
ഭയം കൊണ്ടാണ് ഞങ്ങള്‍ തലക്കെട്ടുകളില്‍ ഒളിക്കുന്നത്
പല കാരണങ്ങളാല്‍ ഇന്ത്യയില്‍നിന്ന് പുതുതലമുറ പലായനം ചെയ്യുകയാണല്ലോ? ഉന്നതവിദ്യാഭ്യാസമോ മെച്ചപ്പെട്ട തൊഴിലോ തേടി മാത്രമാണോ ഇത്തരം നാടുവിടലുകള്‍. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയാന്പോലും പറ്റാത്ത രാഷ്ട്രീയസാഹചര്യം രാജ്യത്തുണ്ടോ?
ഏതാനും മാസങ്ങള്‍ക്കിടെ എറണാകുളത്തുനിന്നു മാത്രം ഏഴായിരം കുട്ടികളാണ് വിദേശ രാജ്യങ്ങളിലേക്ക് പോയത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും തേടിയാണ് ഈ കുട്ടികളുടെ പോക്ക് എന്നാണ് പൊതുവെ പറയുന്നത്. മിക്ക കുട്ടികള്‍ക്കും പറയാനുണ്ടാവുക ഈ കാരണങ്ങളൊക്കെത്തന്നെയാവും.
അഭിപ്രായസ്വാതന്ത്ര്യമില്ലാത്തതുകൊണ്ടല്ല തങ്ങള്‍ നാടുവിടുന്നതെന്ന് ആരും പറയാനുമിടയില്ല. എന്നാല്‍ അവരുമായി കുറച്ചുകൂടി ആഴത്തില്‍ സംസാരിക്കുമ്പോള്‍ നമുക്ക് മനസിലാവും, സ്വതന്ത്രമായി ജീവിക്കാന്‍ പറ്റാത്ത ദേശമായി ഇന്ത്യ മാറിയെന്ന്. മികച്ച വിദ്യാഭ്യാസത്തിനും തൊഴിലിനുമപ്പുറം, സാമൂഹികസുരക്ഷ ഉള്‍പ്പെടെയുള്ള അനവധി സൗകര്യങ്ങള്‍ പുറംരാജ്യങ്ങളിലുണ്ടെന്നും. ഇത്തരം പുറപ്പെട്ടുപോകലുകളെ വേണമെങ്കില്‍ നമുക്ക് 'പ്രഷര്‍കുക്കര്‍ ഇഫക്ട്' എന്ന് വിശേഷിപ്പിക്കാം. അതായത്, പല കാലങ്ങളില്‍ പല കാരണങ്ങളാല്‍ നമ്മുടെ ഉള്ളിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ നമ്മുടെ ചിന്തകളുടെ അതിര്‍വരമ്പുകളെ ഭേദിക്കും. ഈ രാജ്യം ശരിയല്ല, ഇവിടുത്തെ വിദ്യാഭ്യാസം കുറ്റമറ്റതല്ല, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഇവിടെയില്ല, തന്റെ വിശ്വാസത്തിനോ അഭിപ്രായങ്ങള്‍ക്കോ സമൂഹം വിലകല്‍പ്പിക്കുന്നില്ല എന്നിങ്ങനെയുള്ള ചിന്തകള്‍ പല യുവാക്കളെയും സമ്മര്‍ദങ്ങളുടെ കൊടുമുടി കയറ്റും.
അത്തരം സമ്മര്‍ദങ്ങളില്‍നിന്നുള്ള രക്ഷപ്പെടല്‍ എന്ന നിലയിലാണ് മിക്ക വിദ്യാര്‍ഥികളും യു.കെയിലേക്കോ യു.എസിലേക്കോ അയര്‍ലൻഡിലേക്കോ വിമാനം കയറുന്നത്. ഇങ്ങനെ പുറത്തുപോയ ഒരു ചെറുപ്പക്കാരന് എന്നോട് പറഞ്ഞത്, നമ്മുടെ നാട്ടില്‍ ശോഭനമായ ഭാവിയില്ലെന്നാണ്. എവിടെനിന്നാണ് അവര്‍ക്ക് ഇങ്ങനെയൊരു സൂചന കിട്ടുന്നതെന്ന് നാം ആലോചിക്കേണ്ടതുണ്ട്. അവരുടെ ഉള്ളിലുള്ള ഇത്തരം അസ്വസ്ഥതകളുടെ കാരണം അഭിപ്രായസ്വാതന്ത്ര്യത്തിന്റേതുതന്നെയാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും പറഞ്ഞാല്‍ കൈവെട്ടുമോ കാലുവെട്ടുമോ എന്ന ഭയമാണ്. ഇതൊക്കെ പറയുമ്പോള്‍ പലരും എന്നോട് പറയുന്നത്, നിങ്ങള്‍ പല കാര്യങ്ങളും പര്‍വതീകരിക്കുകയാണെന്നും ഇന്ത്യയില്‍ നിലവില്‍ നിങ്ങള്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നുമൊക്കെയാണ്. അവരോട് എനിക്ക് പറയാനുള്ളത്, ട്രെയിന്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട ജുനൈദിന്റെ ജീവിതത്തെക്കുറിച്ചാണ്.
