പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു; കാസര്‍കോട് 18
തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും അനുവദിക്കും. പുതിയ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി സഭയെ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കോമേഴ്‌സിലുമാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. ഹ്യുമാനിറ്റിസ് ബാച്ചില്‍ 59-ഉം കോമേഴ്‌സില്‍ 61-ഉം ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയന്‍സ് ബാച്ചും നാല് ഹ്യുമാനിറ്റിസ് ബാച്ചും 13 കൊമേഴ്‌സ് ബാച്ചുകളുമാണ് കാസര്‍കോട് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്.
ഒന്നാം വര്‍ഷം പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, മലപ്പുറം ജില്ലയില്‍ കുറവുള്ള സീറ്റുകളുടെ എണ്ണം പരിശോധിച്ച് താത്ക്കാലിക അഡിഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ സ്ഥിതി കണ്ണൂര്‍ വിദ്യാഭ്യാസ ഉപമേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം, മലപ്പുറം ,കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമുള്ള താല്‍ക്കാലിക ബാച്ചുകള്‍ പ്രശ്‌നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു.പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിന് പുതിയ ബാച്ചുകള്‍ അനുവദിച്ച പരിഹാരമാവുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."