ബംഗ്ലാദേശ് വിഷയത്തിൽ പ്രതികരിക്കാതെ മൗനം തുടർന്ന് ഇന്ത്യ; 19,000 ഇന്ത്യക്കാർ ബംഗ്ലാദേശിൽ
ന്യൂഡൽഹി: ബംഗ്ലാദേശിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥയിൽ 'തന്ത്രപ്രധാന' മൗനം തുടരുകയാണ് ഇന്ത്യ. ഹസീന നാടുവിട്ട് ഒന്നരദിവസമായിട്ടും ഇതുവരെ അയൽരാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതികരിക്കാതിരുന്ന ഇന്ത്യ, 'കാത്തിരുന്ന് കാണുക' എന്ന നയം പിന്തുടരുകയാണ്. ബംഗ്ലാദേശിലെ സാഹചര്യം അതിസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കും വരെ ആശങ്കയുണ്ടാകുമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
പാർലമെന്റിൽ ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കുകയായിരുന്നു മന്ത്രി. 19,000 ഇന്ത്യക്കാർ ബംഗ്ലാദേശിലുണ്ട്. ഇതിൽ 9,000 പേർ വിദ്യാർഥികളാണ്. അവരുമായി സർക്കാർ ആശയവിനിമയം നടത്തിവരികയാണ്. ഇന്ത്യക്കാർക്ക് സുരക്ഷയൊരുക്കണമെന്ന് ബംഗ്ലാദേശ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന സുഹൃത്തായ അയൽരാജ്യത്തെ കലാപവും അസ്ഥിരതയും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
രാജിവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പെട്ടെന്നാണ് ഇന്ത്യയിൽ വരാൻ ഷെയ്ഖ് ഹസീന അനുവാദം തേടിയതെന്ന് മന്ത്രി പറഞ്ഞു. അതിർത്തിയിൽ അതിജാഗ്രത പുലർത്താൻ സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.
പാർലമെന്റിനു മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലും ജയശങ്കർ സാഹചര്യം വിശദീകരിച്ചു. രാഷ്ട്രീയപ്പാർട്ടികൾ ഒറ്റക്കെട്ടായി സർക്കാരിന് പിന്തുണ അറിയിച്ചതായി ജയശങ്കർ അറിയിച്ചു. ധാക്കയിലെ നാടകീയ സംഭവവികാസങ്ങൾക്കുപിന്നിൽ വിദേശശക്തികൾക്ക്, പ്രത്യേകിച്ച് പാക്കിസ്ഥാന് പങ്കുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ മറുപടി.
അതേസമയം, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. മുഖ്യ ഉപദേഷ്ടാവായാണ് അദ്ദേഹത്തെ നിയമിച്ചത്. നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യംവിട്ടതോടെയാണ് പുതിയ തലവനെ തീരുമാനിച്ചത്. മറ്റ് അംഗങ്ങളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. ഇടക്കാല സർക്കാരിനെ നയിക്കാൻ തയ്യാറാണെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചു. പ്രക്ഷോഭകർ അർപ്പിച്ച വിശ്വാസത്തിലൂടെ താൻ ആദരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നൽ അബേദിൻ ആണ് ഇടക്കാല സർക്കാരിന്റെ തലവനെ തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദ്യാർഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ, രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, വ്യവസായികൾ എന്നിവർ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."