നമ്മെ സഹായിക്കുന്ന ധാരാളം ഹദീസുകളുണ്ട്. ഹദീസുകളില്‍ ചിതറിക്കിടക്കുന്ന ആ ഭാവങ്ങളെല്ലാം പെറുക്കിക്കൂട്ടുക ശ്രമകരം തന്നെയാണ്. എന്നാല്‍, അതിന് ഏറ്റവും നല്ല ഒരു കുറുക്കുവഴിയുണ്ട്. അത് നബി(സ)യെ നമുക്കു മുമ്പില്‍ കൃത്യമായി വരച്ചുവയ്ക്കുന്ന വിധത്തില്‍ അവതരിപ്പിക്കുന്ന ഒരാളുടെ കാഴ്ചാ വിവരണമാണ്. അത്തരം ഒരു അനുഭവമുണ്ടായത് നബി(സ)യുടെ ചരിത്രപ്രസിദ്ധമായ ഹിജ്‌റ യാത്രയിലായിരുന്നു. നബി(സ)യും അബൂബക്കര്‍(റ)വും വഴികാട്ടി അബ്ദുല്ലാ ബിന്‍ ഉറൈഖിത്വും മക്കയില്‍ നിന്ന് നടന്നുനടന്ന് ക്ഷീണിച്ചിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവുമൊന്നും കൈയില്‍ ഇല്ല. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ സൗര്‍ ഗുഹയിലായിരുന്നു കഴിച്ചുകൂട്ടിയത്. അന്ന് ഭക്ഷണമുണ്ടായിരുന്നു എങ്കിലും ഭയം വട്ടമിട്ടുപറക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും ആ ഭീതിയുണ്ട്. തങ്ങളെ പിടികൂടുന്നവര്‍ക്ക് നൂറ് ഒട്ടകമാണ് ഇനാം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. അചിന്തനീയമായ ഈ വലിയ തുകയിലുള്ള ആര്‍ത്തിമൂത്ത ആരെങ്കിലും തങ്ങളെ പിടികൂടുമോ എന്ന ഭയമുണ്ട്. അതിനാല്‍ വിശപ്പും ദാഹവുമുണ്ട് എന്നു മാത്രമല്ല അത് നന്നായി തങ്ങളെ തളര്‍ത്തുകയും ചെയ്യുന്നുണ്ട്. വഴിയില്‍ എന്തെങ്കിലും കിട്ടുമോ എന്നു പരതുന്നുണ്ട് കണ്ണുകള്‍.
കിഴക്കു ചാരി വടക്കോട്ടാണ് അവരുടെ യാത്ര. ഏതാണ്ട് മക്കയില്‍ നിന്നും നൂറ്റി അന്‍പതു കിലോമീറ്റര്‍ പിന്നിട്ടുകാണും. അവിടെ അവര്‍ ഒരു ഖൈമ കണ്ടു. എന്തെങ്കിലും കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയോടെ അവര്‍ ഖൈമയിലേക്കു നടന്നു. ഖൈമയുടെ പുറത്തുതന്നെ ക്ഷീണിതയായ സ്ത്രീ മുട്ടുകെട്ടിയിരിക്കുന്നുണ്ട്. അവരുടെ അടുത്തു ചെന്ന് അവര്‍ ഭക്ഷണമോ വെള്ളമോ ഉണ്ടോ എന്നു ചോദിച്ചു. നിരാശയായിരുന്നു ഫലം. വലിയ വരള്‍ച്ചയും ക്ഷാമവും തങ്ങളുടെ ഖൈമയില്‍ കൂടുകൂട്ടിയിരിക്കുകയാണ് എന്നു പറഞ്ഞ് സ്ത്രീ കൈമലര്‍ത്തി. അവരുടെ പേര് ആതിഖ ബിന്‍തു ഖാലിദ് എന്നായിരുന്നു, ഉമ്മു മഅ്ബദ് എന്നു വിളിക്കും. ബനൂ ഖുസാഅ കുടുംബാംഗമാണ്. ഉമ്മു മഅ്ബദ് പറയുന്നത് ശരിയാണെന്നു മനസിലാക്കാന്‍ ദരിദ്രമായ അവരുടെ ചുറ്റുപാടുകള്‍ കണ്ടാല്‍ മാത്രം മതി. മെലിഞ്ഞൊട്ടിയ ആട് അവരുടെ ശ്രദ്ധയില്‍ പെട്ടു. അതിനെ ഞങ്ങള്‍ കറന്നു പാലെടുത്തു കൊള്ളട്ടെ എന്നായി അബൂബക്കര്‍(റ). ഉമ്മു മഅ്ബദിന്റെ നെറ്റി ചുളിഞ്ഞു. താന്‍ പറഞ്ഞത് ഇവര്‍ക്കു മനസിലായില്ലല്ലോ എന്നോര്‍ത്ത് അവര്‍ വിഷമിച്ചു. അതിന് പാലില്ല, മാത്രമല്ല അത് വളരെ ക്ഷീണിതയുമാണ്, അതുകൊണ്ടാണ് മറ്റു ആടുകള്‍ക്കൊപ്പം മേച്ചില്‍പുറത്തേക്ക് പോകുവാന്‍ പോലും അതിനു കഴിയാത്തത് എന്നൊക്കെ പറഞ്ഞു അവര്‍. ഞങ്ങള്‍ കറന്നോളാം എന്നായി ആഗതര്‍. അവര്‍ ഒരു പാത്രം ആവശ്യപ്പെട്ടു. പാത്രം കിട്ടിയതും പ്രവാചകന്‍(സ) ആടിന്റെ അകിടില്‍ ബിസ്മി ചൊല്ലി തടവി. അകിടില്‍ പാല്‍ നിറഞ്ഞു. പിന്നെ നബി(സ)തന്നെ കറക്കുവാന്‍ തുടങ്ങി. പാത്രം നിറഞ്ഞു. ഏതോ അത്ഭുതം കാണുന്നതുപോലെ പരിസരം മറന്നു നില്‍ക്കുകയാണ് ഉമ്മു മഅ്ബദ്. തനിക്കു തന്റെ കണ്ണുകളെ ഒട്ടും വിശ്വസിക്കുവാന്‍ കഴിയാത്തതുപോലെ.