ഡല്‍ഹിയില്‍ നിന്ന് ഹരിയാന അതിര്‍ത്തിഗ്രാമമായ വല്ലഭ്ഗഡിലെ തന്റെ വീട്ടിലേക്ക് ട്രെയിനില്‍ പോകുന്നതിനിടെയാണ് ഗോരക്ഷക് ഗുണ്ടകളുടെ കൊലക്കത്തിക്ക് ജുനൈദ് എന്ന പതിനാറുകാരന് ഇരയായത്. ബീഫ് കൈവശം വച്ചെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ട വിചാരണയ്ക്കൊടുവിലുണ്ടായ ഈ കൊലപാതകം. ജുനൈദിന്റെ മരണത്തിന് മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരോട് ഒരുകാര്യം പറയട്ടെ. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഗ്യാപ് ഇയര്‍ എന്നൊരു സമ്പ്രദായമുണ്ട്. പഠനത്തിന്റെ ഇടവേളകളില്‍ മറ്റു സംസ്കാരങ്ങളും ജീവിതരീതികളും പഠിക്കാനായി കുട്ടികളെ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും അയക്കുന്ന രീതിയാണത്.
അത്തരത്തില്‍ നമ്മുടെ രാജ്യത്തെക്കുറിച്ചറിയാനും പഠിക്കാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഒരു പത്തോ ഇരുപതോ ദിവസം നിങ്ങളുടെ കുട്ടിയെ തനിച്ചുവിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? സിദ്ദീഖ് കാപ്പനു സംഭവിച്ചതുപോലെ നിങ്ങളുടെ മക്കള്‍ക്കും സംഭവിക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാക്കാന്‍ കഴിയുമോ? കേരളത്തിലേക്കാണെങ്കില് നമുക്ക് ധൈര്യമായി പറയാം, ഒരു പ്രശ്നവുമില്ലാതെ കുട്ടികള്‍ തിരിച്ചെത്തുമെന്ന്. രക്ഷാകര്‍ത്താവെന്ന നിലയില്‍ യു.പിയിലേക്കോ മധ്യപ്രദേശിലേക്കോ എന്റെ കുട്ടികളെ വിടാനുള്ള ധൈര്യം ഏതായാലും എനിക്കില്ല. എന്റെ പല സുഹൃത്തുക്കളും ഹരിയാനയിലും മിസോറമിലുമൊക്കെ ഉണ്ടെങ്കിലും എനിക്കതിന് തരിമ്പും ധൈര്യമില്ല. എന്നാല്‍ ഒരു പരിചയവുമില്ലാത്ത അമേരിക്കയിലേക്കോ ദുബൈയിലേക്കോ മക്കളെ വിടാന്‍ പേടിയുമില്ല. ഇതേ മാനസികാവസ്ഥ തന്നെയാണ് പല രക്ഷിതാക്കള്‍ക്കും. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളുടെ പുറംരാജ്യങ്ങളിലേക്കുള്ള ഒഴുക്ക് ഒരുതരം പലായനം തന്നെയാണ്.
കുറച്ചുകാലം മുമ്പുവരെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് മറ്റു രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ടായിരുന്നു. എന്നാല്‍ , പുതിയ കാലത്ത് ഇത്തരം അന്വേഷണങ്ങള്‍ക്കും ജാഗ്രതയ്ക്കും പകരം തലക്കെട്ടുകളിലെ ഗിമ്മിക്കുകള്‍ കൊണ്ടു മാത്രമാണ് പല പത്രങ്ങളും നിലനിന്നുപോകുന്നത്, 'ദി ടെലഗ്രാഫ്' ഉള്‍പ്പെടെ?
