ജ്ഞാനം കൊണ്ട് തീര്‍ത്ത നവോഥാനം
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സാമുദായികപുരോഗതിയുടെ വഴിയടയാളം തീര്‍ത്ത നവോഥാന വിപ്ലവമായിരുന്നു സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. ഏഴുപതിറ്റാണ്ടു മുന്നേ മലയാളക്കര ലോകത്തിനു സമ്മാനിച്ച നവോഥാനത്തിന്റെ ചരിത്രവഴി. നൂറുവര്‍ഷത്തെ കര്‍മചരിത്രത്തില്‍ പണ്ഡിത പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ച പ്രധാന ദൗത്യങ്ങളിലൊന്നാണ് ജ്ഞാന മികവിന്റെ ഈ ചരിത്രയേടുകള്‍. മലയാളികള്‍ക്കു പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനകോടികളിലേക്കാണ് വൈജ്ഞാനിക മികവിലൂടെ സമസ്ത നവോഥാനം സൃഷ്ടിക്കുന്നത്.
ഓത്തുപള്ളികളും വിവിധയിടങ്ങളിലായി പ്രവര്‍ത്തിച്ച പാഠശാലകളേയും വ്യവസ്ഥാപിത പഠനസമ്പ്രദായത്തിലൂടെ മദ്‌റസകളൊരുക്കിയ കാലോചിത മുന്നേറ്റമായിരുന്നു അത്. 1945 മെയ് മാസത്തില്‍ മലപ്പുറത്ത കാര്യവട്ടത്ത് നടന്ന സമസ്ത സമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്‍ദേശം ഇത്തരമൊരു സമീപനത്തിന്റേതായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ സ്‌കൂളുകളില്‍ മതപഠനമില്ലാത്ത ഘട്ടത്തില്‍ മുസ്‌ലിം സമുദായ നേതൃത്വം മുന്‍കൈയെടുത്ത് മതപഠനശാലകള്‍ക്ക് വ്യവസ്ഥാപിത രൂപം കാണുകയെന്ന പ്രസക്ത ചര്‍ച്ചയാണ് തങ്ങള്‍ സമര്‍പ്പിച്ചത്. നേതൃചിന്തകള്‍ അതിലേക്കു നീങ്ങി പിന്നീടുള്ള നാളുകള്‍. കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു. മദ്‌റസകള്‍ സ്ഥാപിച്ചുതുടങ്ങി. അതിന്റെ തുടര്‍ച്ചയായി 1951 മാര്‍ച്ച് 23 മുതല്‍ 25 വരേ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രഖ്യാപിച്ചു.
ആറുമാസം പിന്നിട്ടു പുതുപ്പറമ്പിലെ പുരാതന പള്ളിയങ്കണത്തില്‍ ഒരു യോഗം ചേര്‍ന്നു, സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെ സുബ്ഹി നിസ്‌കാര ശേഷം. പണ്ഡിത പ്രമുഖര്‍ പലരും തലേന്നു തന്നെ എത്തിച്ചേരുകയായിരുന്നു യോഗത്തിന്. സമസ്ത പ്രസിഡന്റ് വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഈ പള്ളിയില്‍ ഒട്ടേറെ ചര്‍ച്ചകളും ചിന്തകളും പണ്ഡിതശ്രേഷ്ഠര്‍ പങ്കുവച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ പ്രവര്‍ത്തക സമിതി പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രസിഡന്റും കെ.പി ഉസ്മാന്‍ സാഹിബ് ജനറല്‍ സെക്രട്ടറിയും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ട്രഷററുമായി യോഗത്തില്‍ രൂപം നല്‍കി. 33 പേരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഈ യോഗത്തിനെത്തിയ 17 പേര്‍ ഒരോ രൂപയും മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാര്‍ 25 രൂപയും അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ 15 രൂപയും ചേര്‍ത്ത് 47 രൂപ ബോര്‍ഡിനു ആദ്യമൂലധനം സ്വരുക്കൂട്ടി. അടുത്തവര്‍ഷം കൊയിലാണ്ടിയില്‍ പതിനഞ്ചുദിന മതപ്രഭാഷണ പരമ്പര നടത്തി ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ചു.
