'അവളാ മുറ്റത്ത് മണ്ണുവാരിക്കളിക്കുകയായിരുന്നു' സിറാജുന്നിസയെ കൊന്നുകളഞ്ഞിട്ട് മുപ്പതാണ്ട്
പാലക്കാട്ടെ മണ്ണിനിപ്പോഴും ആ മണമുണ്ട്. അവിടുന്ന് പറന്നിറങ്ങി വരുന്ന കാറ്റില്‍ ഇന്നും ആ ഈര്‍പ്പമുണ്ട്. സിറാജുന്നിസ എന്ന പതിനൊന്നുകാരിയുടെ ചോരയുടെ മണം. ആ മണ്ണില്‍ ഒഴുകിപ്പരന്ന ചുടുചോരയുടെ ഈര്‍പ്പം. വെറും പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള, മുറ്റത്തു കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആ പെണ്‍കുട്ടിയെ രാജ്യത്തെ നീതിയുടെ കാവലാളന്‍മാര്‍ വെടിവെച്ചു കൊന്നുകളഞ്ഞിട്ട് ഇന്നേക്ക് 30 വര്‍ഷം. കളിയുടെ അര്‍മാദത്തിമര്‍പ്പില്‍ നിന്ന് തലയോട്ടി പിളര്‍ത്തൊരു വെടിയുണ്ട ജീവനെടുക്കുമ്പോഴും തനിക്കെന്താണ് സംഭവിക്കുന്നതെന്നറിയാതെ ഉറ്റുനോക്കിയ ആ കണ്ണുകളിലെ നോവ് ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുകയാണ് കേരളത്തിന്റെ മനഃസാക്ഷിയെ. മറവിയുടെ ആഴങ്ങളിലേക്ക് ആഴ്ത്തിക്കളയാതെ അവളെ ചേര്‍ത്തു പിടിക്കുന്നുണ്ട് ഒരു ചെറിയ വിഭാഗമെങ്കിലും.
ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വിത്തു വിതച്ച, ബി.ജെ.പി അധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷി നയിച്ച രഥയാത്ര നടന്ന 1991 ഡിസംബറിലെ 15ാം തിയ്യതി. യാത്ര പാലക്കാടു കൂടി കടന്നു പോയ സമയമായിരുന്നു അത്. ഇന്ത്യയുടെ നെഞ്ചില്‍ വര്‍ഗീയതയുടെ കാരമുള്ളുകള്‍ വിതറിയായിരുന്നു ആ രഥം ഉരുണ്ടു കൊണ്ടിരുന്നത്.
നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന പുതുപ്പള്ളി നഗറില്‍ പൊലിസ് തമ്പടിച്ചിരുന്നു. അതുകൊണ്ടു തന്നെ ആളുകള്‍ ഭീതി മൂലം വീടിനകത്തു തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു അപ്പോള്‍.
മുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ആ പതിനൊന്നുകാരി. അപ്പോഴാണ് രമണ്‍ ശ്രീവാസ്തവയുടെ വയര്‍ലെസ് സന്ദേശം എത്തിയത്. തനിക്ക് തന്തയില്ലാത്ത മുസ്‌ലിങ്ങളുടെ ജഡം വേണമെന്ന് ആക്രോശിച്ചു ആ ഉന്നതാധികാരി. ഇത് കേട്ട ഉടനെ ഷൊര്‍ണൂര്‍ എ.എസ്.പിയായിരുന്ന സന്ധ്യ വെടിവെക്കാന്‍ ഉത്തരവിട്ടു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കൊച്ചുപെണ്‍കുട്ടിയുടെ തലയോട്ടി പിളര്‍ന്നാണ് ആ വെടിവെപ്പ് ആവസാനിച്ചത്.
കുഞ്ഞുമോളുടെ മരണത്തേക്കാള്‍ നോവേറ്റുന്നതായിരുന്നു അതിന് ശേഷം അധികാരികള്‍ നടത്തിയ നാടകങ്ങള്‍. എട്ടും പൊട്ടും തിരിയാത്ത ആ പെണ്‍കുട്ടിയെ അക്രമാസക്തമായ ജനക്കൂട്ടത്തെ സംഘടിപ്പിച്ച ഭീകര വനിതയാക്കി അവര്‍. തൊട്ടടുത്ത ബ്രാഹ്മണരുടെ തെരുവിന് തീവയ്ക്കാനും കൊള്ളയടിക്കാനും മുന്നൂറുപേരുടെ ഒരു ക്രിമിനല്‍ സംഘത്തെ അവള്‍ നയിച്ചുകൊണ്ട് പോവുക ആയിരുന്നത്രെ. ആ എഫ്.ഐ.ആര്‍ പരാമര്‍ശം തിരുത്താന്‍ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ വേണ്ടി വന്നു.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ എത്തി പൊലിസിന്റെ വിശദീകരണം. വൈദ്യുതി പോസ്റ്റില്‍ തട്ടി തെറിച്ച വെടിയുണ്ടയാണ് ആ കുഞ്ഞിന്റെ ജീവനെടുത്തത്!. അവിടെ്ങ്ങുമില്ലായിരുന്നു തട്ടിത്തെറിക്കാന്‍ അങ്ങിനൊരു വൈദ്യുതി പോസ്റ്റ്. വയര്‍ലെസ്സ് വഴി ശ്രീവാസ്തവ കൊടുത്ത ഉത്തരവ് അടക്കം വെടിവെപ്പിലേക്ക് നയിച്ച മുഴുവന്‍ കാരണങ്ങളും അന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിട്ടും സാമുദായിക വെറിപൂണ്ട ശ്രീവാസ്തവയെ കരുണാകരന്‍ രക്ഷിച്ചെടുത്തു. പിന്നീട് വന്ന സര്‍ക്കാരുകള്‍ ആ ഫയല്‍ തുറന്നില്ല.
പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന ഒരു കുഞ്ഞു ജീവനെടുത്ത ആ ഐ.പി.എസ് ഉദ്യോഗസ്ഥന് സ്ഥാനമാനങ്ങളും പട്ടും നല്‍കി നമ്മുടെ ഭരണാധികാരികള്‍. ഇടതുവലത് സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഡി.ജി.പി വരെയായി ശ്രീവാസ്തവ. ഒടുവില്‍ പാവങ്ങളുടെ നായകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യഉപദേഷ്ടാവുമായി ശ്രീവാസ്തവ.
അധികാരത്തിനായുള്ള പരക്കംപാച്ചിലില്‍ ഇടതും വലതും മനഃപൂര്‍വ്വം മറന്നു കളഞ്ഞിരിക്കുന്നു സിറാജുന്നിസ എന്ന പേര്. എന്നാല്‍ എത്രയൊക്കെ മായ്ച്ചുകളയാന്‍ ശ്രമിച്ചാലും ആ ചോരപ്പാടുകള്‍ ശേഷിക്കുക തന്നെ ചെയ്യും. മതേതരത്വത്തില്‍ വിശ്വസിക്കുന്ന കേരളീയന്റെ ഓര്‍മകളിലേക്ക് പച്ചച്ചോരമണക്കുന്ന ഈര്‍പ്പം നിറഞ്ഞ കാറ്റ് അടിച്ചു കൊണ്ടേയിരിക്കും. പുതുപ്പള്ളി തെരുവിലെ ആ മണ്ണില്‍ നിന്നൊരു പിടി എടുത്ത് അവര്‍ നീതിക്കായി പോരാടിക്കൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."