വളരെ ശരിയാണ്. മാതൃകാപരമായ മാധ്യമപ്രവർത്തനമല്ല ഞങ്ങള്‍ ഉള്‍പ്പെടെ ചെയ്യുന്നത്. 1982ല്‍ 'ദി ടെലഗ്രാഫ്' തുടങ്ങുന്ന കാലത്ത് നമ്മുടെ രാജ്യത്തിന് ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നു. ഇന്ത്യയില്‍ പത്രപ്രവര്‍ത്തനത്തിന്റെ സുവര്‍ണദശയായിരുന്നു എണ്‍പതുകള്‍. മാധ്യമപ്രവർത്തനം എല്ലാ അര്‍ഥത്തിലും പുരോഗമിച്ച കാലമായിരുന്നു അത്. ഇന്ത്യ ടുഡേ പോലുള്ള മാധ്യമങ്ങളും അരുണ്‍ ഷൂരിയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരുമാണ് അത്തരത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ ആധുനികമുഖം നല്‍കിയത്. അതിന്റെയൊക്കെ ഉപോല്പ്പന്നമാണ് 'ദ ടെലഗ്രാഫ്'. അതുവരെ, രാഷ്ട്രീയക്കാരുടെ പ്രസംഗം പകര്‍ത്തിക്കൊടുക്കുക, സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു ഇവിടുത്തെ മാധ്യമപ്രവര്‍ത്തനം. ശേഖര്‍ ഗുപ്തയെപ്പോലുള്ളവരാണ് അതിനൊരു മാറ്റം കൊണ്ടുവന്നത്.
ചാരുകസേര ജേണലിസത്തിനു പകരം സ്പോട്ടില്‍ പോയി വിവരം ശേഖരിക്കുകയും വസ്തുതകള്‍ ചികയുകയും ചെയ്തത് ഇക്കാലത്താണ്. 1990കളിലേക്ക് എത്തിയതോടെ രാജ്യം ഉദാരവല്‍ക്കരണത്തിന്റെ വലിയ ചുഴിയിലേക്ക് പതിച്ചു.
(പത്രപ്രവര്ത്തകരുടെയടക്കം ശമ്പളത്തില്‍ വലിയ വര്‍ധനയുണ്ടായി എന്നതടക്കമുള്ള കാരണങ്ങളാല്‍ ലിബറലൈസേഷനെ വ്യക്തിപരമായി കുറ്റപ്പെടുത്താന്‍ എനിക്കു കഴിയില്ല). സ്വതന്ത്ര വിപണിക്കായി രാജ്യം മലര്‍ക്കെ തുറക്കപ്പെട്ടതോടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികള്‍ ഇവിടെ വേരുറപ്പിക്കന്‍ തുടങ്ങി. പത്രങ്ങളുടെ പരസ്യവരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായി. കോര്‍പറേറ്റ് പരസ്യങ്ങളായിരുന്നു അക്കാലത്തെ പത്രങ്ങളുടെ മുഖ്യവരുമാനം. അത്തരം പരസ്യദാതാക്കള്‍ക്ക് മറ്റൊരു പ്രശ്നവുമുണ്ടായിരുന്നു. തങ്ങളുടെ താല്പര്യങ്ങള്ക്കനുസൃതമായ വാര്‍ത്തകളേ പത്രത്തില്‍ വരാവൂ എന്നതായിരുന്നു അത്. വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിന് പ്രാമുഖ്യം കൊടുക്കണമെന്ന് മാനേജ്മെന്റ് വഴി അവര്‍ എഡിറ്റര്‍മാര്‍ക്ക് നിര്‍ദേശവും നല്കി. ഒന്നാം പേജില്‍ കോൺഫ്ലേക്സിൻ്റെയും കോളയുടെയും അരപ്പേജ് പരസ്യത്തിനു മുകളില്‍ ബിഹാറിലെ പട്ടിണിയും ഉത്തര്‍പ്രദേശിലെ വരള്‍ച്ചയും വരുന്നത് ഇത്തരം പരസ്യദാതാക്കള്‍ക്ക് ദഹിച്ചില്ല.
