സ്പാം കോളുകളുടെ എണ്ണത്തില്‍ വര്‍ധന: ഡി.എന്‍.ഡി ആപ്പിന്റെ വെര്‍ഷന്‍ പതിപ്പ് ഉടന്‍
കൊല്ലം: സ്പാം കോളുകളും മെസേജുകളും വര്‍ധിച്ച സാഹചര്യത്തില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് ആപ്പിന്റെ (ഡി.എന്‍.ഡി ആപ്) അപ്‌ഡേറ്റഡ് വെര്‍ഷന്‍ പുറത്തിറക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). നിലവിലെ പതിപ്പിനെക്കുറിച്ചുള്ള വിമര്‍ശനത്തെ തുടര്‍ന്നാണ് ആപ് പുറത്തിറക്കുന്നത്. ഇതിന്റെ സാങ്കേതിക സാധ്യതകള്‍ സംബന്ധിച്ച് ട്രായി അധികൃതര്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. അടുത്തവര്‍ഷം മാര്‍ച്ചിന് മുമ്പ് ആപ് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കം ട്രായ് ആരംഭിച്ചുകഴിഞ്ഞു.
രാജ്യത്ത് പ്രതിദിനം അഞ്ച് ദശലക്ഷത്തോളം സ്പാം കോളുകളാണ് വിവിധ ടെലകോം കമ്പനികളുടെ ഉപഭോക്താക്കളെ തേടിയെത്തുന്നത്. ഇതുകൂടാതെ എസ്.എം.എസ്, വാട്‌സ്ആപ്, ടെലഗ്രാം എന്നിവയിലൂടെയും സ്പാം സന്ദേശങ്ങളെത്തുന്നുണ്ട്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റര്‍മാര്‍ക്കെതിരേ 7.9ലക്ഷം പരാതികളാണ് ട്രായിക്ക് ലഭിച്ചത്. ഇതിനെല്ലാം ശാശ്വത പരിഹാരം പുതിയ ഡി.എന്‍.ഡി ആപ്പിലൂടെ സാധ്യമാക്കാനാണ് ട്രായി ലക്ഷ്യമിടുന്നത്.
2016ലാണ് ട്രായി ഡി.എന്‍.ഡി ആപ്പ് പുറത്തിറിക്കിയത്. ശേഷം കാലോചിതമായി ടെക്‌നോളജി വളര്‍ന്നത് അനുസരിച്ച് പല മാറ്റങ്ങളും വരുത്തി. എന്നിട്ടും സ്പാം കോളുകള്‍ തടയുന്നതില്‍ പരാജയമായിരുന്നു. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്പാം കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമേ സാധിക്കൂ. അവ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല. ഉപയോക്താക്കള്‍ നല്‍കുന്ന വിവരം ആപ്പ് ടെലികോം കമ്പനികള്‍ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ ടെലിക്കോം കമ്പനികള്‍ സ്പാം നമ്പറുകള്‍ക്കെതിരേ മുന്നറിയിപ്പും ബ്ലോക്ക് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുക.
ഡി.എന്‍.ഡി ആപ്പിന്റെ പുതിയ വെര്‍ഷനില്‍ ശല്യമാകുന്ന സ്പാം കോളുകളിലും മെസേജുകളും ബ്ലോക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് തന്നെ അനുമതി നല്‍കുന്ന ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കാനാണ് ട്രായിയുടെ ശ്രമം. ഈ ഒപ്ഷന്‍ നിലവില്‍ വന്നാല്‍ ഉപയോക്താക്കള്‍ക്ക് തന്നെ നേരിട്ട് സ്പാം നമ്പറുകള്‍ക്കെതിരേ നടപടി എടുക്കാന്‍ സാധിക്കും.
കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ നമ്പറില്‍ നിന്നുള്ള ശല്യം ഒഴിവാക്കാനും സാധിക്കും. ഇതിലൂടെ അനാവശ്യ വാണിജ്യ ആശയവിനിമയങ്ങളും സ്പാം കോളുകളുടെയും മെസേജുകളുടേയും ശല്യവും ഒരു പരിധിവരെ തടയിടാനാകുമെന്നും ട്രായി വിലയിരുത്തുന്നു. ഇതോടൊപ്പം, ഉപയോക്താക്കള്‍ക്ക് അവര്‍ രജിസ്റ്റര്‍ ചെയ്ത പരാതികളുടെ അപ്‌ഡേറ്റുകള്‍ പരിശോധിക്കാനും ആപ്പിലൂടെ കഴിയും.
സ്പാം കോളുകള്‍ക്ക് എതിരേ ഡി.എന്‍.ഡി ആപ്പില്‍ നിന്ന് നേരിട്ട് നടപടിയെടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിന് സാങ്കേതിക-നിയമ തടസങ്ങള്‍ ഉണ്ടോയെന്ന് ട്രായി പരിശോധിച്ചുവരികയാണ്. പിഴവുകള്‍ ഇല്ലാതെ സ്പാം കോളുകള്‍ പൂര്‍ണമായും തടയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സാങ്കേതിക പരിശോധനകളും നടന്നുവരുന്നുണ്ട്.
അതേസമയം, ട്രായിയുടെ നിര്‍ദേശ പ്രകാരം ടെലകോം കമ്പനികള്‍ ആര്‍ടിഫിഷല്‍ ഇന്റലിജന്റിസിന്റെ സഹായത്തോടെയുള്ള സ്പാം ഫില്‍റ്ററുകള്‍ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം 800ല്‍ അധികം സ്ഥാപനങ്ങളേയും 1.8 ദശലക്ഷത്തിലധികം സ്പാം നമ്പറുകളേയും ബ്ലോക്ക് ചെയ്യാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."