'ദേശസുരക്ഷാ നിയമം ചുമത്തും'; ഗൊരഖ്നാഥ് ക്ഷേത്ര പരിസരത്തെ മുസ്‌ലിം കുടുംബങ്ങളെ ഒഴിഞ്ഞു പോവാന്‍ നിര്‍ബന്ധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് ജില്ലാ ജഡ്ജിയുടെ ഭീഷണി
ലഖ്നോ: ഗൊരഖ്നാഥ് ക്ഷേത്ര പരിസരത്തെ മുസ്‌ലിം കുടുംബങ്ങളെ ഒഴിഞ്ഞു പോവാന്‍ നിര്‍ബന്ധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് ജില്ലാ ജഡ്ജിയുടെ ഭീഷണി. ദേശസുരക്ഷാ നിയമം ചുമത്തുമെന്നാണ് മാധ്യമപ്രവര്‍ത്തകനായ മസീഹുസ്സമാ അന്‍സാരിയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ടുമാറോയുടെ സബ്എഡിറ്ററാണ് മസീഹ്.
ദേശസുരക്ഷാ നിയമം ചുമത്തി ജയിലിലടക്കുമെന്ന് ജില്ലാ മജസ്‌ട്രേറ്റ് കെ വിജയേന്ദ്ര പാണ്ഡ്യന്‍ ഐ.എ.എസ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മസീഹ് പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്നാഥ് ക്ഷേത്ര പരിസരത്തെ 11 മുസ്‌ലിം കുടുംബങ്ങളോട് മാറിപ്പാര്‍ക്കാന്‍ നിര്‍ദേശിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറകത്തുവന്നത്. ഗോരഖ്പൂര്‍ ജില്ലാ ഭരണകൂടത്തിന്റേതായിരുന്നു നിര്‍ദ്ദേശം. സുരക്ഷാ ഉദ്ദേശ്യത്തോടെയാണ് നടപടിയെന്നാണ് വിശദീകരണം.
ഒഴിഞ്ഞു പോകുകയാണെങ്കില്‍ അവരുടെ ഭൂമിക്ക് വില നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇവിടെ യോഗം വിളിച്ചിരുന്നു. ചിലര്‍ ഒഴിഞ്ഞു പോകാന്‍ തയാറായി. പിന്നാലെ പലരോടും ഒഴിഞ്ഞുപോകല്‍ കരാറില്‍ ഒപ്പിടാന്‍ ഗോരഖ്പൂര്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. മെയ് 28 വരെയായി 10 കുടുംബങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.
പലരും സമ്മര്‍ദത്തിന് വഴങ്ങിയാണ് ഒപ്പിട്ടതെന്ന് പരാതിയുണ്ട്. അതേസമയം ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിജേന്ദ്ര പാണ്ഡ്യന്‍ പറയുന്നത്. ഒഴിഞ്ഞുപോവുന്നവര്‍ക്ക് അവരുടെ ഭൂമിയുടെ വിലയായി കോടികള്‍ ലഭിക്കുമെന്നും പാണ്ഡ്യന്‍ അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."