തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും; അബിൻ വർക്കി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദ്ദേശം കേട്ട് കെ.എസ്.യുക്കാരെ അറസ്റ്റുചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലിസുകാരെ തെരുവില്‍ കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അബിന്‍ വര്‍ക്കി പറഞ്ഞത്. തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിക്കുമെന്ന് പറഞ്ഞത്.
കണ്ണൂരില്‍ കെ.എസ്.യുക്കാരെ എസ്എഫ്‌ഐയോടൊപ്പം പൊലിസും വേട്ടയാടുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇറങ്ങും. തെരുവില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അബിന്‍വര്‍ക്കി പറഞ്ഞു. 'കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയും കണ്ണൂര്‍ എസിപി ടികെ രത്‌നകുമാറും കേള്‍ക്കാന്‍ വേണ്ടി തന്നെയാണ് ഈ കാര്യം പറയുന്നത്. പി ശശിയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങളുടെ കുട്ടികളെ അക്രമിച്ചാല്‍ തെരുവില്‍ തിരിച്ചടിക്കും.
ഈ കാര്യത്തില്‍ കേസൊന്നും ഒരു പ്രശ്‌നമല്ല. എപ്പോഴും പി. ശശി കേരളം ഭരിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്ക് വേണ്ട. കണ്ണൂര്‍ പണ്ടത്തെ കണ്ണൂരൊന്നുമല്ലെന്ന് ഓര്‍ക്കണം. ഇവനൊന്നും സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങി വീട്ടിലിരിക്കില്ല' - അബിന്‍ പറഞ്ഞു.'പാര്‍ട്ടി ഓഫിസില്‍ നിന്നും കിട്ടുന്ന നക്കാപ്പിച്ച വാങ്ങി കഴിക്കേണ്ടി വരും. സമരത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന കെ.എസ് യു നേതാവായ അര്‍ജുന്‍ കോറോത്തിനെതിരെ പൊലിസ് വധശ്രമത്തിന് കേസെടുത്തത് ദിവൃ ദൃഷ്ടിയില്‍ കണ്ടതുകൊണ്ടാണോ'- അബിന്‍ ചോദിച്ചു.
പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ എസ്എഫ്‌ഐക്കാര്‍ കെ എസ് യു പ്രവര്‍ത്തകരെ അക്രമിക്കുകയാണ് ഇത് ഇനി കണ്ടു നില്‍ക്കാനാവില്ല. കാംപസുകളില്‍ കെഎസ്‌യുവിന്റെ വസന്തകാലം വരുന്നത് തടയാന്‍ പൊലിസിനെ ഉപയോഗിക്കുകയാണ്. എസ്എഫ്‌ഐയെ രാഷ്ട്രീയമായി ഞങ്ങള്‍ കാലാകാലങ്ങളായി പ്രതിരോധിക്കുന്നുണ്ട്. ഇനി പൊലിസിനെയും തെരുവില്‍ നേരിടുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."