വന്യമൃഗവേട്ട: അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍
ഗൂഡല്ലൂര്‍: വാഹനങ്ങളിലെത്തി വനത്തിനുള്ളില്‍ വന്യമൃഗങ്ങളെ വേട്ടയാടിയ അഞ്ചംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. ഇവരില്‍ നിന്ന് രണ്ടു കാര്‍, ഒരു തോക്ക്, തിരകള്‍, കാട്ടാടിന്റെ ഇറച്ചി, തോല് എന്നിവ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്.
ഗൂഡല്ലൂര്‍ റെയിഞ്ചര്‍ ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. മഞ്ചേരി സ്വദേശികളായ മുഹമ്മദ് റഫീഖ്(42), മുഹമ്മദ് സുഹൈല്‍(28), പാടന്തറ മങ്കമൂല ആദിവാസികോളനിയിലെ കുട്ടന്(26), മണി(25), രമേശ്(20) എന്നിവരാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ നീലഗിരി എ.സി.എഫ് പുഷ്പാകരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. പാടന്തറ കങ്കമൂല ആദിവാസി കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം വേട്ടക്കെത്തിയത്. നമ്പര്‍ പതിക്കാത്ത രണ്ട് കാറുകള്‍ കോളനിയില്‍ കണ്ടതായി വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് റെയ്ഞ്ചര്‍ ശെല്‍വരാജ്, ഗാര്‍ഡ് സുദീര്കുമാര്, വാച്ചര്‍മാരായ ശങ്കര്‍, മഹേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതേതുടര്‍ന്നാണ് സംഘം വലയിലായത്. പ്രദേശത്തെ ഒരു വീട്ടില്‍ നിന്നാണ് കാട്ടാടിന്റെ ഇറച്ചിയും, തോലും, നാടന്‍ തോക്കും, 12 തിരകളും, കത്തിയും വനംവകുപ്പ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."