ഒ.സിയിലേക്കെത്തും സി.ഒ
ജീവിതം കൊണ്ട് മരണത്തെ അതിജീവിച്ച ഉമ്മൻ ചാണ്ടിയുടെ ഓർമകൾ തുടിച്ചു നിൽക്കുന്നുവെന്നതു തന്നെയാണ് ചാണ്ടി ഉമ്മന് എതിരാളിയെ തേടുമ്പോൾ സി.പി.എമ്മിനെ കുഴക്കിയത്. അര നൂറ്റാണ്ടിലേറെ മറ്റൊരു എം.എൽ.എയെ സ്വീകരിക്കാതിരിക്കാത്തതു കൊണ്ട് പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി പ്രിയങ്കരനാണെന്നതിൽ ഈഷലില്ലാമേ നിർണയം. പക്ഷെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ ഉമ്മൻ ചാണ്ടി ഇത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് കേരളം അറിയുന്നത് അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ്.
ഇടതു പക്ഷവും കോൺഗ്രസും എന്തിന് ചാണ്ടി ഉമ്മൻ തന്നെയും തിരിച്ചറിയുകയായിരുന്നു ഈയാഥാർത്ഥ്യത്തെ. ആ അന്തിപ്പിൽ നിന്നു തന്നെയാണ് മറിച്ചൊരു ചിന്തക്ക് സൂചിപ്പഴുത് നൽകാതെ കോൺഗ്രസ് ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സ്ഥാനാർഥി ആര് എന്ന തീരുമാനം കുടുംബത്തിന് വിട്ടുവെന്ന കെ. സുധാകരന്റെ വിടുവായത്തം തിരിച്ചെടുത്തെങ്കിലും അതിൽ അച്ചു ഉമ്മനിലേക്ക് ഒരു ചൂണ്ടയുണ്ടായിരുന്നു.
രാഷ്ട്രീയത്തിനോ ബന്ധു രാഷ്ട്രീയത്തിനോ എളുപ്പം വഴങ്ങിക്കൊടുക്കുന്നതല്ല കേരളത്തിലെ കോൺഗ്രസിന്റെ ഘടന. എത്ര തന്നെ കഴിവുള്ളവരാണെങ്കിലും അവരെ പ്രതിരോധിക്കാനാണ് സംസ്ഥാനത്തെ കോൺഗ്രസുകാർ വിയർപ്പു ചിന്തിയത്. ആശ്രിത വാത്സല്യത്തിന് സ്വർണ മെഡൽ നേടിയ കെ. കരുണാകരന് മകൻ മുരളീധരനെ പാർട്ടിയിൽ പ്രതിഷ്ഠിക്കാൻ ഒഴുക്കിയേടത്തോളം വിയർപ്പു മറ്റൊന്നിനു വേണ്ടിയും ഒഴുക്കേണ്ടിവന്നിട്ടില്ല. പിൻമുറക്കാരെന്ന് കരുതിയ ജി. കാർത്തികേയൻ,
രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ് എന്നീ യുവ നേതാക്കൾ കരുണാകരനെ പരസ്യമായി ചോദ്യം ചെയ്തു. മുരളീധരന് വേണ്ടി പാർട്ടിയിൽ നിന്ന് പുറത്തു പോകുക വരെ ചെയ്തു. എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും മക്കളെ സ്നേഹിക്കാഞ്ഞിട്ടല്ല, അവരെ പൊതിഞ്ഞ ആദർശ രാഷ്ട്രീയ യശസ് അതിനനുവദിച്ചില്ലെന്നുമാത്രം. പക്ഷെ ഈ നേതാക്കളുടെ മക്കളെ പ്രതിരോധിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ജാഗരൂകരായിരുന്നു.
നിവൃത്തിയില്ലെന്ന് കണ്ടാണ് അനിൽ ആന്റണി ബി.ജെ.പിയിൽ പോയത്. കോൺഗ്രസുകാരുടെ പ്രതിരോധം തുടരവെ തന്നെ അമരനായ അപ്പയുടെ ഖബറിനരികിൽ നിന്ന് കൂപ്പു കൈയുമായി ചാണ്ടി ഉമ്മൻ അപ്രതിരോധ്യനാവുകയായി. കുഞ്ഞൂഞ്ഞ് ജീവിച്ചിരുന്നുവെങ്കിൽ മകന് പുതുപ്പള്ളിയിൽ സ്ഥാനാർഥിയാവാൻ കഴിയുമായിരുന്നില്ല. ഇടതു സ്ഥാനാർഥിയാവുമെന്ന് മാധ്യമങ്ങളിൽ ഒരു ദിവസം മുഴുവൻ വാർത്തയായ ശേഷം നിഷേധിച്ച ഖദർ ധാരികളിൽ പലരും റിബൽ ആകുമായിരുന്നു.
