'സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം' വയനാടിനായി രാഹുല്‍ വീണ്ടും ലോക്‌സഭയില്‍
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം വീണ്ടും ലോക്‌സഭയില്‍ ഉന്നയിച്ച് മുന്‍ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. വയനാടിനായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
'സഹോദരിക്കൊപ്പം ഏതാനും ദിവസം മുമ്പ് ഞാന്‍ വയനാട് സന്ദര്‍ശിച്ചിരുന്നു. വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാന്‍ നേരിട്ട് കണ്ടതാണ്. കേരളത്തിലെ എല്ലാ വിഭാഗക്കാരും വിവിധ ആശയങ്ങള്‍ പിന്തുടരുന്നവരും ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണ്. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം- അദ്ദേഹം പറഞ്ഞു.
വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ളത് ഉള്‍പ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ട് കണ്ടതാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണം ' രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.
ജൂലൈ 31ന് ഉരുള്‍പൊട്ടല്‍ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുല്‍ അന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."