രാജ്യാതിരുകള്‍ പിന്നോട്ട്; മുന്നോട്ടു ചവിട്ടി ഫായിസ് കേരളത്തില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര ഇന്ന് യു.എ.ഇയില്‍
സ്വന്തം ലേഖകൻ
കോഴിക്കോട് • തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ സൈക്കിള്‍ യാത്ര ഇന്ന് യു.എ.ഇയിലെത്തും. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ താണ്ടി ലണ്ടന്‍ ലക്ഷ്യമിട്ട് മുന്നേറുന്ന ഫായിസ് ഒമാന്‍ അതിര്‍ത്തികടന്നാണ് യു.എ.ഇയില്‍ പ്രവേശിക്കുന്നത്. 450 ദിവസം പിന്നിടുമ്പോള്‍ ലണ്ടനിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറാനാകുമെന്നാണ് പ്രതീക്ഷ.
'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ പരസ്പരസ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സന്ദേശത്തോടെ 'ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്' എന്ന മുദ്രാവാക്യവുമായാണ് യാത്ര. മുംബൈയിലെത്തിയ ശേഷം വിമാനമാര്‍ഗമാണ് ഒമാനിലിറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗം യു.എ.ഇയിലും. മൂന്നാഴ്ച കൊണ്ട് യു.എ.ഇയിലെ ഏഴ് എമിറേറ്റുകളും പിന്നിടും. 19ന് സില അതിര്‍ത്തികടന്ന് സഊദിയിലേക്കു കടക്കും. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, ജോര്‍ജിയ, തുര്‍ക്കി എന്നിവയാണ് അടുത്ത ലക്ഷ്യസ്ഥാനങ്ങള്‍. വിസ ലഭിക്കാത്തതിനാല്‍ പാകിസ്താനും ചൈനയും ഒഴിവാക്കി.വിപ്രോയിലെ ജോലി രാജിവച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങിയത്. 2019ല്‍ കോഴിക്കോട്ടു നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ രാജ്യാന്തര സൈക്കിള്‍ യാത്ര. നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍, തായ്‌ലന്‍ഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോമീറ്റര്‍ താണ്ടി. ഭാര്യ ഡോ. അസ്മിന്‍ യാത്രയ്ക്ക് എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കുന്നു. ഫഹ്‌സിന്‍ ഒമര്‍, അയ്‌സിന്‍ നഹേല്‍ എന്നിവരാണ് മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."