40 വർഷത്തെ ഇന്ത്യയുടെ ലോക റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിന് ഇനി പുതിയ അവകാശികൾ
ഒമാൻ: ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് യുഎസ്എ. ഐസിസി ഏകദിന ലോകകപ്പ് ലീഗ് 2 മത്സരത്തിൽ ഒമാനെതിരെ 122 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് അമേരിക്ക പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 35.3 ഓവറിൽ 122 റൺസിന് പുറത്താവുകയായിരുന്നു എന്നാൽ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഒമാൻ വെറും 65 റൺസിന് പുറത്തായി.
ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ടോട്ടൽ ഡിഫൻഡ് ചെയ്യുന്ന ടീമായി മാറാനും യുഎസ്എക്ക് സാധിച്ചു. ഇതിനുമുമ്പ് വൈറ്റ് ബോൾ ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ടോട്ടൽ ഡിഫൻഡ് ചെയ്ത ടീം ഇന്ത്യയായിരുന്നു. 1985ൽ പാകിസ്താനെതിരെ നടന്ന മത്സരത്തിൽ 125 റൺസ് പ്രതിരോധിച്ചു കൊണ്ടായിരുന്നു ഇന്ത്യ ഈ റെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ നീണ്ട 40 വർഷത്തെ ഈ റെക്കോർഡ് അമേരിക്ക തകർത്തിരിക്കുകയാണ്.
യുഎസ്എയുടെ ബൗളിങ്ങിൽ നോസ്തുഷ് കെഞ്ചിഗെ അഞ്ചു വിക്കറ്റ് നേടി മിന്നും പ്രകടനം ആണ് നടത്തിയത് 7.3 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 11 റൺസ് വിട്ടുനൽകിയാണ് താരം 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. മിലിന്ദ് കുമാർ, യാസിർ മുഹമ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ഹർമീറ്റ് സിങ് ഒരു വിക്കറ്റും നേടി അമേരിക്കയുടെ ഈ ചരിത്ര വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.
ബാറ്റിങ്ങിലും മിലിന്ദ് കുമാർ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. യുഎസ്എയുടെ ബാറ്റിങ്ങിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത് മിലിന്ദ് കുമാറായിരുന്നു 82 പന്തിൽ പുറത്താവാതെ 47 റൺസായിരുന്നു താരം നേടിയിരുന്നത്. ആറ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ബാക്കിയുള്ള താരങ്ങൾക്കൊന്നും 20 റൺസിന് മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."