കൊട്ടക് മഹിന്ദ്ര ബാങ്കിന് ആർ.ബി.ഐ വിലക്ക്; ഓൺലൈൻ അക്കൗണ്ടും ക്രെഡിറ്റ് കാർഡും വിലക്കി
ന്യൂഡൽഹി: പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന് ആർ.ബി.ഐ വിലക്കേർപ്പെടുത്തി. പുതിയ ഉപഭോക്താക്കൾക്ക് അക്കൗണ്ട് നൽകുന്നതിനും പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിനുമാണ് വിലക്ക്. പുതിയ ഉപഭോക്താക്കളെ ഓൺലൈനിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയും ചേർക്കരുതെന്നാണ് ആർ.ബി.ഐ നിർദേശം. ബാങ്കിന്റെ ഐ.ടി സിസ്റ്റത്തിലെ തകരാറാണ് തിരിച്ചടിയായത്.
ബാങ്കിന്റെ ഓൺലൈൻ സേവനങ്ങൾ ഉടൻ നിർത്താനാണ് ആർ.ബി.ഐയുടെ നിർദേശമുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഐ.ടി സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കാൻ കേന്ദ്ര ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന് നിർദേശം നൽകിയിരുന്നു. എന്നാൽ അത് സാധിക്കാതെ വന്നതോടെയാണ് നടപടിയുണ്ടായത്. കൊട്ടക് മഹീന്ദ്ര ബാങ്ക് തകരാറുകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആർ.ബി.ഐ അറിയിച്ചു. ഗുരുതരമായ വീഴ്ചയാണ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ആർ.ബി.ഐ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഓഹരി വിപണി ക്ലോസ് ചെയ്ത ഉടനെയാണ് ബാങ്കിനെതിരെ നടപടിയുണ്ടായത്. വിപണിമൂല്യത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യബാങ്കാണ് കൊട്ടക് മഹീന്ദ്ര. ഐ.ടി സിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."