പത്തില്‍ നിന്നു തുടങ്ങി പതിനായിരം കടന്ന്
1952 ഓഗസ്റ്റ് 26ന് ചേര്‍ന്ന യോഗത്തിലാണ് മദ്‌റസകള്‍ക്ക് അഫിലിയേഷന്‍ ആരംഭിച്ചത്. ഈ യോഗത്തില്‍ പത്ത് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ നേതൃത്വം നല്‍കിയ വാളക്കുളം പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്‌റസയ്ക്കാണ് ആദ്യ നമ്പര്‍ ലഭിച്ചത്. പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കിയ മദ്‌റസത്തുല്‍ ബനാത്ത് പറവണ്ണ രണ്ടാമത്തേതും. ദാറുല്‍ ഇസ്‌ലാം വരമ്പനാല (3), സിറാജുല്‍ ഇസ്‌ലാം അന്നാര (4), അല്‍ബാഖിയാത്തുസ്വാലിഹാത്ത് കല്ലൂര്‍ (5), തഅ്‌ലീമുല്‍ ഇസ്‌ലാം കോട്ടക്കല്‍ (6), മുനവ്വിറുല്‍ ഇസ്‌ലാം എടരിക്കോട് (7), മള്ഹറുല്‍ ഇസ്‌ലാം കക്കാടംപുറം (8), മുനവ്വിറുല്‍ ഇസ്‌ലാം തോഴന്നൂര്‍ (9), ഹിദായത്തുല്‍ മുസ്‌ലിമീന്‍ വള്ളിക്കാഞ്ഞിരം (10) എന്നിവയും ആദ്യയോഗത്തില്‍ അംഗീകരിച്ച മദ്‌റസകളാണ്. ആദ്യ പതിറ്റാണ്ടില്‍ അംഗീകൃത മദ്‌റസ 746 ആയി. പിന്നീടുള്ള ഓരോ പത്തുവര്‍ഷങ്ങളില്‍ 2694, 4541, 6440, 7865, 9022, 10291 (നിലവില്‍) ആയി അംഗീകൃത മദ്‌റസകള്‍. കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്തമാന്‍, ആന്ധ്രപ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലുമാണ് സമസ്ത മദ്‌റസകള്‍.
പാഠ്യപദ്ധതിയും
പഠനക്രമവും
ഒന്നുമുതല്‍ പ്ലസ്ടു വരേയാണ് മദ്‌റസ ക്ലാസുകള്‍. ഖുര്‍ആന്‍ പാരായണം, പാരായണ നിയമങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനപഠനം, ഹദീസ് പഠനം, കര്‍മശാസ്ത്രം, ആദര്‍ശ- ആത്മജ്ഞാനങ്ങള്‍, ചരിത്രം, ഭാഷാ പഠനം, ലിപി പരിജ്ഞാനം എന്നിവയാണ് മദ്‌റസാ പാഠ്യപദ്ധതി. അറബി, ഉറുദു ഭാഷയിലുള്ള പുസ്തകങ്ങളും അറബി മലയാളം, അറബിത്തമിഴ്, അറബി കന്നട തുടങ്ങി ലിപിയിലും ചിട്ടപ്പെടുത്തിയ പാഠ്യക്രമമാണിത്.
ശവ്വാല്‍ മുതല്‍ ശഅ്ബാന്‍ വരേ ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനമാക്കി റഗുലര്‍ ക്ലാസുകളും, ജൂണ്‍ മുതല്‍ മാര്‍ച്ച് വരേ സ്‌കൂള്‍വര്‍ഷ കലണ്ടറും പഠനപദ്ധതിയിലുണ്ട്. നാലുഘട്ടങ്ങളിലായി (5,7,10,12 ക്ലാസുകളില്‍) പൊതുപരീക്ഷകളാണ് മദ്‌റസകളിലേത്. എല്ലാ ക്ലാസുകളിലും മൂന്നു ടേം പരീക്ഷ നടക്കുന്നു. മദ്‌റസാ പാഠപുസ്തകങ്ങള്‍ കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ വഴി പ്രസിദ്ധീകരണവും വിതരണവും നിര്‍വഹിച്ചുവരുന്നു.
