മലയാണ്മയെ വാനോളമുയര്‍ത്തി മലയാള മഹോത്സവത്തിന് സമാപനം
ഫുജൈറ: യു.എ.ഇ കിഴക്കന്‍ പ്രവിശ്യയില്‍ മലയാണ്മയുടെ വിരുന്നൊരുക്കിയ ഫുജൈറ മലയാള മഹോത്സവത്തിന് ഉജ്ജ്വല പരിസമാപ്തി. മലയാളം മിഷന്‍ ചെയര്‍മാന്‍ ഡോ. പുത്തൂര്‍ റഹ്മാന്റെ അധ്യക്ഷതയില്‍ ഐ.എസ്.ഇ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മഹാ സംഗമം പ്രശസ്ത വാഗ്മിയും ബഹു ഭാഷ പണ്ഡിതനുമായ ഡോ. എം പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. അറബ് നാട്ടില്‍ മലയാളികള്‍ തീര്‍ത്ത മഹാവിസ്മയമാണ് മലയാള മഹോത്സവമെന്ന് സമദാനി അഭിപ്രായപ്പെട്ടു.
കേരള മലയാളം മിഷന്‍ ഡയറക്റ്ററും വിഖ്യാത കവിയുമായ ശ്രീ മുരുകന്‍ കാട്ടാകട മുഖ്യാതിഥിയായിരുന്നു. 'ബാഗ്ദാദ്' എന്ന തന്റെ പ്രശസ്തമായ കവിതാലാപനത്തിലൂടെ മുരുകന്‍ സദസ്സിനെ വിസ്മയിപ്പിച്ചു. മലയാള ഭാഷ പഠനോത്സവത്തില്‍ വിജയികളായ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്കും കാര്‍മികത്വം വഹിച്ച അദ്ധ്യാപകര്‍ക്കും സര്‍ഗ്ഗമാമാങ്കത്തില്‍ പങ്കെടുത്തവര്‍ക്കും ഡോ. എം പി അബ്ദുസമദ് സമദാനി എം പിയും മുരുകന്‍ കാട്ടാക്കടയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മലയാളി സമൂഹത്തില്‍ നിന്നുള്ള വിവിധ സാംസ്‌കാരിക സംഘടനകളില്‍ നിന്നുള്ളവരെ ഒരു കുടകീഴില്‍ ഇരുത്തിയ വേദിയില്‍ രാഷ്ടീയ, സാസംകാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരും എത്തിച്ചേര്‍ന്നു. സഞ്ജീവ് മേനോന്‍ അവതാരകനായിരുന്നു.
വിടപറഞ്ഞ മുന്‍ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണനു വേണ്ടി ഫുജൈറ മലയാളം മിഷന്‍ മേഖല പ്രസിഡന്റ് സന്തോഷ് ഓമല്ലൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജശേഖരന്‍ വല്ലത്ത് ആമുഖ ഭാഷണം നിര്‍വഹിച്ചു. മലയാളം മിഷന്‍ യു എ ഇ കോര്‍ഡിനേറ്റര്‍ കെ എല്‍ ഗോപി, ഐ എസ് സി ജനറല്‍ സെക്രട്ടറി സന്തോഷ് കെ മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു. മലയാള മഹോത്സവം ജനറല്‍ കണ്‍വീനര്‍ സൈമണ്‍ സാമുവല്‍ സ്വാഗതവും ഷൈജു രാജന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."