വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായം പ്രഖ്യാപിക്കണം; ലോക്‌സഭയില്‍ ചര്‍ച്ചയാക്കി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം കൂട്ടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ നിരവധി ആളുകളാണ് മരിച്ചത്. മുണ്ടക്കൈ ഗ്രാമം ഒലിച്ചുപോയി. പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കണം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും, അടിയന്തരമായി നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ധതിയുണ്ടാക്കണമെന്നും, ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വര്‍ധിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി നമുക്ക് ആവശ്യമുണ്ടെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
അതേസമയം വയനാട് ദുരന്തത്തില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 96 ആയി ഉയര്‍ന്നു. 16 മൃതദേഹങ്ങള്‍ നിലമ്പൂരിലാണ് കണ്ടെത്തിയത്. എട്ട് പേരുടെ ശരീരഭാഗങ്ങളും കണ്ടെത്തി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി ആശുപത്രികളിലായാണ് മൃതദേഹങ്ങളുള്ളത്.
rahul gandhi on wayanad landslide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."