അല്‍ ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; കഴിഞ്ഞ മൂന്നു ദിവസത്തിനിടെ തകര്‍ത്തത് എട്ട് ആതുരാലയങ്ങള്‍
അല്‍ ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; കഴിഞ്ഞ മൂന്നു ദിവസത്തിനിടെ തകര്‍ത്തത് എട്ട് ആതുരാലയങ്ങള്‍
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ ഗസ്സയിലെ അല്‍ ഖുദ്‌സ് ആശുപത്രിക്ക് സമീപം ശക്തമായ ബോംബാക്രമണം നടത്തി ഇസ്‌റാഈല്‍. അല്‍ ഖുദ്‌സ് ആശുപത്രിക്ക് സമീപം തല്‍ അല്‍ ഹവ ഏരിയയിലാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് റെഡ് ക്രസ്ന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഇവിടെ ജോലി ചെയ്യുന്ന ഞങ്ങളുടെ സ്റ്റാഫുകളുടെ, ഞങ്ങളുടെ രോഗികളുടെ, അഭയം തേടി ഇവിടെയെത്തിയ 14,000ത്തിലേറെ വരുന്ന ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- സംഘം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. നിലവില്‍ ആശുപത്രി പൂര്‍ണമായും ഇന്ധനമോ മറ്റു അവശ്യ വസ്തുക്കളോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസം കൂടുന്തോറും സ്ഥിതി വഷളാവുകയാണ്. ആശുപത്രിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ ആളുകളാണ് ആശുപത്രികളിലുള്ളത്. ഏതാനും നിമിഷങ്ങള്‍ക്കകം ഇന്ധനം പൂര്‍ണമായി തീര്‍ന്നേക്കാം. ഇതോടെ ഇന്‍ക്യുബേറ്റില്‍ കഴിയുന്ന ആയിരക്കണക്കിന് കുട്ടികളുടെ ജീവന്‍ തന്നെ നഷ്ടമാവും-റെഡ് ക്രസന്റ് പ്രതിനിധി പറയുന്നു. അല്‍ ജസീറയോട് അങ്ങേഅറ്റം വികാരാധീനയായാണ് അവര്‍ പ്രതികരിച്ചത്.
ഇസ്‌റാഈലിന്റെ വ്യോമാക്രമണം ഒരുമാസം പിന്നിടുകയും പതിനായിരത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗസ്സയില്‍ മാനുഷിക സഹായങ്ങള്‍ക്കായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ദിവസവും നാലുമണിക്കൂര്‍ വീതം വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
വെടിനിര്‍ത്തല്‍ നിലവില്‍വരുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് യു.എസ് ദേശസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി അറിയിച്ചു. വെടിനിര്‍ത്തല്‍ കാലയളവില്‍ യാതൊരു ആക്രമണവും പാടില്ലെന്നും ഈ സമയം മാനുഷികസഹായങ്ങള്‍ നീക്കാന്‍ അനുവാദം നല്‍കണമെന്നും ഇസ്‌റാഈലിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരണപ്രകാരം നാളെ പുലര്‍ച്ചെ മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍വരേണ്ടതാണ്.
വെടിനിര്‍ത്തലിനായി ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് യു.എസിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ യു.എസ് ചാര സംഘടന സി.ഐ.എയുടെയും ഇസ്‌റാഈല്‍ ചാര സംഘടന മൊസാദിന്റെയും മേധാവികള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഇസ്‌റാഈലി ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും പകരമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയുംചെയ്യുന്ന വിധത്തിലുള്ള പദ്ധതിയായിരുന്നു ആലോചനയില്‍. അതേസമയം, വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ മുന്നോട്ടുവച്ച ഉടമ്പടികള്‍ ഏതെല്ലാമാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ഹമാസിന്റെയും ഇസ്‌റാഈലിന്റെയും ഔദ്യോഗിക പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."