കോള കമ്പനിയുടെ അക്കാലത്തെ ഒരു പരസ്യമായിരുന്നു 'It's fun to be thirsty' എന്നത്. നിര്‍ഭാഗ്യവശാല്‍ ഈ പരസ്യം തരംഗമായ സമയത്തായിരുന്നു രാജ്യം ഭീകരമായ വരള്‍ച്ചയെ അഭിമുഖീകരിച്ചത്. കുടിവെള്ളം കിട്ടാതെ നൂറുകണക്കിന് പേര് മരിച്ചു. ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി തരിശായി. 'ദാഹിക്കുക എന്നത് ഒരു രസമാണെന്ന്' പരസ്യം പറയുകയും നിത്യജീവിതത്തില്‍ ആയിരക്കണക്കിനുപേര്‍ കുടിവെള്ളം കിട്ടാതെ വലയുകയുമായിരുന്നു. വരള്‍ച്ചയില്‍ പൊറുതിമുട്ടി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് ഈ പരസ്യം പത്രങ്ങളുടെ മുന്‍പേജില്‍ നിറഞ്ഞുനിന്നത്. ഈ വൈരുധ്യം പരസ്യദാതാക്കളെപ്പോലെ പത്രമുതലാളികള്ക്കും ബോധ്യമായിത്തുടങ്ങി. പരസ്യദാതാക്കളെ കൂടെനിര്‍ത്തിയാലേ രക്ഷയുള്ളൂ എന്നു തിരിച്ചറിഞ്ഞതോടെ മാധ്യമങ്ങള്‍ ശുഭവാര്ത്തകളിലേക്കുമാത്രം ചുരുങ്ങാന്‍ തുടങ്ങി. പുതിയകാലത്ത് നരേന്ദ്രമോദിയും പറയുന്നത് ഇതുതന്നെയാണ്; നല്ല വാര്‍ത്തകള്‍ മാത്രം മതി നമുക്കെന്ന്.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് എന്തു ശുഭവാര്ത്തയാണുള്ളത്? ഒരു ചന്ദ്രയാന്‍ യാത്രയോ. അതല്ലെങ്കില്‍ ബോളിവുഡ് നായകരെക്കുറിച്ചുള്ള വീരകഥകളോ. അതിനപ്പുറം നല്ലതെന്നു പറയാന്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം.
1983ലാണല്ലോ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ജയിക്കുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഉദയത്തോടെ തൊണ്ണൂറുകളില്‍ രാജ്യം ക്രിക്കറ്റില്‍ സൂപ്പര്‍ പവര്‍ ആയി. പാകിസ്താനില്‍ ആദ്യ പരമ്പര ജയിച്ചതോടെ സച്ചിന് ദൈവികപരിവേഷവുമായി. അക്കാലത്ത് പാക് ടീമും കരുത്തരായിരുന്നു. അതോടെ ഇന്ത്യ-പാക് മത്സരമെന്നത് യുദ്ധോത്സുക മനോനിലയിലേക്ക് മാറി. 'ദി ടെലഗ്രാഫ്' അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജ് ഉള്‍പ്പെടെ ക്രിക്കറ്റ് മാമാങ്കങ്ങളുടെ വാര്‍ത്തകളാല്‍ അപഹരിക്കപ്പെട്ടു. വെള്ളിയാഴ്ചകളില്‍ കളിക്കാനിറങ്ങരുതെന്നും കളിച്ചാല്‍ അവര്‍ക്കായിരിക്കും ജയമെന്നും ഇവിടുത്തെ പല പ്രമുഖ പത്രങ്ങളുമെഴുതി. പുതിയകാലത്തുപോലും അത്തരം പ്രതിലോമകരമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോലും നടക്കുന്നില്ലെന്ന് നാം ഓര്‍ക്കണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് പരമ്പരയ്ക്ക് 'ദി ടെലഗ്രാഫ്' കൊടുത്ത തലക്കെട്ട് 'It's War' എന്നായിരുന്നു.