മദ്‌റസകളുടെ അക്കാദമിക് നിലവാരത്തെ ചിട്ടയായി ക്രമീകരിക്കുന്നവരാണ് മുഫത്തിശുമാര്‍ (വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാര്‍.) 517 റെയിഞ്ചുകളിലായി എല്ലാ മദ്‌റസയിലും വര്‍ഷത്തില്‍ രണ്ടുതവണ മുഫത്തിശ് പഠനാവലോകനം നടത്തുന്നു. ഖുര്‍ആന്‍ പരിശീലകരായ ഖാരിഉമാര്‍, ട്രൈനിങ് കോഴ്‌സുകള്‍ക്ക് നേതൃത്വം നല്‍കുന്ന ട്യൂട്ടര്‍മാര്‍ എന്നിവരും ഇവരിലുള്‍പ്പെടുന്നു. ഖുര്‍ആന്‍ പാരായണ പരിശീലന പദ്ധതിയായ തഹ്‌സീനുല്‍ ഖിറാഅ നടപ്പിലാക്കി. ഇതിനു നേതൃത്വം നല്‍കുന്നവരാണ് മുജവ്വിദ് എന്നറിയപ്പെടുന്നത്. അധ്യാപകര്‍ക്ക് മുഅല്ലിം സര്‍വിസ് രജിസ്റ്റര്‍ (എം.എസ്.ആര്‍) സംവിധാനം, പരിശീലന കോഴ്‌സുകള്‍, വിവിധ ക്ഷേമ പദ്ധതികള്‍ നടത്തുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, സര്‍വിസ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ പദ്ധതി, ക്ഷേമപദ്ധതികള്‍ തുടങ്ങിയവ സമസ്തയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ കീഴില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച മദ്‌റസകള്‍ക്ക് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കുകയും, വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി അവിടെ സൗജന്യമായി പാഠപുസ്തകങ്ങളും ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള വേതനം നല്‍കുകയും വിദ്യാഭ്യാസ ബോര്‍ഡ് ചെയ്തുവരുന്നു.
അധ്യാപക സേവനങ്ങള്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തിച്ചുവരുന്നു. പഠനപുരോഗതിക്കായി റെയിഞ്ചുസംഗമങ്ങള്‍ നടക്കുന്നു. വിദ്യാഭ്യാസ ശാക്തീകരണത്തിനായി ആവിഷ്‌കരിച്ച തദ്‌രീബ് പദ്ധതി ഇതിന്റെ പ്രധാന ആകര്‍ഷകമാണ്. ഇതിന്റെ പരിശീലനത്തിനു മുദരിബുമാര്‍ (റിസോഴ്‌സ് പേഴ്‌സണ്‍) നേതൃത്വം നല്‍കുന്നു. അല്‍മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നീ മൂന്നു ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, അധ്യാപക ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പദ്ധതികള്‍ക്ക് അധ്യാപക പ്രസ്ഥാനം നേതൃത്വം നല്‍കുന്നു. മദ്‌റസാ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് സമസ്ത കേരള സുന്നി ബാലവേദി. ഇസ്‌ലാമിക കലാമേള, ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനവും നടത്തുന്നു. മദ്‌റസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍, അധ്യാപക വേതനം തുടങ്ങിയവ മദ്‌റസ മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ പ്രാദേശികമായാണ് കണ്ടെത്താറുള്ളത്. പന്ത്രണ്ട് ലക്ഷത്തോളമാണ് നിലവില്‍ സമസ്ത മദ്‌റസകളിലെ പഠിതാക്കള്‍. 2020 മുതല്‍ യു.ഐ.ഡി നമ്പര്‍ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രീകൃത പ്രവേശനമാണ് മദ്‌റസകളില്‍ നടപ്പാക്കിവരുന്നത്.
പുതിയ
ചുവടുകള്‍ തീര്‍ത്ത്...
