ഈ ചോർത്തലിന് അവസാനമില്ലേ
രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, ആനന്ദ് മാൻഗ്നാലെ എന്നിവരുടെ ഫോണുകൾ സർക്കാർ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നാണ് ആംനസ്റ്റി ഇന്റർനാഷനലും വാഷിങ്ടൺ പോസ്റ്റും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടുകളെ തുറന്നെതിർക്കുന്ന, നിലപാടുകളിൽ വെള്ളം ചേർക്കാത്ത വാർത്താ വെബ്‌സൈറ്റായ ദ വയറിന്റെ സ്ഥാപകനും എഡിറ്ററുമാണ് സിദ്ധാർഥ് വരദരാജൻ. ഗൗതം അദാനിയുടെ തട്ടിപ്പുകൾ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ട ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ടിൽ പ്രവർത്തുന്ന മാധ്യമപ്രവർത്തകനാണ് ആനന്ദ് മാൻഗ്നാലെ.
കോൺഗ്രസ് എം.പി ശശി തരൂർ അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ഫോണുകൾ കേന്ദ്രസർക്കാർ പിന്തുണയുള്ള ഹാക്കർമാർ ചോർത്താൻ ശ്രമിക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ട് രണ്ടുമാസമേ ആയുള്ളൂ. ദ വയർ എഡിറ്റർ സിദ്ധാർഥ് വരദരാജന്റെ ഫോൺ ചോർത്താൻ ശ്രമിച്ചതായും അന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഫോണുകൾ ചോർത്തപ്പെടുന്നുവെന്നത് രാജ്യത്ത് ഏകാധിപത്യം നടമാടുന്നതിന്റെ ലക്ഷണമാണ്. സുപ്രിംകോടതി ഇടപെട്ടിട്ടും ഇക്കാര്യത്തിൽ പരിഹാരമുണ്ടായില്ലെന്നത് ഗൗരവം കൂട്ടുന്നുണ്ട്.
ഒർലാൻഡോ ഫിഗസ് എഴുതിയ പുസ്തകമാണ് ദ വിസ്പറേഴ്‌സ്. സോവിയറ്റ് യൂണിയനിലെ സ്റ്റാലിന്റെ ഏകാധിപത്യകാലത്ത് നടന്ന ചോർത്തലുകളെക്കുറിച്ചാണ് പുസ്തകം പറയുന്നത്. അക്കാലത്ത് സോവിയറ്റ് സർക്കാരിന്റെ പ്രധാന അഡ്മിനിസ്‌ട്രേറ്റിവ് നടപടിയായിരുന്നു ഒളിഞ്ഞുകേൾക്കൽ. റഷ്യയിലെ നഗര ജനത ഭൂരിഭാഗവും താമസിച്ചിരുന്നത് കമ്യൂണൽ അപ്പാർട്ടുമെന്റുകളിലായിരുന്നു. ഒരു മുറിയിൽ കുടുംബം മൊത്തമുണ്ടാകും.
അതുകൊണ്ട് സർക്കാർ ചാരൻമാർക്ക് ഒളിഞ്ഞുകേൾക്കലും നിരീക്ഷണവും എളുപ്പമാണ്. കുടുംബത്തിനുള്ളിൽത്തന്നെ പാർട്ടി ഒറ്റുകാരെ സൃഷ്ടിച്ചിട്ടുണ്ടാകും. സ്വകാര്യജീവിതം എന്നൊന്നുണ്ടായിരുന്നില്ല. എല്ലായിടത്തും സർക്കാർ ഇടപെടും. സാങ്കേതികവിദ്യകൾ ഇത്രമാത്രം വളരാതിരുന്ന കാലത്തുപോലും ഏകാധിപതികൾ തങ്ങളുടെ അധികാരം നിലനിർത്താൻ ഒളിഞ്ഞുകേൾക്കൽ നയപരിപാടിയാക്കിയിരുന്നു.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ ഇത്തരത്തിലുള്ള ഒളിഞ്ഞു കേൾക്കലുകൾ സംഭവിക്കാൻ പാടില്ലാത്തതാണ്. രാഷ്ട്രീയക്കാരായാലും മാധ്യമപ്രവർത്തകരായിരുന്നാലും പൗരൻമാരുടെ സ്വകാര്യതയ്ക്ക് വിലയുണ്ട്. പെഗാസസ് ആരോപണമുയർന്നപ്പോൾ ഫോൺ ചോർത്തിയെന്നത് കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നില്ല. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് പറയാൻ സാധ്യമല്ലെന്ന ഒളിച്ചുകളിയായിരുന്നു സുപ്രിംകോടതിയിൽ കേന്ദ്രത്തിന്. ഒപ്പം അതേക്കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രൻ സമിതിയെ നിസ്സഹകരണത്തിലൂടെ നിർവീര്യമാക്കുകയും ചെയ്തു.
സമിതി അന്വേഷണത്തോട് കേന്ദ്രസർക്കാർ സഹകരിച്ചില്ലെന്ന് സമിതി തന്നെയാണ് സുപ്രിംകോടതിയെ അറിയിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും സർക്കാർ ഏജൻസികളെയും സമിതിയുടെ അന്വേഷണത്തിന്റെ പരിധിയിൽ സുപ്രിംകോടതി ഉൾപ്പെടുത്തിയിരുന്നെങ്കിലും ആവശ്യപ്പെട്ട രേഖകളൊന്നും കേന്ദ്രസർക്കാർ നൽകിയില്ല. അന്തിമമായി പെഗാസസ് കേസിൽ നടപടിയൊന്നുമുണ്ടായില്ല.