ക്രിക്കറ്റിന് ജാതിയും മതവുമൊന്നുമില്ലെന്ന് നമ്മള് പറയുമെങ്കിലും കറകളഞ്ഞ വര്‍ഗീയത തന്നെയായിരുന്നു ഇതിനു പിന്നില്‍. ഇന്ത്യ-പാക് മത്സരമുള്ള ദിവസങ്ങളില്‍ രാജ്യത്തെ നിരത്തുകള്‍ ഏതാണ്ട് ശൂന്യമായിരുന്നു. ആ സമയത്ത് പവര്‍കട്ട് ഒഴിവാക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധരായിരുന്നു. ഈയൊരു പരിതാവസ്ഥയില്‍ സ്വാഭാവികമായും ജനങ്ങളറിയേണ്ട പല പ്രധാന സംഭവങ്ങളും ഭരണകൂട വിമര്‍ശനങ്ങളും പത്രങ്ങളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. പത്രങ്ങളുടെ സിംഹഭാഗവും ക്രിക്കറ്റ് വാര്‍ത്തകളാല്‍ നിറഞ്ഞു. സ്പോര്‍ട്സ് എഡിറ്റര്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും മുമ്പൊരിക്കലുമില്ലാത്ത പ്രാധാന്യം കൈവന്നു. സുനാമി റിപ്പോര്‍ട്ടിങ്ങിന് ചെന്നൈയിലേക്കോ പുതുച്ചേരിയിലേക്കോ ആന്ധ്രയിലേക്കോ ആളെ വിടാന്‍ തയാറല്ലെങ്കിലും ക്രിക്കറ്റ് പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാകിസ്താനിലേക്കോ ശ്രീലങ്കയിലേക്കോ യു.കെയിലേക്കോ സ്പോര്‍ട്സ് ജേണലിസ്റ്റുകളെ അയക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. അതോടെ മുഖ്യധാരയില്‍ ചുറുചുറുക്കോടെ നിന്ന പല മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്ത തേടാനുള്ള ത്വരയും ഊര്‍ജവുമൊക്കെ നഷ്ടമായി. തൊണ്ണൂറുകളുടെ ഒടുവില്‍ കാര്‍ഗില്‍ യുദ്ധകാലത്താണ് ആ ഊര്‍ജനഷ്ടം കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ പല ജേണലിസ്റ്റുകള്‍ക്കും കഴിഞ്ഞത്. എങ്കിലും കാര്‍ഗിലില്‍ സംഭവിച്ചതിന്റെ ഉള്ളുകള്ളികളോ വിശദാംശങ്ങളോ ഇനിയും പുറത്തുവന്നിട്ടില്ല.
2004ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം മൂര്ധന്യത്തിലെത്തിയതെന്ന് സാമാന്യേനെ പറയാം. കശ്മിരില്‍ സമാധാനം പുനഃസ്ഥാപിച്ചതുള്പ്പെടെ പുരോഗമനപരമായ ഒട്ടേറെ കാര്യങ്ങല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുകയുണ്ടായി. ആ സമയത്താണ് മലവെള്ളപ്പാച്ചില്‍ പോലെ അഴിമതി വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറഞ്ഞത്. ടുജി സ്പെക്ട്രം കേസ് ഉള്‍പ്പെടെ എത്രയോ ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ പൊട്ടിമുളച്ചു. എന്നാല്‍ ഇത്തരം അഴിമതിക്കഥകള്‍ക്കു പിന്നില്‍ ആര്.എസ്.എസ് അജൻഡയായിരുന്നുവെന്ന കാര്യം പല മാധ്യമപ്രവര്‍ത്തകര്‍ക്കും നിശ്ചയമില്ലായിരുന്നു. അക്കാലത്ത് 'ദി ടെലഗ്രാഫ്' അത്തരം അതിശയോക്തി നിറഞ്ഞ അഴിമതിക്കഥകളെ സംശയത്തോടെ തന്നെയായിരുന്നു വീക്ഷിച്ചത്.