കറന്നെടുത്ത പാല്‍ ആദ്യം അബൂബക്കര്‍(റ)വിന് നല്‍കി പ്രവാചകന്‍. പിന്നെയും കറന്നെടുത്ത് അബ്ദുല്ലാക്കും നല്‍കി. പിന്നെ ഉമ്മു മഅ്ബദിനും. പിന്നെയാണ് നബി(സ) കുടിച്ചത്. കുടിക്കാന്‍ കൊടുക്കുന്നവന്‍ അവസാനമാണ് കുടിക്കേണ്ടത് എന്നത് ഈ നബിയുടെ അധ്യാപനമാണല്ലോ. പിന്നെ പാത്രം നിറച്ചവിടെ കറന്നുവെക്കുകയും ചെയ്തു. എല്ലാവര്‍ക്കും വിശപ്പും ദാഹവും മാറി. അധികം വൈകാതെ സംഘം സന്തോഷത്തോടെയും നന്ദിയോടെയും യാത്രപറഞ്ഞു. അപ്പോഴും ഞെട്ടലില്‍നിന്നു മുക്തയായിട്ടില്ലായിരുന്നു ഉമ്മു മഅ്ബദ്. അവരെ ആ ലോകത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയത് ഭര്‍ത്താവ് അബൂ മഅ്ബദായിരുന്നു. തമീം ബിന്‍ അബ്ദില്‍ ഉസ്സാ എന്ന അബൂ മഅ്ബദ് ആടുകളുമായി തിരിച്ചെത്തിയതായിരുന്നു. അബൂ മഅ്ബദിന്റെ ദൃഷ്ടി ആദ്യം ചെന്നത് നിറഞ്ഞിരിക്കുന്ന പാല്‍പാത്രത്തിലേക്കായിരുന്നു. ഒരിറ്റു പാലെങ്കിലും കിട്ടുവാനുള്ള യാതൊരു സാഹചര്യവുമില്ലാത്ത തന്റെ വീട്ടില്‍ ഇതെവിടെനിന്നു വന്നു എന്നത് അമ്പരപ്പിക്കുന്ന കാര്യമായിരുന്നു. ആശ്ചര്യത്തോടെ അദ്ദേഹം ഇതെവിടെ നിന്നു കിട്ടി എന്നാരാഞ്ഞു. ചോദ്യം വീണ്ടും ഉമ്മു മഅ്ബദിനെ ആ രംഗങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവരുടെ കണ്ണുകള്‍ എവിടെയോ തറച്ചുനിന്നു.