പുതിയ കാലത്തിന്റെ പ്രതീക്ഷക്കൊത്ത് മുന്നേറ്റത്തിന്റെ പാതയിലാണ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്. അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂള്‍, വനിതാ പഠന മേഖലയില്‍ സമസ്ത വിമണ്‍സ് ഇസ്‌ലാമിക് കോളജ് (ഫാളില, ഫളീല കോഴ്‌സുകള്‍) എന്നിവയും അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) എന്ന സ്ഥാപന കൂട്ടായ്മയും വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുണ്ട്. മറ്റൊന്ന് സമസ്ത ഓണ്‍ലൈന്‍ മദ്‌റസയാണ്. ഇതു രണ്ടാം അധ്യയന വര്‍ഷമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് മദ്‌റസാ പ്രസ്ഥാനം ശാസ്ത്രീമായി ചിട്ടപ്പെടുത്തി പഠനമാരംഭിക്കുന്നത്.
ലോകമലയാളികള്‍ക്കിടയിലും സമാന്തര വിദ്യാഭ്യാസ മേഖലയിലും ഇതിനകം ഇത് വലിയ ചലനം സൃഷ്ടിച്ചുകഴിഞ്ഞു. സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയില്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കാര്യദര്‍ശിയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ട്രഷററുമാണ്. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഉപാധ്യക്ഷരും ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍ സഹകാര്യദര്‍ശികളുമാണ്. കെ. മോയിന്‍കുട്ടി മാസ്റ്ററാണ് മാനേജര്‍.
ഉന്നത വിദ്യാഭ്യാസ രംഗത്ത്
ഉന്നത വിദ്യാഭ്യാസ മേഖലയിലും വ്യവസ്ഥാപിത പദ്ധതികള്‍ സജീവമാണ്. കേരളത്തിലെ പ്രഥമ ഉന്നത മതപഠനകേന്ദ്രമായ ഫൈസാബാദ് ജാമിഅ നൂരിയ്യയാണ് ഇതിന്റെ നേതൃനിരയില്‍. ഉന്നത ശരീഅത്ത് കോഴ്‌സുകള്‍ അടിസ്ഥാനമാക്കി ഒട്ടേറെ സ്ഥാപനങ്ങളും, മതപഠനവും യു.ജി.സി അംഗീകൃത ബിരുദ, ബിരുദാനന്തര കോഴ്‌സുകളും സമന്വയിപ്പിച്ച സ്ഥാപനങ്ങളും കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും സജീവമാണ്. അന്താരാഷ്ട്ര ഇസ്‌ലാമിക് സര്‍വകലാശാലകളുമായുള്ള അക്കാദമിക് സഹകരണം തുടങ്ങിയ മേഖലയില്‍ ഇത്തരം സംവിധാനങ്ങള്‍ ഇതിനകം കൈയ്യൊപ്പ് ചാര്‍ത്തി. ജാമിഅ ജൂനിയര്‍ കോളജുകള്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) തുടങ്ങിയ കൂട്ടായ്മകളും വിവിധ സ്ഥാപന നേതൃത്വത്തില്‍ ബിരുദ, ബിരുദാനന്തര മതപഠന കോഴ്‌സുകളും വനിതാവിദ്യാഭ്യാസ കോഴ്‌സുകളും സമസ്തയുടെ വൈജ്ഞാനിക സംവിധാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
ആത്മീയബോധനത്തിലൂടെ വ്യക്തിത്വം രൂപപ്പെടുത്തുകയും കുടുംബ, സാമൂഹിക, രാഷ്ട്ര പുരോയാനത്തിന് പ്രാപ്തമാക്കുകയും ചെയ്യുന്ന ഉദ്‌ബോധന കളരിയാണ് മതപാഠശാലകള്‍. തീവ്രതയുടെ മുള്‍മുനകളേയും വിദ്വേഷത്തിന്റെ കനലുകളേയും ആത്മീയബോധത്തിലൂടെ വിപാടനം ചെയ്യാനുള്ള സാമൂഹികബോധ്യമാണ് അക്ഷരജ്ഞാനം നുകരുന്നതു തൊട്ട് ഇളം മനസുകള്‍ക്ക് മതപാഠശാലകള്‍ നല്‍കുന്ന സന്ദേശം. നന്മയുടെ നേരറിവുകളിലൂടെ വിജയത്തിന്റെ ഉന്നതികള്‍ കീഴടക്കാമെന്നതാണ് അറിവുകൊണ്ട് കാവലൊരുക്കുന്ന ഈ സാമൂഹിക ധര്‍മം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."