കവിതയുടെപലായനം
ഒരു ഡൽഹി യാത്രക്കിടയിലാണ് സഫർ കുനിയാലിന്റെ കവിതകൾ വായിക്കുന്നത്. കശ്മിർ വേരുകളുള്ള കവിയാണു സഫർ. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് സഫർ ജനിച്ചത്. സഫറിന്റെ അമ്മ ഇംഗ്ലിഷുകാരിയായിരുന്നു, അച്ഛൻ കശ്മിരിയും. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച സഫർ പിന്നീട് സിറ്റി യൂനിവേഴ്‌സിറ്റിയിലെ മൈക്കൽ ഡൊനാഗിയുടെ ക്ലാസുകളിൽ നിരന്തരം പങ്കെടുത്തു. കവിതയും ദര്‍ശനവുമായി ബന്ധപ്പെട്ട ചിന്തകള്‍ അദ്ദേഹത്തിൽ രൂപപ്പെട്ടത് അങ്ങനെയാണ്.
2014ൽ ഫേബർ ന്യൂ പൊയറ്റ്‌സ് പരമ്പരയിൽ സഫർ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു, അതേവർഷംതന്നെ വേഡ്‌സ്‌വർത്ത് ട്രസ്റ്റിൽ പോയിറ്റ്-ഇൻ-റെസിഡൻസ് ആയിരുന്നു. 2011ൽ ദേശീയ കവിതാ മത്സരത്തിൽ 'ഹിൽ സ്പീക്ക്' എന്ന കവിതക്ക് സമ്മാനം നേടി. പ്രശസ്ത കവികളായ സ്റ്റീവ് എലി, ഡെനിസ് റൈലി, വാർസൻ ഷയർ എന്നിവരോടൊപ്പം, ഒന്നാം ലോക മഹായുദ്ധത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു പോയട്രി സൊസൈറ്റി കമ്മിഷൻ പ്രസിദ്ധീകരിച്ച പുതിയ കവിതകളുടെ ഒരു പരമ്പരയായ 'ദ പിറ്റി' എന്ന പുസ്തകത്തിൽ അദ്ദേഹം കവിതകൾ എഴുതി.
2014 ഒക്‌ടോബർ 2, ദേശീയ കവിതാ ദിനത്തിൽ, റോബർട്ട് പീക്കിന്റെ പശ്ചാത്തല ദൃശ്യങ്ങൾക്കൊപ്പം സൗത്ത്ബാങ്ക് സെന്ററിലെ പർസെൽ റൂമിൽ 'പിറ്റി' യില്‍ പ്രസിദ്ധപ്പെടുത്തിയ കവിതകൾ അവതരിപ്പിച്ചു. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ പലായനങ്ങൾ, സ്വത്വബോധം, ഏകാന്തത, ദേശബോധം, അതിർത്തികൾ എന്നിവയാണ് സഫറിന്റെ കവിതകളുടെ പൊതുവിഷയങ്ങൾ. ഇപ്പോൾ വെസ്റ്റ് യോർക്ക്ഷെയറിൽ ഹാൾമാർക്ക് കാർഡിനായി മുഴുവൻ സമയ 'ക്രിയേറ്റീവ് റൈറ്റർ' ആയി പ്രവർത്തിക്കുന്നു.
വിശാലമായ രൂപകാത്മകതയാണ് അയാളുടെ കവിതകളുടെ നിറങ്ങൾ. അതിസൂക്ഷ്മമായ രാഷ്ട്രീയബോധം മുറ്റിനിൽക്കുന്ന കവിതകളിൽ ചിലത് ഇന്റർനെറ്റിൽ ലഭ്യമാണ്. സമകാലികതയുടെ വേരുകളിൽ പടരുന്ന അസഹിഷ്ണുതകളെ ഈ കവി നന്നായി നിരീക്ഷിക്കുന്നു.
1
ശൂന്യമായ വാക്കുകള്‍
മാതൃദേശമെന്നാല്‍
എന്റെ ഭാഷയില്‍,
എന്റെ കുഞ്ഞ്
പാല് വേണം എന്ന് പറയും പോലെ
•
വീടിനടുത്തുള്ള
ത്സലം നദിയുടെ താളം പോലെ
എന്റെ പിതാവിന്റെ
സാമ്രാജ്യം
•
എഴുതപ്പെട്ട
വാക്കിനോ
ഉച്ചരിക്കപ്പെട്ട
മൊഴിക്കോ ഇടയില്‍ നിനക്ക്
ഒരു ഇല പോലും നടാനാകില്ല
ആദ്യാക്ഷരം 'അ '
അല്ലെങ്കില്‍
ദൈവം
•
അക്ഷരങ്ങള്‍!
കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്....!
അമ്മയുടെ കൈവിരലുകള്‍ എഴുതും...
അച്ഛനുള്ള കുറിപ്പുകള്‍ ഇനിയുമിനിയും
പടിഞ്ഞാറു നിന്ന് കിഴക്കോട്ടു
അതെല്ലാം എത്തിച്ചേരും
•
അക്രമികള്‍ തൊട്ടടുത്താണ്...
എവിടെയാണെന്നറിയില്ല.
ഇവിടെയോ... അവിടെയോ...
ആവോ!
എന്നോടൊപ്പം
ഈ ചുവപ്പ് കലര്‍ന്ന വയലറ്റ് പൂത്തിരിപ്പൂക്കള്‍
•
പാലായനം ചെയ്യുന്നിടം
ഉറക്കം ഇടക്ക് മുറിയുന്നു.
എവിടെയോ
പാതിവഴിയില്‍....
തലയണകളിലെ ചുളിവുകള്‍ ആണോ ഇത്?
•
നാമിപ്പോള്‍ പിരിഞ്ഞു പോയവര്‍!
ആദ്യമായി...
നമ്മള്‍ നടന്നു പോകവേ....
വാതില്‍പ്പുറത്ത് ഉമ്മ വക്കവേ...
•
പഴയ ഇംഗ്ലീഷ് ഇഷ്ടങ്ങള്‍...!
പുറപ്പെട്ടു പോയ ഒരു തീനാളം.
പോയ കാലത്തിന്റെ ഇരുട്ട്.
പാതി തുറന്ന വാതില്‍.
•
അതേ..
എനിക്കറിയാം.
ശൂന്യത തന്നെ.
'പി' ക്കും 'ടി' ക്കുമിടയില്‍
പക്ഷേ മറ്റെന്തോ ഉണ്ട്.
•
ഗ്രാസ്മിയറിലെ വീട്!
കുന്നുകളിലേക്കുള്ള
മെലിഞ്ഞ
വഴികള്‍
എന്നെ തിരിച്ചുവിളിക്കുന്നു.
2
നമ്മള്‍
ജലത്തിന്റെ ഞൊറിവുകളിലേക്ക്
നമ്മെ കൊണ്ടുപോകുമോ
എന്ന് നീ ചോദിക്കുകയാണെങ്കില്‍,
ഉള്ളില്‍ ചുഴികളുള്ള
കടലിലെ ഓരോ ഓളവും,
നിനക്ക് എത്തേണ്ടിടത്ത് നിന്നാണ് വരുന്നതെങ്കില്‍....
ശേഷം
ഒരുപക്ഷേ അതൊരു
മധ്യഭാഗത്തെ തിരയാണെങ്കില്‍...,
പക്ഷേ, എന്റെ കൗമാരകാലത്ത്
'നമ്മള്‍' എന്നാല്‍ 'ഞാന്‍' എന്ന് കൂടിയായിരുന്നു.
ഒരാള്‍ പറയുന്നു
'നീ പറയു
നാം എവിടേക്ക് പോകുന്നു '
പിന്തുണക്കാര്‍ ഒരേ വിധി പങ്കിടുന്ന രീതിയും
ഞാനും നീയും ഒന്നായി കാണുന്ന രീതിയും....
' ഞങ്ങള്‍ '
അല്ലെങ്കില്‍
'ഞങ്ങള്‍ '
എന്ന തരംഗത്തെ
ഒരു മെക്‌സിക്കന്‍ തിര
മുകളിലേക്ക് ഉയര്‍ത്തുന്നു,
കടല്‍ തീരം പോലെയുള്ള ഒരു പ്രദേശം,
ഒരേസമയം രണ്ട് സ്ഥലങ്ങള്‍,
ദൈവത്തിനു മാത്രമറിയാം
അതില്‍ എന്താണെന്ന്!
മറുഭാഗത്ത്
നമ്മുടെ വേര്‍പിരിയലില്‍
തകര്‍ന്ന
എന്റെ ഹൃദയം.
