ഐ ലവ് മുഹമ്മദ് കാംപയിന്‍: മുസ്‌ലിംവേട്ട തുടര്‍ന്ന് യു.പി പൊലിസ്, വ്യാപക അറസ്റ്റും ബുള്‍ഡോസര്‍ രാജും
ലഖ്നൗ: ഐ ലൗ മുഹമ്മദ് പോസ്റ്ററുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പൊലിസ് മുസ്‌ലിംവേട്ട തുടരുന്നു. പ്രദേശത്ത് 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഇന്ന് ജുമുഅ നിസ്‌കാരം കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെയേ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കൂ. കണ്ണില്‍ കണ്ടവരെയെല്ലാം പൊലിസ് അറസ്റ്റ് ചെയ്യുകയാണെന്ന ആരോപണവുമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഐ ലൗ മുഹമ്മദ് എന്നെഴുതിയ പോസ്റ്ററുമായി ബന്ധപ്പെട്ട് പൊലിസ് 81 പേരെ അറസ്റ്റ് ചെയ്തതോടെയാണ് പ്രദേശത്ത് പ്രതിഷേധവും അടിച്ചമര്‍ത്തലും ആരംഭിച്ചത്. പ്രദേശത്ത് കടകളും വീടുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ് മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളില്ലാതെ വിജനമായിരിക്കുന്നു. അറസ്റ്റിലായവരില്‍ പലരുടെയും കുടുംബങ്ങള്‍ ഭയത്തിലാണ്. വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് പൊളിച്ചുനീക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. അക്രമത്തെ തുടര്‍ന്ന് മിക്ക വീടുകളില്‍ നിന്നും പുരുഷന്മാര്‍ ഒളിവില്‍ പോയി. അവശേഷിക്കുന്നവര്‍ പുറത്തിറങ്ങുന്നുമില്ല. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് അറസ്റ്റിലായവരുടെ വീടുകളിലുള്ളവര്‍ പറയുന്നു.
സെപ്റ്റംബര്‍ 26ന് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ (ഐ.എം.സി) മേധാവി മൗലാനാ തൗഖീര്‍ ഖാന്റെ ഒമ്പത് അനുയായികളെ കൂടി അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. വെടിവയ്പില്‍ രണ്ടുപേര്‍ക്ക് കാലിന് പരുക്കേറ്റിരുന്നു. സഹാറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദിനെ ബറേലി സന്ദര്‍ശനത്തിന് മുമ്പ് തന്നെ വീട്ടുതടങ്കലിലാക്കി. എം.പിയുടെയും സമാജ് വാദി പാര്‍ട്ടി നേതാവ് ഷാനവാസ് ഖാന്റെയും വീടിനു ചുറ്റും പൊലിസുകാരെ വിന്യസിച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് യോഗി സര്‍ക്കാര്‍ സംഭലിലും ബറേലിയിലും കലാപമുണ്ടാക്കി ബുള്‍ഡോസര്‍ രാജ് നടത്തുന്നതെന്ന് യു.പി കോണ്‍ഗ്രസ് നേതാവ് അജയ് റായ് പറഞ്ഞു.സെപ്റ്റംബര്‍ നാലിന് കാണ്‍പൂരിലെ മൊഹല്ല സയ്യിദ് നഗര്‍ പ്രദേശത്തെ ജാഫര്‍ വാലി ഗലിയില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയര്‍ത്തിയ 'ഐ ലവ് മുഹമ്മദ്' ബാനറിന്റെ പേരിലാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ബാനറുകള്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണം.
പിന്നാലെ മുസ്ലിം യുവാക്കള്‍ക്കെതിരേ പൊലിസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരേ സംസ്ഥാന വ്യാപകമായ ഉയര്‍ന്ന കടുത്ത പ്രതിഷേധമാണ് 'ഐ ലവ് മുഹമ്മദ് കാംപയിന്‍' ആയി മാറിയത്. ഉത്തരാഖണ്ഡ്, ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനകളിലും കാംപയിന്‍ പ്രചരിക്കുകയും പൊലിസ് നടപടി ആരംഭിക്കുകയും ചെയ്തു.
as the "i love muhammad" campaign spreads, uttar pradesh police intensifies its crackdown on muslims, with widespread arrests and bulldozer demolitions raising concerns over targeted action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."