ബലിപെരുന്നാള്‍ അലങ്കോലമാക്കാന്‍ ഹിന്ദുത്വവാദികളുടെ ശ്രമം: തെലങ്കാനയില്‍ ബലിമൃഗങ്ങളെ സൂക്ഷിച്ച മദ്‌റസയ്ക്ക് നേരെ ആക്രമണം, നിരോധനാജ്ഞ
ഹൈദരാബാദ്: ബലിപെരുന്നാള്‍ പ്രമാണിച്ച് ഇന്ന് ബലിയര്‍ക്കാനായി കൊണ്ടുവന്ന മൃഗങ്ങളെ സൂക്ഷിച്ച മദ്‌റസയ്ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മേദക് ജില്ലയിലെ മിന്‍ഹാജുല്‍ ഉലൂം മദ്‌റസയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മദ്‌റസ കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന ബലികര്‍മത്തിനായി കൊണ്ടുവന്ന മൃഗങ്ങളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. മൃഗങ്ങളെ എത്തിച്ചതിന് തൊട്ടുപിന്നാലെയാണ് നൂറോളം പേരടങ്ങുന്ന തീവ്രഹിന്ദുത്വ അക്രമിക്കൂട്ടം മദ്‌റസയിലെത്തി അഴിഞ്ഞാടിയത്. വടികളും കമ്പികളുമായെത്തിയ സംഘം ജയ്ശ്രീറാം വിളികളോടെ പ്രായമായവരും കുട്ടികളും അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.
മദ്‌റസ കമ്മിറ്റി അറിയിച്ചത് പ്രകാരം പൊലിസെത്തിയാണ് അക്രമികളെ തുരത്തിയത്. മദ്‌റസ കമ്മിറ്റി ഭാരവാഹികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ മുറിവേറ്റു. പരുക്കേറ്റവര്‍ ചികിത്സ തേടിയ ആശുപത്രിക്ക് നേരെയും ആള്‍ക്കൂട്ടം ആക്രമണം നടത്തി. ലാത്തിവീശിയാണ് അക്രമികളെ പൊലിസ് തുരത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മദ്‌റസയ്ക്ക് നേരെ കല്ലെറിയുകയും കോംപൗണ്ടിലെ കാറുകള്‍ തകര്‍ക്കുകയും അവിടെയുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.
ഹിന്ദു വാഹിനിയുടെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കര്‍വാന്‍ എം.എല്‍.എ കൗസര്‍ മുഹിയുദ്ദീന്‍ പറഞ്ഞു. മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും സ്ഥാപനങ്ങളും അക്രമികള്‍ ലക്ഷ്യംവച്ചതായും അദ്ദേഹം പറഞ്ഞു.മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ്‌ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായും മേദക്ക് ജില്ലാ പൊലിസ് മേധാവി ബി. ബാലസ്വാമി പറഞ്ഞു.
മേദക് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. നയാം പ്രസാദ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ള ഏഴുപേരെയാണ് അറസ്റ്റ്‌ചെയ്തത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് പേര് കേട്ട ബി.ജെ.പി എം.എല്‍.എ ടി. രാജാ സിങ്ങിനെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തു. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തില്‍നിന്നാണ് രാജാ സിങ്ങിനെ പിടികൂടിയത്.
മദ്‌റസ ആക്രമിച്ചവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണമെന്നും ബലിപെരുന്നാളിന് വലതുപക്ഷം മനപ്പൂര്‍വം കുഴപ്പം സൃഷ്ടിക്കുകയാണെന്നും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞു. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മേദക് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് വന്‍ പൊലിസിനെയും വിന്യസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."