സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം: അന്തിമ സമയപരിധി പ്രഖ്യാപിച്ചു
അബൂദബി: എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് പ്രോഗ്രാമില്‍ (നഫീസ്) ഈവര്‍ഷം തുടക്കം മുതല്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണം 28 ശതമാനം വര്‍ധിച്ചതായി യു.എ.ഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വെളിപ്പെടുത്തി. നിലവില്‍, 17,236 സ്വകാര്യ കമ്പനികള്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലൂടെ വിവിധ മേഖലകളില്‍ സ്വദേശി പൗരന്മാര്‍ക്ക് ഒന്നിലധികം ജോലികള്‍ വാഗ്ദാനം ചെയ്യുന്നു. ഈവര്‍ഷം തുടക്കം മുതല്‍ 3,728 കമ്പനികള്‍ ചേര്‍ന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ 13,508 കമ്പനികള്‍ ഉണ്ടായിരുന്നു. അമ്പതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളോട് 2024ലെ അര്‍ധവാര്‍ഷിക സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു.
ഈവര്‍ഷം ആദ്യ പകുതിയില്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു ജൂണ്‍ 30 വരെ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്.
ജൂലൈ ഒന്നുമുതല്‍ കമ്പനികള്‍ സ്വദേശിവല്‍ക്കരണ നയം പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുമെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആവശ്യമായ ലക്ഷ്യങ്ങള്‍ ഇതിനകം നേടിയ കമ്പനികളെ മന്ത്രാലയം അഭിനന്ദിച്ചു. അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളിലൊന്നിലും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിലും യു.എ.ഇ പൗരന്മാരെ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അവര്‍ നേടിയ വളര്‍ച്ച നിലനിര്‍ത്താന്‍ കമ്പനികളോട് ആഹ്വാനം ചെയ്തു. വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ തൊഴില്‍ തേടുന്ന യോഗ്യതയുള്ള ഇമാറാത്തി പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഫീസ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രയോജനം നേടുന്നതിന് കമ്പനികളോടു മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."