വെസ്റ്റ്ബാങ്കില്‍ നരവേട്ട ശക്തമാക്കി ഇസ്‌റാഈല്‍; സൈനിക പടയൊരുക്കം, ടാങ്കുകള്‍ വിന്യസിച്ചു, 2000ത്തിന് ശേഷം ആദ്യമായി
തെല്‍അവിവ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആഴ്ചകള്‍ നീണ്ട ആക്രമണം ശക്തമാക്കാന്‍ ഇസ്‌റാഈല്‍. ആഴ്ചകള്‍ നീണ്ടു നില്‍ക്കാന്‍ പോകുന്ന ശക്തമായ ആക്രമണത്തിന് തുടക്കമിടാന്‍ പോവുകയാണെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി വെസ്റ്റ്ബാങ്കില്‍ സൈനിക പടയൊരുക്കം നടത്തുകയാണ് ഇസ്‌റാഈല്‍. യുദ്ധടാങ്കുകള്‍ പലയിടങ്ങളിലായി വിന്യസിച്ചു. കഴിഞ്ഞ ദിവസം ഇസ്‌റാഈലില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. സൈനികരുമായി ആക്രമണ പദ്ധതി ചര്‍ച്ച ചെയ്യുകയും ചെയ്തു. അടുത്ത വര്‍ഷം വരെ ഇവിടെ സൈന്യത്തെ നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 20 വര്‍ഷത്തിന് ശേഷം ആദ്യമായാമ് വെസ്റ്റ് ബാങ്കില്‍ ഇത്രയും ശക്തമായ സൈനിക നീക്കം ഇസ്‌റാഈല്‍ നടത്തുന്നത്. ജെനിന്‍ നഗരത്തിന്റെ ചുറ്റിലുമാണ് ഇസ്‌റാഈല്‍ ടാങ്കുകളെ വിന്യസിച്ചിട്ടുള്ളത്. ഈ നീക്കത്തെ ഫലസ്തീന്‍ അതോറിറ്റി അപലപിച്ചു.
വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപുകളില്‍ തുടരുന്നതിന് തയാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റായേല്‍ കട്‌സ് പറഞ്ഞു. ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമൊഴിപ്പിച്ച ജെനിന്‍, തുല്‍കരം, നൂര്‍ ശംസ് എന്നീ അഭയാര്‍ഥി ക്യാംപുകളാണിത്.
മൂന്നു അഭയാര്‍ഥി ക്യാംപുകളും പൂര്‍ണമായി ഒഴിപ്പച്ചതാണ്. ഇവിടങ്ങളില്‍ നിന്ന് 40,000 പേരെയാണ് ഒഴിപ്പിച്ചത്. ക്യാംപുകളില്‍നിന്ന് ഒഴിഞ്ഞുപോയ ഫലസ്തീനികള്‍ തിരികെയെത്താന്‍ അനുവദിക്കരുതെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായും ഇസ്‌റായേല്‍ കട്‌സ് പറഞ്ഞു. ഇവിടെ വരും വര്‍ഷങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം അധീനതയിലാക്കുമെന്നും പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.
വെസ്റ്റ്ബാങ്കിലെ ആക്രമണം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഇസ്‌റാഈലിനെതിരായ സായുധപോരാട്ടത്തിന്റെ കോട്ടയായ ജെനിനിലേക്ക് ടാങ്കുകള്‍ അയക്കുകയാണെന്നുമാണ് സൈന്യം ഞായറാഴ്ച വ്യക്തമാക്കിയത്. ജനുവരിയില്‍ ഗസ്സയിലെ വംശഹത്യാ യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിലേക്ക് നയിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് രണ്ടുദിവസത്തിനു ശേഷം തന്നെ ജെനിന്‍ നഗരത്തിനു നേരെ ഇസ്‌റാഈല്‍ അതിക്രമവും മനുഷ്യക്കുരുതിയും ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 51 പേര്‍ കൊല്ലപ്പെട്ടു. മൂന്നു ഇസ്‌റാഈല്‍ സൈനികരും തിരിച്ചടിക്കിടെ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം ഇസ്‌റാഈലില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബസുകളില്‍ സ്‌ഫോടനമുണ്ടായിരുന്നു. ഇത് തീവ്രവാദി ആക്രമണമാണെന്നാണ് ഇസ്‌റാഈല്‍ ആരോപിക്കുന്നത്. അതേസമയം, ബന്ദി വിഷയത്തിലെ ശ്രദ്ധ തിരിച്ചു വിടാന്‍ ഇസ്‌റാഈല്‍ തന്നെ നടത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ച് ഇസ്‌റഈലി എഴുത്തുകാര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."