ടു ജി സ്പെക്ട്രം ലേലത്തില്‍ നടന്നത് യമണ്ടന്‍ അഴിമതിയാണെന്ന് മിക്ക പത്രങ്ങളും വലിയവായില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ വായനക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള അഴിമതിയൊക്കെ നടന്നിരിക്കാമെങ്കിലും രാജ്യത്തിന്റെ ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ കുതിപ്പിനു വേഗം പകരുന്നതാണ് ടു ജി സ്പെക്ട്രം ലേലം എന്നതായിരുന്നു. മൊബൈല്‍ ഫോണിനെ ജനാധിപത്യവല്‍ക്കരിക്കുന്നതിലും ഇത്രയും ചെറിയ കാശിനു മൊബൈല്‍ സേവനം സാധ്യമാക്കിയതിനും പിന്നില്‍ എ. രാജ എന്ന ടെലികോം മന്ത്രിയുടെ കരുത്താര്‍ന്ന നടപടികളായിരുന്നു. മൊബൈല്‍ഫോണ്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ചകാലത്ത് മിനുട്ടിന് 16 രൂപയായിരുന്നു നിരക്ക്. ഇന്നിപ്പോള്‍ ലോകത്ത് ഏറ്റവും ചുരുങ്ങിയ നിരക്കില്‍ മൊബൈല്‍ സേവനം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇത്തരത്തില്‍ മൊബൈല്‍ നിരക്കു നിര്‍ണയത്തിലെ കുത്തക തകര്‍ത്തതിനു പിന്നില്‍ എ. രാജയുടെ കര്‍ശന ഇടപെടലുകളാണ്. രാജ്യത്തെ വികസനപാതയിലേക്കു നയിച്ച ഭരണാധികാരികളില്‍ ഒന്നാമത്തെയാള്‍ രാജീവ് ഗാന്ധിയും രണ്ടാമത് മന്മോഹന് സിങ്ങും ആണെങ്കില്‍ മൂന്നാമന് തീര്‍ച്ചയായും എ. രാജ തന്നെയാണ്. രാജയ്ക്കെതിരേ അന്ന് നട്ടാല്‍മുളയ്ക്കാത്ത ആരോപണങ്ങള്‍ ഉയരാന്‍ പ്രധാന കാരണം അദ്ദേഹത്തിന്റെ ജാതി തന്നെയായിരിക്കണം. രാജ ഒരു ബ്രാഹ്മണന് ആയിരുന്നുവെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുകയില്ലായിരുന്നു.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയതോടെ അഴിമതി അപ്പാടെ തുടച്ചുമാറ്റി എന്നാണല്ലോ പറയുന്നത്. എന്നാല്‍ അഴിമതിക്കഥകള്‍ പുറത്തുവരാതിരിക്കാന്‍ ഭരണകൂടം വല്ലാതെ വിയര്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നവരെ നിശബ്ദമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് ആര്‍ക്കെതിരേയും നമുക്ക് അഴിമതി ആരോപണം ഉന്നയിക്കാമായിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല.
അഞ്ചുവര്‍ഷത്തിനിടെ ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്റെ വരുമാനത്തിലുണ്ടായ വന്‍വര്‍ധന ചൂണ്ടിക്കാണിച്ചതുകൊണ്ടുമാത്രം 'ദി വയര്‍' ക്രിമിനല്‍ കേസില്‍പെട്ടിരിക്കുകയാണ്. ഭരിക്കുന്നവര്‍ക്കെതിരേ കേസ് നടത്തുക എന്നത് ഭാരിച്ച ചെലവുവരുന്ന കാര്യമാണ്. പ്രത്യക്ഷവും പരോക്ഷവുമായ ഭീഷണികള്‍ വേറെയും. അപ്പോള്‍ ഇതിനെയൊക്കെ അതിജീവിച്ചുകൊണ്ട് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്താന്‍ മാധ്യമ മുതലാളിമാര്‍ക്കോ ജേണലിസ്റ്റുകള്‍ക്കോ താല്പര്യം കുറയുക സ്വാഭാവികം.
അതുകൊണ്ടാണോ തലക്കെട്ടുകളിലൂടെയെങ്കിലും ഭരണകൂട വിമര്‍ശനത്തിന് 'ദി ടെലഗ്രാഫ്' ശ്രമിക്കുന്നത്?
സത്യമായിട്ടും ഭയം കൊണ്ടുതന്നെയാണ് ശീര്‍ഷകങ്ങളില്‍ ഞങ്ങള്‍ അഭയം പ്രാപിക്കുന്നത്. വാര്‍ത്തയില്‍ പറയേണ്ട കാര്യങ്ങള്‍ തലക്കെട്ടുകള്ക്കിടയിലൂടെയെങ്കിലും പറയാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അത് ഭീരുത്വമാണെന്ന് ഞങ്ങള്‍ക്ക് അറിയാത്തതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി
International
• 6 days ago
വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ
Football
• 6 days ago
വേടന് അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
Kerala
• 6 days ago
അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
Football
• 6 days ago
''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി
Kerala
• 6 days ago
തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത
International
• 6 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ്
Cricket
• 6 days ago
ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value
Economy
• 6 days ago
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു
International
• 6 days ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം
Kerala
• 6 days ago
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?
International
• 6 days ago
20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 6 days ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 6 days ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 6 days ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 6 days ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 6 days ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 6 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 6 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• 6 days ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 6 days ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 6 days ago