വെടിനിര്‍ത്തല്‍: വീണ്ടും കാലു മാറി ഇസ്‌റാഈല്‍, കരാര്‍ അംഗീകരിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി അമേരിക്ക
ദുബൈ: മൂന്നു ഘട്ടങ്ങളിലായി ഗസ്സയില്‍ സമഗ്ര വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദേശം ഇസ്‌റാഈലിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ അമേരിക്ക തിരക്കിട്ട നീക്കത്തില്‍. ഗസ്സയില്‍ സ്ഥിരം വെടിനിര്‍ത്തലിന് കഴിഞ്ഞ ദിവസം താല്‍പര്യം പ്രകടിപ്പിച്ച ഇസ്‌റാഈല്‍ വീണ്ടും കാലുമാറിയിരുന്നു. ഹമാസിനെ തകര്‍ക്കാതെ വെടിനിര്‍ത്തലിനില്ലെന്ന് ഇന്നലെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കാന്‍ സമയമായെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇസ്‌റാഈല്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ പ്രതീക്ഷയുണ്ടെന്ന് ഹമാസും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് നെതന്യാഹു നിലപാട് മാറ്റിയത്.
ഇസ്‌റാഈല്‍ തന്നെയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവച്ചതെന്നാണ് ബൈഡന്‍ പറഞ്ഞത്. ആദ്യം ആറു ആഴ്ചത്തെ വെടിനിര്‍ത്തലും ഭാഗികമായി സൈനിക പിന്മാറ്റവും ഏതാനും ബന്ദികളുടെ മോചനവുമാണ് ഇസ്‌റാഈല്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിലുള്ളതെന്നായിരുന്നു ബൈഡന്‍ വ്യക്തമാക്കിയത്. ഇരുപക്ഷവും ചര്‍ച്ച നടത്തിയ ശേഷം ഇത് സ്ഥിരം വെടിനിര്‍ത്തലാക്കാമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
ഇസ്‌റാഈല്‍ നിര്‍ദേശത്തെ പോസിറ്റീവായാണ് കാണുന്നതെന്നായിരുന്നു ഹമാസിന്റെ നിലപാട്. ഹമാസ് ബന്ദികളെ മോചിപ്പിക്കുമ്പോള്‍ തന്നെ ഇസ്‌റാഈല്‍ തടവിലാക്കിയ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും ഹമാസ് നേതാക്കള്‍ അറിയിച്ചിരുന്നു.
ഇസ്‌റാഈല്‍ പ്രതിപക്ഷവും മന്ത്രിമാരില്‍ ഒരു വിഭാഗവും വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദിമോചനം നടപ്പാക്കണം എന്ന നിലപാടിലാണ്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈജിപ്ത്, ഖത്തര്‍ നേതാക്കളുമായി ഇന്നലെ ടെലിഫോണില്‍ സംസാരിച്ചു. മധ്യസ്ഥനീക്കം ശക്തമാക്കി ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണം എന്നാണ് ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടത്.
യൂറോപ്യന്‍ യൂനിയനും വെടിനിര്‍ത്തല്‍ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച വംശഹത്യാ കേസില്‍ കക്ഷി ചേര്‍ന്ന് ചിലി രംഗത്തുവന്നു. റഫ ഉള്‍പ്പെടെ ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യാപക ആക്രമണം തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 95 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിലെ ആകെ മരണസംഖ്യ 36,379 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."