സഹപാഠികളെ കൊലചെയ്യുന്നത് എസ്.എഫ്.ഐയുടെ മൃഗയാവിനോദമായി മാറി; സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ.സുധാകരന്‍
തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്‌ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്‍ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും എസ്എഫ്‌ഐ ചോരയില്‍ മുക്കി. ബയോടെക്‌നോളജി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ എസ്എഫ്‌ഐയുടെ ഇടിമുറിയിലിട്ട് മര്‍ദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളജില്‍ നടന്നതും അതിക്രൂരമായ റാഗിംഗാണ്. അറസ്റ്റിലായവര്‍ ഇടത് സംഘടനയുടെ ഭാരവാഹികളും എസ്എഫ്‌ഐ പ്രവര്‍ത്തകരുമാണ്. എന്നാല്‍ പതിവുപോലെ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രിനിവാസനെ അടിച്ചുവീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്എഫ്‌ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സിപിഎമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിന്റെ വിത്തുകളാണ്.
സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ 19 ഗുരുതര മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ എസ്എഫ്‌ഐക്കരുടെ ജാമ്യം, തുടര്‍ പഠനം എന്നിവയില്‍ സര്‍ക്കാര്‍ സംരക്ഷണം നല്കിയതുകൊണ്ട് അവര്‍ ഇപ്പോഴും വിലസി നടക്കുന്നു. പിണറായി വിജയന്റെ രണ്ടാം ഭരണമാണ് എസ്എഫ്‌ഐയെ ഇത്രമാത്രം അധഃപതിപ്പിച്ചത്.
സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്‍കുട്ടികള്‍ക്കടക്കം കൊടിയ മര്‍ദ്ദനമാണ് എസ്.എഫ്. ഐയില്‍നിന്നും നേരിടേണ്ടി വന്നത്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ കുട്ടിസഖാക്കള്‍ വിലസുന്നത്. കാമ്പസുകളില്‍ മയക്കുമരുന്നു വ്യാപിക്കുന്നതില്‍ എസ്എഫ്‌ഐയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."