സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം;ഓര്‍ഡിനന്‍സ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി
കേരളത്തിലെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ ജനസംഖ്യാനുപാതികമായി വിഭജിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അനുമതിക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗളാണ് ഓര്‍ഡിനന്‍സ് കൈമാറിയത്. അതേസമയം ഓര്‍ഡിനന്‍സില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വൈകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് പകരം ബില്‍ കൊണ്ടുവരാനും സാധ്യതയുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുവാദം തേടണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകള്‍ ചൊവ്വാഴ്ച തിരിച്ചയച്ചത്. തുടര്‍ന്നാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചതോടെ സര്‍ക്കാര്‍ കുഴപ്പത്തിലായിരിക്കുകയാണ്. നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതു സംബന്ധിച്ച നാളത്തെ മന്ത്രിസഭായോഗ തീരുമാനവും ഇതോടെ നിര്‍ണായകമാകും. കമ്മിഷന്റെ അനുമതി അതിവേഗം ലഭിച്ചാലേ ഇനി ഓര്‍ഡിനന്‍സുകള്‍ പാസാകൂ. സഭാ സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാകില്ല. അങ്ങനെയെങ്കില്‍ വാര്‍ഡ് വിഭജന നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുക പ്രയാസമാണ്.
അതേസമയം രണ്ട് ഓര്‍ഡിനന്‍സുകള്‍ക്കു പകരം സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ ബില്‍ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ട് സമ്മേളനം പൂര്‍ത്തിയാക്കും മുന്‍പ് പാസാക്കുക എന്നതാണ് ഇനി സര്‍ക്കാരിനുള്ള പോംവഴി. സമ്മേളന നടപടികള്‍ സാമാജികരെ 15 ദിവസം മുന്‍പ് അറിയിക്കണമെന്ന വ്യവസ്ഥയും പാലിക്കണം. നിയമസഭാ സമ്മേളനം ചേരുന്നതു സംബന്ധിച്ചു നാളെ മന്ത്രിസഭായോഗം തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."