ഉമ്മു മഅ്ബദ് പറഞ്ഞു തുടങ്ങി: 'നല്ല മൊഞ്ചുള്ള ഒരാളെ ഞാന്‍ കണ്ടു. പ്രകാശിക്കുന്ന മുഖമുള്ള ഒരാള്‍. ഒത്ത ഭംഗിയുള്ള ശരീര പ്രകൃതം. തടിയുടെ ഘനമോ കുടവയറിന്റെ വലുപ്പമോ കൊണ്ട് ആ ശരീരപ്രകൃതത്തിന് ഒരു ദോഷവും വരുന്നില്ല. കഷണ്ടി കയറിയിട്ടുമില്ല. സുന്ദരനും പ്രസന്നനുമായ ഒരാള്‍. കണ്ണുകളില്‍ കറുപ്പ് രാശിയുടെ കാന്തിയുണ്ട്. കണ്‍പീലികള്‍ അല്‍പം നീണ്ടിട്ടാണ്. ശബ്ദത്തിന് നല്ല വ്യക്തതയുണ്ട്. പിരടി ഒരല്‍പം നീണ്ടിട്ടാണ്. താടിരോമങ്ങള്‍ക്ക് തിക്കുണ്ട്. നീണ്ട പുരികങ്ങളുള്ള ആളാണ്. പുരികങ്ങള്‍ തമ്മില്‍ ചേര്‍ന്നുനില്‍ക്കുന്നുണ്ട്. സംസാരം നീണ്ടതോ ചെറുതോ അല്ല. മൗനത്തിലായിരിക്കുമ്പോള്‍ ഒരു ഗാംഭീര്യം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിക്കുവാന്‍ തുടങ്ങിയാലോ തെളിച്ചം ഉയര്‍ന്നുനില്‍ക്കുന്നു. ദൂരെ നിന്നു കാണുമ്പോഴേ കൂട്ടത്തില്‍ ഏറ്റവും സുന്ദരനാണ്. അടുത്തെത്തുമ്പോഴാവട്ടെ ഏറ്റവും മാധുര്യവും ചാതുര്യവുമുണ്ട്. മധുരതരമാണ് സംസാരം. സംസാരം ഉതിര്‍ന്നുവീഴുന്ന മുത്തുമണികള്‍ പോലെയാണ്. മിത ഗാത്രനാണ്. അമിതമായ നീളത്തിന്റെ നിരാശയില്ല. ചെറുപ്പം കാരണം കണ്ണിനു പിടിക്കാതെവരില്ല. രണ്ടു കൊമ്പുകള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു കൊമ്പു പോലെ. മൂന്നു പേരില്‍ ഏറ്റവും കാണാന്‍ കൗതുകമുള്ള ആളാണ്. അവരില്‍വച്ച് ഏറ്റവും നല്ല സ്ഥാനീയനാണ്. തന്നെ വലയം ചെയ്യുന്ന ഏതാനും കൂട്ടുകാര്‍ ഒപ്പമുണ്ട്. അദ്ദേഹം സംസാരിക്കുമ്പോള്‍ അവര്‍ സാകൂതം ശ്രദ്ധിക്കുന്നു. അദ്ദേഹം ആജ്ഞാപിക്കുമ്പോള്‍ അവര്‍ അതു ചെയ്യുവാന്‍ മത്സരിക്കുന്നു. ജനം വലയം ചെയ്യപ്പെടുന്ന ഒരാള്‍. നിന്ദയോടെ അപഹസിക്കുന്നയാളല്ല, വാര്‍ധക്യത്തില്‍ കുഴഞ്ഞിട്ടുമില്ല...'. ഉമ്മു മഅ്ബദ് താന്‍ കണ്ട പുംഗവന്റെ ചിത്രം വരച്ചു ഭര്‍ത്താവിന്റെ മനച്ചുമരില്‍.
ആശ്ചര്യത്തിന്റെ കയത്തില്‍ നിന്ന് പെട്ടെന്ന് അബൂ മഅ്ബദ് തലയുയര്‍ത്തി. അദ്ദേഹം പറഞ്ഞു: 'ഇതു തന്നെയാണ്, ഖുറൈശികളുടെ ആള്‍.., ഹോ.., ഞാനദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നുവെങ്കില്‍ ഞാനും കൂടെ പോകുമായിരുന്നു'. പിന്നെ അദ്ദേഹം മുമ്പില്‍ നീണ്ടുകിടക്കുന്ന മരുഭൂമിയിലൂടെ കണ്ണുകള്‍ പായിച്ചു. പക്ഷേ, ആരെയും കാണാനുണ്ടായിരുന്നില്ല. ഉമ്മു മഅ്ബദിന്റെ മനസില്‍ നിന്ന് പിന്നെ ആ ചിത്രങ്ങള്‍ മാഞ്ഞില്ല. ഓരോ പ്രാവശ്യം ഓര്‍ക്കുമ്പോഴും ആ ദൃശ്യങ്ങളുടെ മുമ്പില്‍ അവര്‍ കുറേ സമയം മൂകയായി നില്‍ക്കും. അബൂ മഅ്ബദിന് നിരാശയാണ്. തന്റെ ഖൈമയില്‍ വന്നുകയറിയ അദ്ദേഹത്തെ ഒരുനോക്ക് കാണുവാന്‍ കഴിയാത്തതിലും ഒപ്പം ചേര്‍ന്ന് ആ നിലാവില്‍ ശിഷ്ടകാലം കഴിയാനാവാത്തതിലും. രണ്ടു മനസുകളിലും പ്രവാചകന്‍ നിറഞ്ഞുനിന്നു. അത് തീവ്രമായ വികാരമായി പിന്നെ രൂപപ്പെട്ടു. അങ്ങനെ കുറച്ചു കാലം കഴിഞ്ഞതും അവര്‍ രണ്ടുപേരും തങ്ങളുടെ കുഞ്ഞുമായി മദീനായിലേക്കു നടന്നു. അങ്ങനെ അവര്‍ ആ നിലാവില്‍ ലയിച്ചുചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."