സ്വകാര്യതയ്ക്കുള്ള അവകാശം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെങ്കിലും അവകാശങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന ഏതു നിയന്ത്രണവും ഭരണഘടനാപരമായ സൂക്ഷ്മപരിശോധനക്ക് വിധേയമാകണമെന്നായിരുന്നു പെഗാസസ് കേസിൽ കോടതി പറഞ്ഞത്. ഈ വാക്കുകൾ ഇപ്പോഴും പ്രസക്തമാണ്.
ചോർത്തൽ ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്നും താൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോധ്യം വ്യക്തിക്ക് അവകാശങ്ങൾ വിനിയോഗിക്കാൻ തീരുമാനിക്കുന്ന രീതിയെ ബാധിക്കുമെന്നുമാണ് പെഗാസസ് കേസിൽ സുപ്രിംകോടതി അതിന്റെ വിധിന്യായത്തിൽ പറഞ്ഞിരുന്നത്. താൻ നിരീക്ഷിക്കപ്പെടുകയാണെന്നും തുടർന്നും നിരീക്ഷിക്കപ്പെടുമെന്ന ബോധ്യത്തിലേക്ക് പൗരൻമാരെ നയിക്കുകയാണ് കേന്ദ്രം.
പരിശോധനയിൽ അത്ര ലളിതമായി കണ്ടെത്താവുന്ന സാധാരണ മാൽവെയറല്ല പെഗാസസ്. സ്വയം എലിമിനേറ്റ് ചെയ്യാൻ ശേഷിയുള്ള സൈനിക സംവിധാനമാണത്. കേന്ദ്രസർക്കാരിന്റെ സഹകരണമില്ലെങ്കിൽ ഇത് കണ്ടെത്തുക അസാധ്യമാണ്. ഫോണിന്റെ നിയന്ത്രണം പൂർണമായും കൈയടക്കുകയും അതുവഴി ആളെ സമ്പൂർണ നിരീക്ഷണത്തിലാക്കുകയും ചെയ്യും. ഇടയ്ക്കിടെയുള്ള അപ്ഡേറ്റുകളിലൂടെ അതിന്റെ സുരക്ഷ സ്വയം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. പെഗാസെസ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ ഫോണിൽ നിങ്ങളെക്കാൾ നിയന്ത്രണം നിരീക്ഷിക്കുന്ന ആളുകൾക്കാണ്. ഫോൺ കാമറ, മൈക്രോഫോൺ എന്നിവ ഓൺ ചെയ്യാനും സോഫ്‌റ്റ്‌വെയറിനു ശേഷിയുണ്ട്.
അതായത് കിടപ്പുമുറിയിൽ സംസാരിക്കുന്ന കാര്യങ്ങൾപോലും കേൾക്കുകയും കാണുകയും ചെയ്യും. പാസ്‌വേഡുകൾ, ഫോൺ നമ്പരുകൾ, എസ്.എം.എസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം. ഫോണിലേക്ക് രേഖ ഒളിച്ചുകടത്താം. സീറോ ക്ലിക്ക് എന്ന് വിളിക്കപ്പെടുന്ന ഉപയോക്താവിന്റെ യാതൊരു ഇടപെടലുമില്ലാതെ തന്നെ ഫോൺ ചോർത്താൻ പെഗാസസിന് കഴിയും. ലിങ്ക് ക്ലിക്ക് ചെയ്യാതെ തന്നെ ചാര സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം. ഒരു നിശ്ചിത കാലം കഴിഞ്ഞാൽ പെഗാസസ് സ്വയം അൺ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതിനാൽ എല്ലാ ഫോണിലും പരിശോധനയിൽ ഇത് കണ്ടെത്തുക എളുപ്പമല്ല.
പെഗാസസ് വിഷയത്തെ രാജ്യസുരക്ഷയുടെ മുഖംമൂടിയിട്ട് നേരിടാനാണ് സർക്കാർ ശ്രമിച്ചതെങ്കിലും ഇതായിരുന്നില്ല കേന്ദ്രത്തിന്റെ പ്രശ്നം. ചോർത്തിയതൊന്നും രാജ്യസുരക്ഷ സംരക്ഷിക്കാനുമായിരുന്നില്ല. ചോർത്തപ്പെട്ടവരുടെ പട്ടികയിലാരും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുള്ളവരല്ല. പ്രതിപക്ഷ രാഷ്ട്രീയക്കാർ, ജഡ്ജിമാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയാണ്.
ഓരോ ഇടവേളയിലും ചോർത്തലിന്റെ പുതിയ വിവരങ്ങൾ വരുന്നു. ചോർത്തപ്പെട്ടവരെല്ലാം ഏതെങ്കിലും തരത്തിൽ ബി.ജെ.പിക്കോ അവരുടെ സ്വന്തക്കാരായ വ്യവസായികൾക്കോ പ്രയാസമുണ്ടാക്കിയവരാണെന്ന് വരുന്നു. സുതാര്യതയില്ലാത്ത രാജ്യത്ത് അവിശ്വാസവും അരക്ഷിതാവസ്ഥയും മാത്രമേയുണ്ടാകൂ. പൗരൻമാരെ കൂടുതൽ അരക്ഷിതാവസ്ഥയിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന് അവസാനമുണ്ടാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."