നമ്മുടെ കാര്യമാകുമ്പോള്‍,
എന്നെ അനിശ്ചിതത്വത്തിന്റെ പാട മൂടുന്നു.
എനിക്കുള്ളില്‍ എന്തോ ഒന്ന്
എന്നെ പരാജയപ്പെടുത്തുന്നു
അത് അങ്ങനെ നീട്ടിക്കൊണ്ടുപോകാമെന്നു തന്നെയാണ്
ഞാന്‍ കരുതുന്നത്.
പക്ഷേ തിരമാലകള്‍
വാക്കുകളെക്കാള്‍ വിശാലമാണ്.
നിനക്കത് മനസിലാകുമെന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്ക്
മനസിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പ്രണയത്തിനും നഷ്ടത്തിനുമിടയില്‍ നീ
എന്നോടൊപ്പമുണ്ടെന്ന്
ഞാന്‍ പ്രതീക്ഷിക്കുന്നു
അവിടെ ഞാന്‍ എന്നെത്തന്നെ
വിട്ടുകൊടുക്കും,
ഒറ്റപ്പെട്ടു പ്രപഞ്ചം
ഒരു സമ്മര്‍ദത്തിന്റെ വിഷയമാണെന്നപോലെ.
ഞങ്ങളെ. ഞാന്‍ പ്രതീക്ഷിക്കുന്നു,
ഇവിടെ നിന്ന്,
എനിക്ക് അത് പറയാന്‍ കഴിയും .
വളരെ വിദൂരമാണെങ്കിലും,
അത് വളരെ തെറ്റായിരിക്കില്ല.
പ്രപഞ്ചം എല്ലാറ്റിനും ഉത്തരമാണ്
എന്ന പോല്‍...
നമ്മള്‍,
ഞാന്‍ പ്രത്യാശിക്കുന്നു
എനിക്കിത് പറയാന്‍ കഴിയും.
ഇത് അധിക കാലം തെറ്റായി നിലനില്‍ക്കില്ല.
3
പ്രാര്‍ഥന
കാതില്‍ ആദ്യം കേട്ട വാക്കുകള്‍
ദൈവം മഹാനാണ് എന്നായിരുന്നു.
എന്റെ അച്ഛന്‍ പറഞ്ഞു തന്നത്!
എലിസബത് റാണിയുടെ പ്രസവ വാര്‍ഡില്‍.
ദൈവത്തിന്റെ ശ്വാസത്തില്‍ നിന്ന്
ഒരു മനുഷ്യ ജീവന്‍
അവന്റെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
എന്നിട്ട് പറഞ്ഞു
ഇത് പ്രാര്‍ഥനയാണ്.
ഒരുപക്ഷേ ഞാന്‍
അവന്റെ വാക്കുകള്‍
ഇവിടെ തുടരുകയാണെങ്കില്‍..
ജനനം മുതല്‍...?
സ്വര്‍ഗം മുതല്‍ ഭൂമി വരെ നീളുന്ന ആ പാത!
എന്റെ അമ്മ ഒരു സാധാരണ
ആശുപത്രിക്കിടക്കയില്‍ ആണ്.
പ്രാര്‍ഥനകള്‍ക്ക്
ഒരിക്കലും അവസാനമില്ല
എന്നാണ് അമ്മ പറയുന്നത്.
ഞാനൊരു മൃഗത്തിന്റെ ശബ്ദമുണ്ടാക്കി.
ഭാഷയില്‍ വേഗത്തില്‍
മുറിവുകള്‍ തീര്‍ത്ത് കൊണ്ട്.
മധ്യാഹ്നത്തില്‍
ആ വാക്ക് വന്നു.
അര്‍ബുദം.
ഉടല്‍ മുഴുവന്‍ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്ന്!
പാതിരാത്രിയില്‍ അമ്മയുടെ
ഞരക്കങ്ങള്‍ അണഞ്ഞു പോയി.
ഞാന്‍ അങ്ങനെ തന്നെ നിന്നു.
അമ്മയുടെ കട്ടിലിനരികെ.
ആദ്യം
സമയവും താളവും
നിശ്ചലമായി.
ഞാന്‍ പതുക്കെ മന്ത്രിച്ചു
അമ്മേ
ഞാന്‍ ഒരു പാട് സ്‌നേഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."