അതിര്‍ത്തി തര്‍ക്കം; കഴുത്തില്‍ മരക്കമ്പുകൊണ്ട് കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
നെയ്യാറ്റിന്‍കര: അതിര്‍ത്തി തര്‍ക്കത്തിനിടെ കഴുത്തില്‍ മരക്കമ്പുകൊണ്ട് കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താന്നിമൂട്, അവണാകുഴി, കരിക്കകംതല പുത്തന്‍വീട്ടില്‍ വിജയകുമാരി(43) യാണ് മരിച്ചത്. അയല്‍വാസിയായ യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് റബര്‍ കമ്പ് ഉപയോഗിച്ച് വിജയകുമാരിയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സംസാരശോഷി പൂര്‍ണമായും നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ആക്രമണം നടത്തിയ കമുകിന്‍കോട്, ഒറ്റപ്ലാവിള വീട്ടില്‍ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകള്‍, കോട്ടുകാലക്കുഴി മേലെവീട്ടില്‍ നിഖില്‍(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയകുമാരിയുടെ സ്ഥലത്തിനോട് ചേര്‍ന്നുള്ള സ്ഥലം അടുത്തിടെയാണ് അനീഷ് വാങ്ങിയത്. ഈ വസ്തുവിന്റെ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. വീടിനുമുന്‍പില്‍ തുണി കഴുകുകയായിരുന്ന വിജയകുമാരിയുടെ വീഡിയോ അനീഷും നിഖിലും ചേര്‍ന്ന് പകര്‍ത്തിയത് ചോദ്യം ചെയ്യുന്നതിനിടെയാണ് വീട്ടുമുറ്റത്തു കിടന്ന റബ്ബര്‍ കമ്പെടുത്ത് വിജയകുമാരിയുടെ കഴുത്തില്‍ കുത്തിയത്. കുത്തേറ്റ വിജയകുമാരി താഴെവീണതോടെ പ്രതികള്‍ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പൊലിസ് കസ്റ്റഡിയിലായി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിപ്ലോമ കോഴ്‌സിനു പഠിക്കുന്ന മകള്‍ ശിവകല മാത്രമാണ് വിജയകുമാരിക്കുണ്ടായിരുന്നത്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."