ഒരേ ഒരു അർജന്റീന; കോപയിൽ മെസ്സിപ്പടയ്ക്ക് കിരീടം
മയാമി: കോപ അമേരിക്കൻ ട്രോഫിയിൽ ഒരിക്കൽ കൂടി അർജന്റീനയുടെ മുത്തം. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലോക ചാമ്പ്യന്മാരുടെ വിജയം. എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ ഏക ഗോളിലാണ് കൊളംബിയയെ ടീം തകർത്തത്. കളിക്കിടെ പരിക്കേറ്റ് മടങ്ങിയ മെസ്സിക്കും അവസാന ടൂര്‍ണമെന്റിന് ഇറങ്ങിയ ഏഞ്ചല്‍ ഡി മരിയയ്ക്കുമുള്ള സമ്മാനം കൂടിയായി ഈ കിരീട നേട്ടം.
സ്റ്റേഡിയത്തിന് പുറത്ത് ആരാധകരുടെ തർക്കം കാരണം 82 മിനിറ്റ് വൈകിയാണ് അര്‍ജന്‍റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്. തുടക്കത്തിലേ അര്‍ജന്‍റീനയ്ക്ക് മുന്നിലെത്താൻ ലഭിച്ച അവസരം ജൂലിയന്‍ അല്‍വാരസ് തുളച്ചു. പിന്നാലെ കൊളംബിയയ്ക്ക് ലഭിച്ച അവസരം കോര്‍ഡോബയും കളഞ്ഞുകുളിച്ചു. എന്നാൽ പിന്നീട് ഉണർന്നു കളിച്ച കൊളംബിയ അര്‍ജന്‍റീനയ്ക്ക് നിരന്തരം തലവേദനയായി. ആദ്യപകുതിയിലുടനീളം ഗോൾ മുഖത്തേക്ക് കുതിച്ചെത്തിയ കൊളംബിയൻ പടയെ തടയാൻ അർജന്റീനയുടെ പ്രതിരോധ നിര നന്നേ പാടുപെട്ടു. പക്ഷെ ലഭിച്ച അവസരം മുതലാക്കാൻ കൊളംബിയയ്ക്ക് സാധിച്ചില്ല. ഒന്നാം പകുതി 0 - 0
രണ്ടാംപകുതിയിൽ അർജന്റീന കൂടുതൽ കരുത്തോടെ കളിക്കുന്നതാണ് കണ്ടത്. 58-ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഷോട്ട് ഗോളാകാതെ പോയി. ആദ്യപകുതിയിൽ ഏറ്റ പരുക്ക് വകവെക്കാതെ കളിച്ച മെസ്സിയ്ക്ക് പക്ഷെ 66-ാം മിനിറ്റില്‍ നിറകണ്ണുകളോടെ മടങ്ങേണ്ടി വന്നു. ഇതിനിടെ 76-ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി. പിന്നാലെ 90 മിനിറ്റുകൾ ഗോളിലാതെ പിരിഞ്ഞു.
അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ ആദ്യ പകുതിയും ഗോൾ രഹിതമായി. എന്നാല്‍ രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ മനോഹര ഗോളിലൂടെ ഒരിക്കൽ കൂടി കോപയിലെ കൊടുങ്കാറ്റായി അർജന്റീന മാറി. ഇതോടെ ആകെ 16 തവണ അർജന്റീന കോപ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."