കുഞ്ഞൂഞ്ഞിനെ വാക്കിലും നോക്കിലും ഉറക്കിലും അനുകരിക്കുന്നുവെന്നാണ് മകനെകുറിച്ച ആക്ഷേപങ്ങളിലൊന്ന്. ഉലഞ്ഞ ഖദറും ചീകാത്ത മുടിയും ഉമ്മൻ ചാണ്ടി ഹിറ്റ് ആക്കിയതാണല്ലോ. പള്ളിയിൽ അപ്പൻ ഇരുന്ന അതേ ഇടത്ത് തറയിലിരിക്കുന്ന മകന്റെ ചിത്രം ഇതിന് തെളിവാകുകയും ചെയ്തു. 2016ലെ യു.ഡി.എഫിന്റെ തോൽവിയോടെ ഉമ്മൻ ചാണ്ടിയെ കോൺഗ്രസുകാർ നേതൃസ്ഥാനത്തുനിന്ന് മാറ്റി. ആ തെരഞ്ഞെടുപ്പിൽ ഒ.സി മത്സരിക്കരുതെന്ന് വരെ കോൺഗ്രസുകാർ പറയുമായിരുന്നു. അത് സോളാർ വിവാദത്തെ ശരിവയ്ക്കുകയും പുതുപ്പള്ളി നഷ്ടപ്പെടുകയും ചെയ്യില്ലായിരുന്നുവെങ്കിൽ.
നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയാറായതുമില്ല. അല്ലെങ്കിലും തോൽവിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഒരാളുടെ മേൽ കെട്ടിവയ്ക്കാൻ കോൺഗ്രസുകാർ മിടുക്കരാണല്ലോ. ഒ.സി മഹാനായിരുന്നുവെന്നും അദ്ദേഹത്തിന്റെ പൊട്ടിയ ചെരുപ്പിന്റെ വാറഴിക്കാൻ കഴിയുന്നവർ പിന്നാലെ വരുന്നില്ലെന്നും വിളിച്ചു പറയിക്കാൻ മരിക്കുകയല്ലാതെ വഴിയില്ലായിരുന്നു. ഒ.സി രോഗ ശയ്യയിലായപ്പോൾ ചാണ്ടി ഉമ്മനെ ചിലരെങ്കിലും ലക്ഷ്യം വയ്ക്കാതിരുന്നില്ല. അപ്പന് ശരിയായ ചികിത്സ നൽകുന്നില്ലെന്ന പരാതി കുടുംബാംഗങ്ങളിൽ നിന്നു തന്നെ ഉയർത്തി. തെരഞ്ഞെടുപ്പ് ഗോദയിൽ അത് വീണ്ടും ഉയർന്നുവരാതിരിക്കില്ല. കാരണം ഈ തെരഞ്ഞെടുപ്പ് ഒ.സിയുടെ ഓർമകളിൽ കറങ്ങി നടക്കും.
37 വയസ് പിന്നിട്ട ചാണ്ടി ഉമ്മൻ, ഇതുവരെ പഞ്ചായത്തു വാർഡിൽ പോലും സ്ഥാനാർഥിയായില്ല. പ്രവർത്തന മേഖല ഏറെക്കുറെ ഡൽഹിയായിരുന്നുവെന്നതാണ് കാരണം. ഡൽഹി യൂനിവേഴ്സിറ്റിക്ക് കീഴിലെ സെന്റ് സ്റ്റീഫൻസ് കോളജിലാണ് ബി.എ ഓണേഴ്സിന് പഠിച്ചത്. ചരിത്രമായിരുന്നു വിഷയം. രണ്ട് കൊല്ലത്തോളം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ആയി. എൽ.എൽ.ബിയും ക്രിമിനോളജിയിലെ എൽ.എൽ.എമ്മും എടുത്തത് തലസ്ഥാനത്ത് തന്നെ.
കോൺസ്റ്റിറ്റ്യൂഷനൽ സ്റ്റഡീസിലെ എൽ.എൽ.എം ബംഗളൂരുവിലുമായി. ഇതിനിടെ സംഘടനാ തലത്തിൽ ചുമതലകൾ ഏറ്റുവെങ്കിലും അതും ഡൽഹി കേന്ദ്രീകരിച്ചായി. എൻ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയതലത്തിലെ ചില ചുമതലകൾ. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിന് പ്രതിഭകളെ തേടിയപ്പോൾ ചാണ്ടി ഉമ്മൻ അതിൽ വന്നു. ദേശീയ തലത്തിൽ പാർട്ടിയുടെ ചുമതല വഹിക്കുന്നവരെയോ പാർട്ടിയുടെ നേതൃത്വത്തിന് പ്രിയപ്പെട്ടവരെയോ കേരളത്തിലേക്ക് കെട്ടിയിറക്കുന്ന രീതി മുമ്പ് കോൺഗ്രസിൽ ഉണ്ടായിരുന്നു.
അതും നടന്നില്ല. അതിനുള്ള ത്രാണി കേന്ദ്ര നേതൃത്വത്തിന് നഷ്ടമായിപ്പോയി. കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയുണ്ടായാൽ കെ.സി വേണുഗോപാൽ പറന്നിറങ്ങുമെന്നു നേതാക്കൾ കരുതുന്നുണ്ട്.
പേരു പോലെ തലതിരിഞ്ഞ ഉമ്മൻ ചാണ്ടിയാണ് ചാണ്ടി ഉമ്മൻ. ഒ.സിയെ കാലത്തിലൂടെ സ്‌ഫുടം ചെയ്തതാണെങ്കിൽ അപ്പന് ശേഷമെങ്കിലും തന്നിലേക്ക് നാട് നോക്കുമെന്ന് സി.ഒക്ക് അറിയാം. ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കുമ്പോൾ അത് സി.ഒയെ മഥിച്ചിരിക്കും. അങ്ങോട്ട് എത്തുകില്ലെങ്കിൽ പോലും ഉമ്മൻ ചാണ്ടിയെ അനുകരിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുവെങ്കിൽ അത് നാടിന് നല്ലതാണ്.
Content Highlights:Editorial in aug 13 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."