യാത്രയിലുടനീളം കൈകാലുകള്‍ ബന്ധിച്ചു, സ്വതന്ത്രമാക്കിയത് അമൃത്സറില്‍ എത്തിയ ശേഷം' യു.എസ് നാടുകടത്തലിനിടെയുണ്ടായ അനുഭവം വിവരിച്ച് ഇന്ത്യക്കാര്‍
ചണ്ഡിഗഡ്: അനധികൃത കുടിയേറ്റത്തിന്റെ പേരിൽ യു.എസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാർക്കുണ്ടായത് അങ്ങേഅറ്റം ദുരനുഭവമെന്ന് റിപ്പോർട്ട്. വിമാനയാത്രയിൽ ഉടനീളം കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. പഞ്ചാബ് ഗുർദാസ്പൂരിലെ ഹാർദോർവാൽ ഗ്രാമത്തിൽ നിന്നുള്ള ജസ്പാൽ സിങ് ആണ് ഇക്കാര്യം വെളിപെടുത്തിയത്. 104 പേരുമായെത്തിയ സൈനിക വിമാനം അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് കെട്ടഴിച്ചതെന്നും ജസ്പാൽ വ്യക്തമാക്കി. 36കാരനായ ജസ്പാലിനെ ജനുവരി 24നാണ് യു.എസ് ബോർഡർ പട്രോൾ പിടികൂടിയത്.
തന്നെ ഒരു ട്രാവൽ ഏജന്റ് പറ്റിക്കുകയായിരുന്നുവെന്ന് ജസ്പാൽ സിങ് പറയുന്നു. നിയമപരമായ രീതിയിൽ യു.എസിൽ എത്തിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വിസാചട്ടങ്ങൾ പാലിച്ച് യു.എസിലേക്ക് എത്തിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഏജന്റിന് 30 ലക്ഷം രൂപ നൽകി. കഴിഞ്ഞ ജൂലൈയിൽ വിമാന മാർഗം ബ്രസീലിലെത്തി. അവിടെനിന്ന് മറ്റൊരു വിമാനത്തിൽ യു.എസിൽ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ആറ് മാസത്തിനിപ്പുറവും ഏജന്റ് തുടർനടപടികൾക്ക് സഹായിക്കാതിരുന്നതോടെ അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബോർഡർ പട്രോളിന്റെ പിടിയിലായി. 11 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് മടക്കി അയക്കുന്നത്.
നാടുകടത്തപ്പെടുകയായിരുന്നു എന്ന കാര്യം പോലും താൻ അറിഞ്ഞില്ലെന്ന് ജസ്പാൽ പറയുന്നു. മറ്റൊരു ക്യാംപിലേക്ക് മാറ്റുകയാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ പിന്നീടൊരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യയിലേക്ക് അയക്കുകയാണെന്ന് വ്യക്തമാക്കി. ജസ്പാൽ യു.എസിൽ എത്തിയതിനു സമാനമായി, അതിർത്തി വഴി അനധികൃതമായി കടന്നവരാണ് തിരിച്ചയച്ചവരിൽ ഏറെയും.
അതേസമയം പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. തത്സമയം, ട്രംപ് ഭരണകൂടത്തിന്റെ നടപടി മോദി സർക്കാറിന്റെ നയതന്ത്ര പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലേക്ക് തിരിച്ചയച്ചവരിൽ വിവിധ സംസ്ഥാനക്കാരുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ നാടുകടത്തുമെന്നും സൂചനയുണ്ട്. ബുധനാഴ്ച അമൃത്‌സറിൽ എത്തിയവരിൽ 33 വീതം പേർ ഹരിയാന, ഗുജറാത്ത് സ്വദേശികളാണ്. 30 പേർ പഞ്ചാബ് സ്വദേശികളും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവടങ്ങളിൽനിന്നുള്ള മൂന്ന് വീതം പേരും ചണ്ഡിഗഡിൽ നിന്നുള്ള ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
തിരിച്ചെത്തിയവരിൽ 19 വനിതകളാണുള്ളത്. ഒരു നാല് വയസ്സുകാരനും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 13 പേരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."