ഫെയ്‌സ്ബുക്കിലും ഇനി മികച്ച റീല്‍സിടാം; വീഡിയോ ടാബും, എഡിറ്റിങ് ടൂള്‍സും അവതരിപ്പിച്ച് മെറ്റ
റീല്‍സിന്റെ കുത്തക ഇന്‍സ്റ്റഗ്രാമിന് മാത്രം എഴുതി നല്‍കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല എന്ന് അറിയിക്കുകയാണ് മെറ്റ. ഫെയ്‌സ്ബുക്കില്‍ മികച്ച റീല്‍സുകള്‍ തയ്യാറാക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ മികച്ച എഡിറ്റിങ് ടൂളുകളാണ് മെറ്റ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച റീല്‍സുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.
വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ ടൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യൂസിക്, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ വീഡിയോയില്‍ ചേര്‍ക്കാനും വോയ്‌സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാനും ആവശ്യമില്ലാത്ത നോയ്‌സ് കളയാനുമെല്ലാം എഡിറ്റിങ് ടൂളുകള്‍ വഴി സാധിക്കും. എച്ച്ഡിആര്‍ വീഡിയോ ഫോണില്‍ നിന്ന് റീല്‍സില്‍ അപ്ലോഡ് ചെയ്യാനും ഇപ്പോള്‍ സാധിക്കുന്നതാണ്.
ഇത് കൂടാതെ റീല്‍സ്, ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി പുതിയ വീഡിയോ ടാബും അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോകള്‍ വെര്‍ട്ടിക്കലായി സ്‌ക്രോള്‍ ചെയ്ത് കാണുംവിധമാണ് ഇതില്‍ ക്രമീകരിച്ചിട്ടുള്ളത്. ഫോര്‍ യൂ, ലൈവ്, റീല്‍സ്, മ്യൂസിക് എന്നിങ്ങനെ വീഡിയോകള്‍ വേര്‍തിരിച്ചാണ് കാണിക്കുക. ഷോര്‍ട്ട് കട്ട് ബാറില്‍ പ്രത്യേകം ടാബ് ആയാണ് വീഡിയോ ടാബ് ഉണ്ടാകുക.
കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും റീല്‍സുകള്‍ ഫെയ്‌സ്ബുക്കിലേക്ക് ഷെയര്‍ ചെയ്യുന്നതിനുളള സൗകര്യവും ഇനി മുതല്‍ ലഭ്യമാകും. ഇത് വീഡിയോ കൂടുതല്‍ ഓഡിയന്‍സിലേക്ക് എത്താന്‍ കാരണമാകും. ഇതിനൊപ്പം കൂടുതല്‍ വേഗത്തില്‍ വീഡിയോ തിരയാനും ടാഗുകള്‍ നല്‍കാനുമുളള എക്‌സ്പ്‌ളോര്‍ ഫീച്ചറും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: Facebook introduced new video editing tools in reels
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."