ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വിജ്ഞാപനമിറങ്ങി
ന്യൂഡൽഹി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചതോടെ ഇന്നലെ മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം തുടങ്ങി. 19 വരെ പത്രിക സമർപ്പിക്കാം.
സൂക്ഷ്മപരിശോധനകൾ 20നു നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 22 നാണ്. അടുത്തമാസം ആറിനാണ് വോട്ടെടുപ്പ് നടക്കുക. സ്ഥാനാർഥിയെ കുറഞ്ഞത് 20 സമ്മതിദായകർ നിർദേശിക്കുകയും 20 പേർ പിന്താങ്ങുകയും വേണം. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി അടുത്തമാസം പത്തിന് അവസാനിക്കുകയാണ്.
എം.എൽ.എമാർക്കും വോട്ട് ചെയ്യാൻ അവസരമുള്ള രാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമാണ് ഉപരാഷ്ട്രപതി തെരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങൾ. പാർലമെന്റ് അംഗങ്ങൾക്കു മാത്രമാണ് വോട്ടവകാശമുള്ളത്. രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ടവരും ശുപാർശയിലൂടെ എത്തിയവരുമായ 245 അംഗങ്ങളും ലോക്സഭയിലെ 543 പേർക്കുമാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവകാശം. ആകെ 788 എം.പിമാരുള്ളതിനാൽ 394 വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർഥി വിജയിക്കും. നിലവിലെ പാർലമെന്റിലെ അംഗബലം നോക്കുകയാണെങ്കിൽ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിക്ക് വിജയം ഉറപ്പാണ്. ബി.ജെ.പിക്ക് ലോക്സഭയിൽ 303 ഉം രാജ്യസഭയിൽ 92 അംഗങ്ങളുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."